തിരഞ്ഞെടുപ്പ് ഫലം: കേരളം നൽകുന്ന പാഠങ്ങൾ

ടി.കെ അശ്‌റഫ്

(ജനറൽ സെക്രട്ടറി, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ)

2026 മെയ് 09, 1447 ദുൽഖഅദ് 21

കേരളമെന്നല്ല, ഇന്ത്യയാകെ ഉറ്റുനോക്കിയിരുന്നതായിരുന്നു കേരള നിയമസഭാ തിരഞ്ഞെടുപ്പു ഫലം. എങ്ങോട്ടാണ് ഫലം ചായുക എന്നത് സാധാരണക്കാർക്കടക്കം ഏറെക്കുറെ ഉറപ്പായിരുന്നു. അതുതന്നെയാണ് സംഭവിച്ചിട്ടുള്ളത്. ഈ തിരഞ്ഞെടുപ്പു ഫലത്തിലൂടെ കേരളീയ പൊതുസമൂഹം നൽകുന്ന ചില സന്ദേശങ്ങളുണ്ട്. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉൾക്കൊള്ളേണ്ടതാണ് ആ സന്ദേശങ്ങൾ.

1) വിദ്വേഷ രാഷ്ട്രീയത്തിന് സ്ഥാനമില്ല: സോഷ്യൽ എൻജിനീയറിങ് എന്ന പേരിൽ ഗ്ലോറിഫൈഡ് വർഗീയതയും വിദ്വേഷവും പടർത്താൻ ആര് ശ്രമിച്ചാലും കേരളീയർ അത് തള്ളിക്കളയും. വികസനം പോലെത്തന്നെ ജനങ്ങൾക്കിടയിലെ സൗഹൃദാന്തരീക്ഷത്തിനാണ് മലയാളികൾ മുൻഗണന നൽകുന്നത്.

2) മതനിരപേക്ഷതയുടെ വിജയം: വിജയങ്ങളെ വെറും ‘മതപരമായ ഏകീകരണ’മായി വിലയിരുത്തുന്നത് തെറ്റാണ്. ഇത് കേരളത്തിലെ മതേതര മനസ്സുകളുടെ ഐക്യമാണ്. ഇതിനെ വർഗീയമായി വ്യാഖ്യാനിക്കുന്നത് നന്ദികേടാണ്.

3) ഫാഷിസ്റ്റുകൾ നേട്ടം ഉണ്ടാക്കിയതിന്റെ കാരണം: തീവ്ര ഭൂരിപക്ഷ വർഗീയതയെ അകറ്റി നിർത്തിയ വേലിക്കെട്ടുകൾ മതനിരപേക്ഷ കക്ഷികളുടെ തെറ്റായ സമീപനങ്ങൾകൊണ്ട് അവർ തന്നെ തകർക്കുന്നതും അവരുടെതന്നെ വോട്ടുകൾ ഫാഷിസ്റ്റുകളിലേക്ക് ഒഴുകുന്നതും ഗൗരവപൂർവം വിലയിരുത്തപ്പെടണം. മതനിരപേക്ഷ കക്ഷികൾ അവരവരുടെ രാഷ്ട്രീയാദർശങ്ങളിൽ വെള്ളം ചേർക്കാതെ ഫാഷിസ്റ്റുകൾക്കെതിരെ ശക്തമായ രാഷ്ട്രീയ പോരാട്ടം നടത്തി ഭാവിയിൽ അവർക്ക് കൂടുതൽ സീറ്റുകൾ ഇല്ലാത്ത തലത്തിലേക്ക് കേരളത്തെ എത്തിക്കട്ടെ.

4) ധാർമ്മിക മൂല്യങ്ങളുടെ സംരക്ഷണം: കുടുംബ സംവിധാനത്തിന്റെ അടിത്തയിളക്കുന്ന ആശയങ്ങൾ ഭരണകൂടം വഴി അടിച്ചേൽപിക്കാൻ ശ്രമിച്ചാൽ ജനം ഇനിയും പ്രതികരിക്കും. ഇതിനെ ചോദ്യം ചെയ്യുന്ന വരെ ‘അപരിഷ്‌കൃതർ’ എന്ന് മുദ്രകുത്തുന്ന രീതി തിരുത്തപ്പെടണം.

5) വിനയമുള്ള അധികാരം: ജനങ്ങളുടെ വികാരങ്ങളെ മാനിക്കണം. ധിക്കാരത്തിന്റെ ഭാഷയ്ക്ക് ജനാധിപത്യത്തിൽ തിരിച്ചടിയുണ്ടാകും. വിമർശനങ്ങളെ പോസിറ്റീവായി ഉൾക്കൊള്ളാൻ ഭരണാധികാരികൾക്ക് കഴിയണം.

6) ആത്മപരിശോധന അനിവാര്യം: കൂടുതൽ സീറ്റുകൾ ലഭിക്കുന്നത് ആത്മവിമർശനത്തിനുള്ള തടസ്സമാകരുത്. വിജയം അഹങ്കാരത്തിലേക്കും സ്വയം ഓഡിറ്റ് ചെയ്യാനുള്ള കഴിവുകേടിലേക്കും നയിക്കരുത്.

7) ഇസ്‌ലാമോഫോബിയ തിരിച്ചടിയാകും: ഇസ്‌ലാംഭീതി പടർത്തിയോ ഒരു വിഭാഗത്തെ അപരവൽക്കരിച്ചോ രാഷ്ട്രീയനേട്ടം കൊയ്യാമെന്ന് ആരും കരുതേണ്ടതില്ല. അത്തരം നീക്കങ്ങളെ കേരളം അവജ്ഞയോടെ തള്ളും.

8) മാധ്യമങ്ങളുടെ ഉത്തരവാദിത്തവും നിരീക്ഷകരുടെ കപടമുഖവും: ന്യൂസ് റൂമുകളിൽ നടത്തുന്ന വർഗീയ ചേരിതിരിവ് ചർച്ചകളല്ല യഥാർഥ ജനഹിതം. ജനങ്ങളുടെ പ്രശ്‌നങ്ങളിൽനിന്ന് വഴിതിരിച്ചുവിടുന്ന ഇത്തരം പ്രവണതകൾ മാധ്യമങ്ങൾ അവസാനിപ്പിക്കണം. ന്യൂനപക്ഷഭീതി പടർത്താൻ ശ്രമിക്കുന്ന ചില ‘രാഷ്ട്രീയ നിരീക്ഷകരെ’ ജനം തിരിച്ചറിഞ്ഞിരിക്കുന്നു. ആർക്കുവേണ്ടിയോ കുഴലൂതുന്ന ഇവരുടെ വിലയിരുത്തലുകൾക്ക് കേരളീയർക്കിടയിൽ പ്രസക്തിയില്ല.

9) സോഷ്യൽ മീഡിയയിലെ ‘വ്യാജ’ ലോകം: കമന്റ് ബോക്‌സുകളിലെ അതിവൈകാരികതയും വിദ്വേഷവും പലപ്പോഴും വ്യാജ ഐഡികളിൽ നിന്ന് വരുന്നതാണ്. അത് കേരളത്തിന്റെ യഥാർഥ നിലപാടല്ല.

10) ഉത്തരവാദിത്തമുള്ള മുന്നേറ്റം: ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ഈ പാഠങ്ങൾ ഉൾക്കൊള്ളണം. പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ കണിശത കാണിക്കണം. സമാധാനാന്തരിക്ഷമുള്ള, മതേനിരപേക്ഷ കേരളത്തിനായി നമുക്ക് ഒന്നിച്ചു മുന്നേറാം.