യഥാർഥ പ്രശ്‌നക്കാരൻ ആര്?
ദുൽക്കർഷാൻ അലനല്ലൂർ
2026 ജനുവരി 10, 1447 റജബ് 21

ജീവിതത്തിൽ പല അവസരങ്ങളിലും നമുക്ക് ദേഷ്യം വരാറുണ്ട്. അത് മനുഷ്യന്റെ പ്രകൃതത്തിൽ പെട്ടതാണ്. ദേഷ്യം വരുന്നതിന് പിന്നിൽ പല കാരണങ്ങളുമുണ്ടായിരിക്കും. പലരുടെയും ദേഷ്യം ശമിക്കാറുള്ളത് മറ്റുള്ളവരുടെയോ സ്വന്തത്തിന്റെ തന്നെയോ നാശത്തിലോ നഷ്ടത്തിലോ തീരാദുഃഖത്തിലോ ഒക്കെയായിരിക്കും.
കോപം വന്നാൽ മിക്കയാളുകളും ചുറ്റുമുള്ളതെല്ലാം മറക്കും. കോപം തീരുന്നതുവരെ വായിൽ വന്നത് പറഞ്ഞും കയ്യിൽ കിട്ടിയത് നശിപ്പിച്ചുംകൊണ്ടേയിരിക്കും. കോപം ശമിച്ച് കഴിഞ്ഞാലോ പറഞ്ഞതിന്റെയും പ്രവർത്തിച്ചതിന്റെയും പേരിൽ കുറ്റബോധവും ദുഃഖവും അവനെ വേട്ടയാടുകയും ചെയ്യും. ഇവിടെയാണ് ‘കോപത്തിന്റെ തുടക്കം ഭ്രാന്തും ഒടുക്കം ദുഃഖവുമായിരിക്കും’ എന്ന പ്രവാചക വചനത്തിന്റെ പ്രസക്തി. എത്രമാത്രം സത്യമാണ് പ്രവാചകന്റെ ഈ തിരുമൊഴി!
‘മനുഷ്യൻ ദുർബലനായിക്കൊണ്ടാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്’ എന്ന് അല്ലാഹു വിശുദ്ധ ക്വുർആനിലൂടെ (4:28) അറിയിച്ചിട്ടുണ്ട്.
ദുർബലനായ മനുഷ്യൻ സഹിക്കാൻ കഴിയാത്തത് കാണുകയോ കേൾക്കുകയോ ചെയ്യുമ്പോൾ സ്വാഭാവികമായും ദേഷ്യപ്പെടും. ചിലപ്പോൾ അക്രമം കാണിച്ചുകൊണ്ട് പ്രതികരിക്കും. പ്രവാചകൻﷺ പറഞ്ഞു: ‘മല്ലയുദ്ധത്തിൽ ജയിക്കുന്നവനല്ല ശക്തൻ; എന്നാൽ കോപം വരുമ്പോൾ പിടിച്ചുവെക്കുന്നവനാണ് ശക്തൻ.’
ദേഷ്യം വരാനുള്ള സാഹചര്യങ്ങൾ പലതാണ്. കുടുംബവുമായി കഴിയുന്ന ഒരാൾക്ക് തന്റെ ഇഷ്ടങ്ങളെ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാത്തവളോ തന്നെ അനുസരിക്കാത്തവളോ ആയ ഭാര്യയോട് ദേഷ്യം വരാം. തന്നെ മനസ്സിലാക്കുകയും തന്റെ ആവശ്യങ്ങൾ നിർവഹിച്ച് തരാതിരിക്കുകയും ചെയ്യുന്ന ഭർത്താവിനോട് ഭാര്യക്കും ദേഷ്യം വരാം. മാതാപിതാക്കൾക്ക് അനുസരണക്കേട് കാണിക്കുകയും തെറ്റു ചെയ്യുകയും ചെയ്യുന്ന മക്കളോട് ദേഷ്യം വരാം. സഹോദരങ്ങൾക്ക് പരസ്പരം ഇടപാടുകളോ വാക്ക് തർക്കങ്ങളോ ഉണ്ടാകുമ്പോൾ ദേഷ്യം വരാം. കൂട്ടുകാർക്കിടയിൽ കളി-വിനോദങ്ങൾക്കിടയിൽ ദേഷ്യം വരാം. സമയ ബന്ധിതമായി ജോലി ചെയ്തുതീർക്കാത്തതിന്റെ പേരിൽ മേലുദ്യോഗസ്ഥന് കീഴുദ്യോഗസ്ഥനോട് ദേഷ്യം തോന്നാം. എപ്പോഴും വഴക്കിടുകയും പ്രയാസപ്പെടുത്തുകയും ചെയ്യുന്ന മേലുദ്യോഗസ്ഥനോട് കീഴുദ്യോഗസ്ഥനും ദേഷ്യം തോന്നാം. സ്വന്തം പാർട്ടിയിലെ അനുയായികൾ എതിർപാർട്ടിയെ സപ്പോർട്ട് ചെയ്യുന്നു എന്നു തോന്നിയാൽ പാർട്ടി നേതാവിന് അണികളോട് ദേഷ്യം തോന്നാം. ഇങ്ങനെ വ്യത്യസ്ത കാരണങ്ങൾകൊണ്ട് സമൂഹത്തിലെ നാനാതുറയിലുള്ളവർക്ക് തങ്ങളുമായി ഇടപഴകുന്നവരോട് ദേഷ്യം തോന്നാം.
ദേഷ്യം വരുമ്പോൾ എന്താണ് ഒരു മുസ്‌ലിം ചെയ്യേണ്ടത്? അസഭ്യം പറയലോ ശപിക്കലോ മറ്റുള്ളവരെ അക്രമിക്കലോ സാധന സാമഗ്രികൾ-വിലപിടിപ്പുള്ളതോ അല്ലാത്തതോ ആകട്ടെ-നശിപ്പിക്കലോ ആണോ? ഇതെല്ലാമാണ് ചെയ്യുന്നതെങ്കിൽ ഒടുവിൽ വലിയ ദുഃഖമായിരിക്കും അവനുണ്ടായിരിക്കുക. കാരണം നശിപ്പിച്ചതും ചെയ്തതും പറഞ്ഞതും തിരിച്ചെടുക്കാൻ കഴിയില്ല. ‘സോറി’ പറഞ്ഞ് തൽക്കാലം രക്ഷപ്പെടാൻ സാധിച്ചേക്കാം. എന്നാൽ അത് മറ്റുള്ളവരുടെ മനസ്സിലുണ്ടാക്കിയ മുറിവ് അത്ര പെട്ടെന്നൊന്നും ഉണങ്ങില്ല.
ഡോ.മുഹമ്മദ് അൽഅരീഫി തന്റെ ‘ഇസ്തംതിഅ് ബി ഹയാതിക’ എന്ന ഗ്രന്ഥത്തിൽ ഒരു കഥ വിവരിക്കുന്നുണ്ട്. അത് ഇപ്രകാരമാണ്:
“ജനങ്ങളോട് ഹൃദ്യമായി പെരുമാറാനറിയാത്ത, വളരെ മോശം സ്വഭാവക്കാരനായിരുന്ന ഒരു മാനേജരുടെ സെക്രട്ടറിയായി ജോലിചെയ്യുകയായിരുന്ന ഒരാൾ. മാനേജർ അയാൾക്ക് സാധിക്കാത്തത്ര ജോലി ഭാരം അടിച്ചേൽപിക്കുമായിരുന്നു. ഒരിക്കൽ മാനേജർ സെക്രട്ടറിയെ വിളിച്ചു. അയാൾ ഹാജരായി.
“ശരി, എന്താണു വേണ്ടത്? പറഞ്ഞാലും!’
“ഞാൻ നിന്റെ ഓഫീസ് നമ്പറിൽ വിളിച്ചു. നീ പ്രതികരിച്ചില്ല’’-അയാൾ അട്ടഹസിച്ചു.
“ക്ഷമിക്കണം, ഞാൻ അടുത്ത ഓഫീസിലായിരുന്നു’’-സെക്രട്ടറി വിനയത്തോടെ ബോധിപ്പിച്ചു.
“എപ്പോഴും സോറി, സോറി... ഈ കടലാസ് റിപ്പയർ സെക്ഷനിൽ കൊടുത്ത് വേഗം തിരിച്ചുവാ’’- അയാൾ ആജ്ഞാപിച്ചു.
സെക്രട്ടറി അസ്വസ്ഥനായി ആ കടലാസ് റിപ്പയർ വിഭാഗം തലവന് കൊണ്ടുപോയി കൊടുത്തു.
“ഇതുവേഗം ശരിയാക്കണം’’-അയാൾ പറഞ്ഞു.
സെക്രട്ടറിയുടെ ശൈലി റിപ്പയർ വിഭാഗം തലവനെ അലോസരപ്പെടുത്തി.
“ശരി, അത് അതിന്റെ ശരിയായ സ്ഥലത്ത് വയ്ക്കുക’’-അയാൾ പറഞ്ഞു.
“ശരിയായ സ്ഥാനത്തോ അസ്ഥാനത്തോ വെച്ചാലും വേഗം ശരിയാക്കണം’’- സെക്രട്ടറി പ്രതിവചിച്ചു. അവർ രണ്ടുപേരും ഉച്ചത്തിൽ വാഗ്വാദം നടത്തി. സെക്രട്ടറി തന്റെ ഓഫീസിലേക്ക് തിരിച്ചുപോയി.
രണ്ടുമണിക്കൂറിന് ശേഷം, റിപ്പയർ സെക്ഷനിലെ ഒരു കീഴ്ജീവനക്കാരൻ തന്റെ മേധാവിയുടെ അടുത്തെത്തി. തന്റെ കുട്ടികളെ സ്‌കൂളിൽനിന്ന് എടുത്ത് തിരിച്ചുവരാമെന്ന് പറഞ്ഞു.
“നിങ്ങൾ എന്നും പുറത്തുപോകുന്നു’’-അയാൾ ഒച്ചയിട്ടു.
“ഞാനിത് വർഷങ്ങളായി തുടരുന്ന കാര്യമാണ്. നിങ്ങൾ ആദ്യമായാണ് എതിർപ്പ് പ്രകടിപ്പിക്കുന്നത്’’- അയാൾ പറഞ്ഞു.
“പറഞ്ഞത് കേട്ടാൽ മതി. ഓഫീസിലേക്ക് പോ’’-മേധാവി ഗർജിച്ചു.
മേധാവിയുടെ ശൈലികേട്ട് അമ്പരന്ന് പാവം തന്റെ ഓഫീസിലേക്കുപോയി. മക്കളെ വീട്ടിലെത്തിക്കാൻ ആരെയെങ്കിലും കിട്ടുമോ എന്നന്വേഷിച്ചു. പലർക്കും ഫോൺ ചെയ്യാൻ തുടങ്ങി. പാവം കുട്ടികൾ കുറേ സമയം പുറത്തുനിന്ന് വെയിലു കൊണ്ടു. അവസാനം ഒരു അധ്യാപകൻ അവരെ വീട്ടിലെത്തിച്ചു.
ഈ ജീവനക്കാരൻ രോഷാകുലനായി വീട്ടിൽ തിരിച്ചെത്തി. അദ്ദേഹത്തിന്റെ കൊച്ചുമകൻ ഒരു കളിപ്പാട്ടവുമായി വന്നു. ഇതെനിക്ക് അധ്യാപകൻ സമ്മാനിച്ചതാണെന്ന് പറയാൻ തുനിഞ്ഞപ്പോഴേക്കും ‘ഉമ്മയോടു പോയി പറഞ്ഞോ’ എന്നു പറഞ്ഞു കുട്ടിയെ പിടിച്ചുതള്ളി!
കുട്ടി കരഞ്ഞുകൊണ്ട് ഉമ്മയുടെ അടുത്തേക്ക് പോയി. പതിവുപോലെ തന്റെ കാലിൽ തലോടാനായി സുന്ദരിപ്പൂച്ച അവന്റെ അടുത്തേക്ക് വന്നു. അവൻ കാലുകൊണ്ട് അതിനെ തൊഴിച്ചു. അത് ചുവരിൽചെന്നു പതിച്ചു.
ഇനി ചോദിക്കട്ടെ; പൂച്ചയെ തൊഴിച്ചതാര്?
ഈ കഥയിൽനിന്ന് നമുക്ക് മനസ്സിലാക്കാം; പാവം പൂച്ചയെ തൊഴിക്കാനുള്ള കാരണത്തിന്റെ തുടക്കം ഓഫീസ് മാനേജരിൽ നിന്നാണെന്ന്. അദ്ദേഹം കൊളുത്തിവിട്ടത് കലാശിച്ചത് പാവം പൂച്ചയിലാണ്. ഇങ്ങനെയാണ് കാര്യങ്ങൾ.
കോപം വരുമ്പോൾ അത് തിരിച്ചറിയാനും സ്വയം നിയന്ത്രിക്കാനും നാം പഠിക്കുകയും ശ്രമിക്കുകയും വേണം. കോപം പിശാചിൽ നിന്നാണെന്നും പിശാച് തീയിൽ നിന്നാണെന്നും അതുകൊണ്ട് നിങ്ങൾ കോപം വരുമ്പോൾ വുദൂഅ് ചെയ്യുക; കാരണം വെള്ളം തീയിനെ അണക്കും എന്നൊക്കെ പ്രവാചക വചനങ്ങളിൽ വന്നിട്ടുണ്ട്. അതുപോലെ തന്നെ കോപിക്കുന്നവൻ നിൽക്കുകയാണെങ്കിൽ ഇരിക്കണമെന്നും ഇരിക്കുകയാണെങ്കിൽ കിടക്കണെമന്നും തിരുമൊഴികളിലുണ്ട്.
കോപം കാരണത്താൽ നാശനഷ്ടങ്ങളുണ്ടാവുകയും ബന്ധങ്ങൾ തകരുകയും ചെയ്യുന്ന അവസ്ഥ നമ്മുടെ ജീവിത്തിൽ ഉണ്ടാകരുത്. സ്വയം നിയന്ത്രിച്ചും കാര്യബോധമുള്ളവരായും ക്ഷമയവലംബിച്ചും പ്രതികരിച്ചുനോക്കൂ; അതിന്റെ പ്രതിഫലനം അത്ഭുതപ്പെടുത്തുന്നതായിരിക്കും.
തിരുതത്
1. നേർപഥം വാരിക, വാള്യം 10, ലക്കം 02ൽ വന്ന ‘യഥാർഥ പ്രശ്‌നക്കാരൻ ആര്’ എന്ന ലേഖനത്തിൽ, ‘കോപത്തിന്റെ തുടക്കം ഭ്രാന്തും ഒടുക്കം ദുഃഖവുമായിരിക്കും’ എന്ന വാചകം പ്രവാചക വചനം എന്ന നിലയിൽ ഉദ്ധരിച്ചിരുന്നു. ഇത് പ്രവാചകനിൽ നിന്നും സ്ഥിരപ്പെട്ടു വന്നിട്ടില്ല. അലി(റ)വിന്റെ വാചകമായി പറയപ്പെടാറുണ്ട്. എന്നാൽ അതും സ്വഹീഹായ റിപ്പോർട്ടുകളിൽ വന്നിട്ടില്ല. അറബികൾക്കിടയിൽ പറയപ്പെടുന്ന ഒരു ആപ്തവാക്യമാണ് ഇത് എന്നതാണ് കൂടുതലായി അറിയാൻ സാധിച്ചത്. എഴുത്തിനിടയിൽ അബദ്ധം സംഭവിച്ചതിന് വായനക്കാരോട് ക്ഷമ ചോദിക്കുന്നു. അല്ലാഹുവിനോട് പൊറുക്കലിനെ തേടുന്നു.
2. ഇതേ ലേഖനത്തിൽ അവസാന ഭാഗത്ത്, സൗദി അറേബ്യയിലെ, പ്രഭാഷണ രംഗത്ത് തന്റെതായ മികവ് പുലർത്തിയ ഡോ.മുഹമ്മദ് അബ്ദുറഹ്‌മാൻ അൽഅരീഫിയുടെ ‘ഇസ്തംതിഅ് ബി ഹയാത്തിക’ എന്ന പുസ്തകത്തിലെ ചെറിയ ഒരു ഭാഗം എടുത്തുനൽകിയിട്ടുണ്ട്. സലഫി മൻഹജിൽനിന്നും വ്യതിയാനം സംഭവിക്കുകയും സലഫി ഉലമാക്കളുടെ വിമർശനത്തിന് വിധേയമാവുകയും ചെയ്ത വ്യക്തിയും, സൗദി ഭരണകൂടത്തിനെതിരിൽ തീവ്ര ചിന്താഗതിയോടുകൂടി സംസാരിച്ചതിന്റെ പേരിൽ ജയിലിൽ അടക്കപ്പെടുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം. മേൽ പറയപ്പെട്ട ഗ്രന്ഥത്തിൽ സ്വഭാവ രംഗത്ത് മനുഷ്യരിലുള്ള ദൂഷ്യങ്ങളെ ചൂണ്ടിക്കാണിച്ച് അതിനൊരു സൈക്കോളജി തലത്തിൽ നിന്നുള്ള ഉപദേശങ്ങളിലൂടെ മനുഷ്യമനസ്സുകളിൽ പോസിറ്റീവ് ചിന്താഗതി കൊണ്ടുവരുന്ന രചനയായതുകൊണ്ട് മാത്രമാണ് ഈയുള്ളവൻ അത് ഇതിനുമുമ്പും ചില ലേഖനങ്ങളിൽ ഇദ്ദേഹത്തിന്റെ വാക്കുകൾ ഉൾപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ആദർശമോ ചിന്താഗതിയോ പിന്തുടരാനോ അതിനെ അംഗീകരിക്കാനോ അഹ് ലുസ്സുന്നത്തി വൽജമാഅത്തിന്റെ വക്താവായ ഒരാൾക്ക് പാടില്ലതന്നെ.
- ദുൽക്കർഷാൻ അലനല്ലൂർ

