ആപ്പിലാക്കുന്ന ലോണുകൾ
നബീൽ പയ്യോളി
2026 ജൂൺ 06, 1447 ദുൽഹിജ്ജ 21

സാമ്പത്തിക തട്ടിപ്പുകളുടെ വലയിലാകുന്നവരുടെ എണ്ണം ദിനേന കൂടിവരികയാണ്. എവിടെയും വില്ലൻ പണം തന്നെ! ആരും ആർക്കും ഒരു നയാപൈസ വെറുതെ കൊടുക്കുകയില്ല. ദാനധർമങ്ങളും മറ്റും മാറ്റിനിർത്തിയാൽ നമുക്ക് പൊതുവെ ഉണ്ടാകേണ്ട തിരിച്ചറിവാണിത്.
സാമ്പത്തിക ഇടപാടുകൾ മനുഷ്യനെ വല്ലാതെ ബാധിക്കുന്ന ഒരു മേഖലയാണ്. വരവിനനുസരിച്ച് ചെലവ് നിയന്ത്രിക്കാനും അൽപം മിച്ചംവയ്ക്കാനും ശീലിക്കുക എന്നതാണ്് പരിഹാരം. ആധുനിക സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി വരവിനെക്കാൾ കൂടുതലുള്ള ചെലവുകളാണ്. ചുറ്റുമുള്ള മായാവലയത്തിൽ പെട്ട് ആവശ്യം, അത്യാവശ്യം, അനാവശ്യം എന്ന വേർതിരിവില്ലാതെ എല്ലാം വാങ്ങിക്കൂട്ടുകയും അത് ജീവിതം തന്നെ ദുസ്സഹമാകും വിധം ദുരിതക്കയത്തിൽ ചെന്ന് പതിക്കുകയും ചെയ്യുന്ന കാഴ്ച നിരന്തരം നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. സാമ്പത്തിക അച്ചടക്കം ഏറ്റവും പ്രധാനമാണ്. അത് കുട്ടികളെ പരിശീലിപ്പിക്കാനും കുടുംബത്തെ അതിനനുസരിച്ച് പാകപ്പെടുത്താനും കുടുംബനാഥന്മാർ ജാഗ്രത കാണിക്കേണ്ടതുണ്ട്.
ദരിദ്രരും ധനികരും പണക്കാരും പണിക്കാരും പട്ടിണിപ്പാവങ്ങളുമൊക്കെ നമുക്ക് ചുറ്റുമുള്ള യാഥാർഥ്യങ്ങളാണ്. നമ്മൾ എങ്ങനെ ഇങ്ങനെയായി എന്ന ചോദ്യത്തിനുത്തരം നമ്മോട് ചോദിക്കാതെ നമ്മെ സൃഷ്ടിച്ച സർവലോക രക്ഷിതാവിന്റെ തീരുമാനം എന്നതാണ് ഉത്തരം. അവൻ തന്നെയാണ് നമ്മുടെ സാമ്പത്തികാവസ്ഥയും തീരുമാനിക്കുന്നത്.
സാമൂഹ്യമാധ്യമങ്ങളുടെ അതിപ്രസരം തീർത്ത മായാലോകത്തെ പ്രകടനപരതയാണ് ഒരുപരിധി വരെ സാമ്പത്തിക ചൂഷണങ്ങളുടെ വലയിലേക്ക് എടുത്തുചാടാൻ കാരണമാകുന്നത്. സ്വന്തത്തെകുറിച്ചുള്ള ബോധ്യത്തിൽനിന്നാണ് നാം തുടങ്ങേണ്ടത്. ഒരു മെഡിക്കൽ റിപ്പോർട്ടിലോ കുതിച്ചെത്തുന്ന മലവെള്ളപ്പാച്ചിലിലോ ചീറിപ്പാഞ്ഞുവരുന്ന വാഹനത്തിലോ ജീവിതം മാറിമറിഞ്ഞേക്കാം. അതുകൊണ്ട്തന്നെ നാളെ അടച്ചുതീർക്കാം, നൽകാം എന്ന് കരുതി സാമ്പത്തിക ബാധ്യതകൾ ഉണ്ടാക്കിവെക്കുന്നത് സ്വന്തത്തിന് മാത്രമല്ല കുടുംബത്തിനും വലിയ പ്രതിസന്ധികൾ സൃഷ്ടിക്കും. ചുറ്റുപാടുകളിലേക്ക് കണ്ണോടിച്ചാൽ നമുക്കത് ബോധ്യമാവും.
വീട്, വാഹനം, വിദ്യാഭ്യാസം, വിവാഹം എന്നിങ്ങനെ അനിവാര്യമായി ജീവിതത്തിന്റെ ഭാഗമായി വരുന്ന സാഹചര്യങ്ങളെ സ്വയം തിരിച്ചറിവോടെ കൈകാര്യം ചെയ്യണം. ഓൺലൈൻ വ്യാപാരത്തിന്റെ പരസ്യപ്പെരുമഴയിൽ വീണ് ഇ.എം.ഐ എന്ന ഓമനപ്പേരിൽ പലതും വാങ്ങിക്കൂട്ടുന്നവർ സ്വയം നാശം വിളിച്ചുവരുത്തുകയാണ് ചെയ്യുന്നത്. ആവശ്യമുള്ള സാധനങ്ങൾ കൃത്യമായ ആലോചനയോടെയും ആസൂത്രണത്തോടെയുമാണ് വാങ്ങേണ്ടത്. എല്ലാം വാങ്ങിക്കൂട്ടുന്ന സംസ്‌കാരം നല്ലതല്ല.
പണം അദ്ധ്വാനിച്ച് നേടേണ്ടതതാണ്, അത് ഹലാലുമായിരിക്കണം. പലിശയിലേക്ക് പോകാൻ നമുക്ക് അനുമതിയില്ല. അത് വാങ്ങാനും കൊടുക്കാനും പാടില്ല. തവണവ്യസസ്ഥയിൽ കിട്ടുമെന്നു കരുതി വൻതുകക്ക് ആവശ്യമില്ലാത്തതുപോലും വാങ്ങുന്നത് അവസാനിപ്പിക്കണം.
ഉള്ളവർ അതിനനുസരിച്ച് ചെലവഴിക്കട്ടെ; ധൂർത്ത് പാടില്ല. മറ്റുള്ളവർ അതിൽ അസൂയപ്പെടുകയോ ആശങ്കപ്പെടുകയോ വേണ്ട. സാമ്പത്തിക ബാധ്യതകളില്ലാതെ സ്വസ്ഥമായി ഉറങ്ങാൻ കഴിയുക എന്നത് വലിയ സൗഭാഗ്യമാണ്. ഉള്ളതുകൊണ്ട് തൃപ്തിപ്പെടാനും അതിനനുസരിച്ച് ജീവിതം ക്രമീകരിക്കാനും വിശ്വാസികൾക്ക് സാധിക്കണം.

