നമുക്ക് നമ്മുടെ റബ്ബുണ്ട്
നസീമ വാടാനപ്പള്ളി
2026 ജനുവരി 24, 1447 ശഅ്ബാൻ 05

പതിവുപോലെ അവളും അവളുടെ നല്ല പാതിയും ദഅ്‌വത്തിനായുള്ള യാത്രയിലായിരുന്നു. ആ യാത്രകളിൽ അവർ ദുനിയാവിന്റെ നഷ്ടവും ലാഭവും നോക്കാറില്ലായിരുന്നു. കാരണം, ഒന്ന് പ്രബോധനം വീഥിയിലാണ്. രണ്ട് അവരുടെതായ നർമസല്ലാപങ്ങളുടെ സ്വകാര്യയിടങ്ങൾ കൂടിയായിരുന്നു ആ യാത്രകൾ. എന്നിരുന്നാലും ചില ഫോൺവിളികൾ അവരുടെ സമയം പിടിച്ചെടുക്കാറുണ്ടായിരുന്നു. വേദനയുടെയും പ്രയാസങ്ങളുടെയും മാറാപ്പുകൾ ഇറക്കിവെച്ച് തെല്ലൊരാശ്വാസത്തിനായി ദീനിന്റെയിടങ്ങൾ തേടി പലരും അവളെ തേടിയെത്തുമായിരുന്നു.
അന്നും യാത്രക്കിടെ ഒരു കോൾ വന്നു. സംസാരിച്ചു കഴിഞ്ഞപ്പോൾ തന്റെ നല്ല പ#ാതിയോടായി അവൾ പറഞ്ഞു: “ഒന്ന് കേട്ടുകൊടുത്താലെങ്കിലും ഒരാശ്വാസം കിട്ടുമവർക്ക്. അതിനു സഹകരിക്കുന്ന നിങ്ങൾക്കും റബ്ബ് പ്രതിഫലം തരട്ടെ.’’
അവൾ പറഞ്ഞു നിർത്തിയതും അദ്ദേഹം തുടങ്ങിവെച്ചു: “പിന്നേയ് എന്റെ ടീച്ചർ പെണ്ണേ, എന്റെ വിഷമം കേൾക്കാൻ നീയുണ്ട്. പലരുടെയും വിഷമം കേൾക്കാൻ, സമാധാനിപ്പിക്കാൻ നിനക്കാവുന്നുണ്ട്. പക്ഷേ, നിന്റെ വിഷമം നീയാരോട് പറയും പെണ്ണേ?’’
‘അതിനല്ലേ എനിക്കീ നല്ല പാതി’യെന്നു കേൾക്കാനാണവൻ കൊതിച്ചതെങ്കിലും അവളുടെ മറുപടി മറ്റൊന്നായിരുന്നു: “എനിക്കെന്റെ റബ്ബുണ്ട്. എന്റെതു മാത്രമല്ല, എല്ലാവരുടെയും പ്രയാസങ്ങൾ പറയാനും അത് കേൾക്കാനും അറിയാനും ഉത്തരം നൽകാനും കഴിവുള്ള എന്റെ റബ്ബ്. എനിക്കെന്റെ റബ്ബു മതി.’’ ഓട്ടോയുടെ പിൻസീറ്റിലിരിക്കുകയായിരുന്ന അവൾ പതിയെ അവന്റെ ചെവിയിൽ ഒരു നുള്ളു കൊടുത്തു.
“സമ്മതിച്ചേ...നീയും നിന്റെ റബ്ബും’’ എന്ന് അയാൾ പറഞ്ഞപ്പോൾ അവൾ തിരുത്തി: “നമ്മുടെ റബ്ബ്, നമുക്ക് നമ്മുടെ റബ്ബുണ്ട്... അൽഹംദുലില്ലാഹ്.’’

