ആഭാസങ്ങളുടെ അരങ്ങാകുന്ന വിവാഹവേദി
നസീമ വാടാനപ്പള്ളി
2026 ജൂൺ 27, 1448 മുഹർറം 12

മനുഷ്യന്റെ വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ കെട്ടുറപ്പിനും സുരക്ഷിതത്വത്തിനും വംശവർധനവിനുമൊക്കെയായി ഇസ്‌ലാം നിശ്ചയിച്ച ഒന്നാണ് വിവാഹം. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇത് കേവലം ചടങ്ങ് മാത്രമല്ല; സ്രഷ്ടാവായ റബ്ബിനെ അനുസരിക്കുന്ന ഇബാദത്ത് കൂടിയാണ്.
ഇസ്‌ലാമിലെ വിവാഹം വളരെ ലളിതമായ ഒരു ചടങ്ങാണ്. വധുവിനെ ഏറ്റെടുക്കുന്ന വരൻ വധുവിന്റെ രക്ഷിതാവിനോട് അല്ലാഹുവിന്റെ നാമത്തിൽ സാക്ഷികളുടെ സാന്നിധ്യത്തിൽ നടത്തുന്ന ദൃഢമായ ഒരു കരാറാണ് നികാഹ്. സാമ്പത്തിക ശേഷിക്കനുസരിച്ച് വിവാഹസദ്യ നൽകുകയുമാകാം. പവിത്രമായ ആ കർമത്തിൽ മതവിരുദ്ധമായ ഒരു ആചാരവും കടന്നുകൂടാതിരിക്കാൻ ശ്രമിക്കേണ്ടവരാണ് വിശ്വാസികൾ. എന്നാൽ ഇന്ന് വിവാഹരംഗം പലവിധ ആഭാസങ്ങളാൽ ദുഷിച്ചുപോയിരി ക്കുന്നു. അത് പൊങ്ങച്ചത്തിന്റെയും പത്രാസിന്റെയും ധൂർത്തിന്റെയും പ്രതീകമായി മാറിക്കൊണ്ടിരിക്കുകയാണ്.
എല്ലാ രംഗത്തും ഇതരസമുദായങ്ങൾക്ക് ഉത്തമ മാതൃക കാണിക്കേണ്ട ഒരു മതത്തിന്റെ അനുയായികൾ വിവാഹരംഗത്ത് പലവിധ കോപ്രായങ്ങളും കാട്ടി മതത്തെ പരിഹസിക്കാനുള്ള അവസരമൊ രുക്കുകയാണ് ചെയ്യുന്നത്. നിക്കാഹിനു മുമ്പുതന്നെ ഇന്ന് ആഘോഷങ്ങൾ പൊടിക്കുകയാണ്. നിക്കാഹിലൂടെയല്ലാതെ ഒരു പുരുഷന് ഒരു സ്ത്രീ അനുവദനീയമാവുകയില്ല എന്നിരിക്കെ വിവാഹമുറപ്പിച്ചതിന്റെ പേരും പറഞ്ഞ് ‘സേവ് ദി ഡേറ്റ്’ വീഡിയോ നിർമിക്കാൻ കൈകോർത്ത് ക്യാമറക്കു മുമ്പിൽ പാടത്തും പറമ്പിലുമൊക്കെ കറങ്ങുകയാണ്. അഭിമാനത്തോടെ വീഡിയോയും ഫോട്ടോകളും സ്റ്റാറ്റസും റീലുമൊക്കെ ആക്കുകയാണ്.
മൂന്നും നാലും അഞ്ചും ദിവസങ്ങൾ നീണ്ടുനിൽക്കുന്നതാണ് ഇന്ന് പലരുടെയും കല്യാണങ്ങൾ; പല പേരുകളിൽ അറിയപ്പെടുന്ന കല്യാണങ്ങൾ! ആ ദിവസങ്ങളിലൊക്കെയും കല്യാണപ്പെണ്ണിനും കുടുംബക്കാർക്കും പ്രത്യേകം പ്രത്യേകം ഡ്രസ്സുകളാണ്. ഫോട്ടോഷൂട്ട് എന്ന പേരിൽ ഒരു അന്യ പുരുഷന്റെ മുമ്പിൽ ഏതു വിധേനയും നിന്നുകൊടുക്കുന്ന ആഭാസത്തിന് എന്ത് പേരാണ് വിളിക്കേണ്ടത്? സ്റ്റേജിൽ വെച്ച് വീഡിയോക്കുവേണ്ടി വട്ടംകറക്കലും
കെട്ടിപ്പിടിക്കലും നടക്കുന്നു. ഒരു പ്രദർശന വസ്തുവായി തന്റെ ഇണയെ മാറ്റാൻ ഒരു ലജ്ജയുമില്ലാത്ത വരൻ! സ്റ്റേജിൽ നടക്കുന്ന മറ്റ് ആഭാസങ്ങൾ വിവരണാതീതമാണ്. പാട്ടും ഒപ്പനയും ഡാൻസും ഗാനമേളയും എന്തിനേറെ ഡിജെ പാർട്ടികൾ വരെ ഇന്ന് ചില കല്യാണങ്ങളിൽ കാണാം.
ഒരു സാധു കുടുംബത്തിലെ കുട്ടിയുടെ നിക്കാഹിന് രണ്ടു ദിവസം മുമ്പ്, അടുത്ത പരിചയമുള്ളതിനാൽ ഒരു സൗഹൃദ സന്ദർശനത്തിനു പോയി. ചെന്നപ്പോൾ ആ വീട്ടിൽ ഏതാനും സ്ത്രീകൾ മാത്രമെ ഉണ്ടായിരുന്നുള്ളൂ. കല്യാണപ്പെണ്ണിനെ തിരക്കിയപ്പോൾ ‘ഇന്ന് രംഗോളിയല്ലേ, ഫോട്ടോ ഷൂട്ടിന് പുറത്തുപോയിരിക്കുന്നു’ എന്നായിരുന്നു മറുപടി. മൈലാഞ്ചിക്കല്യാണം ഇന്നലെ കഴിഞ്ഞു എന്നും വിശദീകരണം കേട്ടു. ‘നിങ്ങൾ അങ്ങോട്ടേക്ക് വരുന്നില്ലേ, ഇന്ന് എല്ലാവർക്കും പച്ച ഡ്രസ്സാണ്’-വളരെ ആവേശത്തോടെ അവർ പറഞ്ഞു. ഇല്ലെന്ന മറുപടിയിൽ ചിലർ നെറ്റിചുളിച്ചു.
ഇത്തരം ആഭാസങ്ങൾക്ക് ന്യൂജനറേഷനെ പഴിപറഞ്ഞ് രക്ഷപ്പെടാൻ രക്ഷിതാക്കൾക്ക് കഴിയുമോ? കരിമരുന്നു പ്രയോഗവും ജെസിബിയിലും മറ്റും വധൂവരന്മാരെ ആനയിക്കലും അടക്കം എന്തെല്ലാം തോന്ന്യാസങ്ങളാണ് നടക്കുന്നത്! അതിലൊക്കെ എന്താ പ്രശ്‌നം, കുട്ടികൾ സന്തോഷിക്കട്ടെ എന്ന് വളരെ ലാഘവത്തോടെ പറയുന്ന കാരണവൻമാരുമുണ്ട് എന്നതാണ് സങ്കടകരം. തെറ്റ് ചുണ്ടിക്കാട്ടു ന്നവർ പരിഹസിക്കപ്പെടുകയും ചെയ്യുന്നു.

