ഈ മൗനം അപകടം
അബൂ തൻവീൽ
2026 സെപ്തംബർ 05, 1448 റബീഉൽ അവ്വൽ 23
وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ ٱلْمُنكَرِ
“നിങ്ങളിൽ നിന്ന് നന്മയിലേക്ക് ക്ഷണിക്കു കയും സദാചാരം കൽപിക്കുകയും തിന്മ വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം ഉണ്ടായിരിക്കട്ടെ’’
ഒരു വിശ്വാസി എന്ന നിലയിൽ ഒരു തിന്മയും ചെയ്യാതെ, നമസ്കാരവും നോമ്പും മറ്റു ആരാധനാകർമങ്ങളും ചെയ്ത്, സമൂഹത്തിലെ മറ്റു കാര്യങ്ങളിലൊന്നും ഇടപെടാതെ ജീവിച്ചാൽ ജീവിതം ലക്ഷ്യത്തിലെത്തിച്ചേരുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? യഥാർഥത്തിൽ, സ്വയം തിന്മകളിൽ നിന്നകന്നു ജീവിക്കുകയെന്നത് മാത്രമാണോ വിശ്വാസിയുടെ കടമ?
തിന്മ ചെയ്യാതിരിക്കുക മാത്രമല്ല; തിന്മ സമൂഹത്തിൽ വ്യാപിക്കുമ്പോൾ അതിനെതിരെ ഉത്തരവാദിത്തത്തോടെ നിലകൊള്ളുകയും നന്മയിലേക്ക് ക്ഷണിക്കുകയും ചെയ്യുകയെന്നത് വിശ്വാസിയുടെ ബാധ്യതയാണ്. പ്രബോധനപ്രവർത്തനത്തിന്റെ അടിസ്ഥാന ഉത്തരവാദിത്തത്തെ വളരെ ശക്തമായി ഓർമിപ്പിച്ചുകൊണ്ട് അല്ലാഹു പറയുന്നു: “അവർ ചെയ്തിരുന്ന തിന്മയിൽനിന്ന് പരസ്പരം വിലക്കിയിരുന്നില്ല. അവർ ചെയ്തുകൊണ്ടിരുന്നത് എത്ര മോശമായിരുന്നു!’’ (ക്വുർആൻ 5:79).
ബനൂ ഇസ്റാഈലിലെ ചിലരുടെ അനുസരണക്കേടും അതിക്രമവും പരാമർശിച്ച ശേഷമാണ് അല്ലാഹു ഇങ്ങനെ പറഞ്ഞത്. ‘തിന്മ ചെയ്യുന്നവരാകരുത്’ എന്നതോടൊപ്പം ‘തിന്മ നടക്കുമ്പോൾ മൗനം പാലിക്കുന്നവരാകരുത്’ എന്നുകൂടി ഈ സൂക്തം നമ്മെ ബോധ്യപ്പെടുത്തുന്നു.
നന്മയിലേക്ക് ക്ഷണിക്കുകയും തിന്മയിൽനിന്ന് വിലക്കുകയും ചെയ്യുക എന്നത് മുസ്ലിം സമൂഹത്തിന്റെ പ്രധാന ഉത്തരവാദിത്തമാണ്. അല്ലാഹു പറയുന്നു: “നിങ്ങളിൽ നിന്ന് നന്മയിലേക്ക് ക്ഷണിക്കു കയും സദാചാരം കൽപിക്കുകയും തിന്മ വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം ഉണ്ടായിരിക്കട്ടെ’’ (3:104).
ഒരു കുടുംബത്തിൽ തെറ്റുകൾ കണ്ടിട്ടും ആരും ഉപദേശിക്കുന്നില്ലെങ്കിൽ ആ കുടുംബത്തിന്റെ മൂല്യങ്ങൾ തകരും. ഇനി അതല്ല സ്ഥാപനത്തിൽ തെറ്റുകൾ കണ്ടിട്ടും ആരും പ്രതികരിക്കുന്നില്ലെങ്കിൽ ആ തെറ്റ് ആ സംവിധാനത്തിന്റെ ഭാഗമായി മാറും. ഒരു സമൂഹത്തിൽ അധാർമികത കണ്ടിട്ടും എല്ലാവരും മൗനം പാലിച്ചാൽ തിന്മയ്ക്ക് സാമൂഹിക അംഗീകാരം ലഭിക്കുകയെന്ന വലിയ അപകടത്തിലേക്കാണ് എത്തിച്ചേരുക.
പ്രബോധനത്തിന്റെ ലക്ഷ്യം ആളുകളെ വിമർശിക്കുക എന്നതല്ല; അവരെ നന്മയിലേക്ക് കൊണ്ടുവരിക എന്നതാണ്.
പ്രവാചകൻﷺ പറഞ്ഞു: “നിങ്ങളിൽ ആരെങ്കിലും ഒരു തിന്മ കണ്ടാൽ അതിനെ തന്റെ കൈകൊണ്ട് തടുക്കട്ടെ. അതിനു കഴിയില്ലെങ്കിൽ നാവുകൊണ്ട്. അതിനും കഴിയില്ലെങ്കിൽ ഹൃദയംകൊണ്ട്...’’(മുസ്ലിം).
കഴിവും സാഹചര്യവും അനുസരിച്ച് തിന്മക്കെതിരെ ഉത്തരവാദിത്തപരമായി നിലകൊള്ളണം എന്നതാണ് ഈ നബിവചനം പഠിപ്പിക്കുന്നത്. പ്രബോധനത്തിന്റെ മർമം മനസ്സിലാക്കിയ ഒരു പ്രബോധകൻ ഒരാളിൽ തെറ്റു കണ്ടാൽ പരിഹസിക്കില്ല, തെറ്റു ചെയ്യുന്നവനെ അപമാനിക്കില്ല, സ്വന്തം മേന്മ പ്രകടിപ്പിക്കില്ല; പകരം തിരുത്താനുള്ള വാതിൽ തുറക്കും.
ഈയൊരു ദൗത്യമേറ്റെടുക്കുന്നവർ ആദ്യം ചെയ്യേണ്ടത് സ്വന്തം ജീവിതം മാതൃകാപരമാക്കുക എന്നതാണ്. അല്ലാഹു ചോദിക്കുന്നു: “നിങ്ങൾ ജനങ്ങളോടു നന്മ കൽപിക്കുകയും നിങ്ങളെത്തന്നെ മറക്കുകയും ചെയ്യുന്നുവോ?’ (2:44).
