പ്രശ്ന പരിഹാരം എന്താണ്?
നസീമ വാടാനപ്പള്ളി
2026 സെപ്തംബർ 12, 1448 റബീഉൽ ആഖിർ 01

ഇന്ന് സമൂഹത്തിൽ എമ്പാടും പ്രശ്നങ്ങളാണ്. പ്രശ്നപരിഹാരത്തിന് നെട്ടോട്ടമോടുന്നവരാണ് ചുറ്റുമുള്ളത്. പല പ്രശ്നങ്ങളുടെയും പരിഹാരത്തിനായി നിയമത്തിനുമേൽ നിയമങ്ങൾ വന്നിട്ടും പലപ്പോഴും പ്രശ്നങ്ങൾ സങ്കീർണമാകുന്ന വിരോധാഭാസവും നാം കാണുന്നു. കാരണമറിഞ്ഞ് ശരിയായ ചികിത്സ നൽകുമ്പോഴേ അത് ഫലപ്പെടുകയുള്ളൂ.
ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം താൻ ജീവിക്കുന്ന സമൂഹത്തിലെ പ്രശ്നങ്ങൾ അവന്റെകൂടി പ്രശ്നങ്ങളായിരിക്കും. നബിﷺ പ്രവാചകത്വത്തിനു മുമ്പുതന്നെ തന്റെ ജനതയിലെ അധാർമികതകൾ കണ്ടു വേദനിച്ചിരുന്നു. അവിടുത്തെ പാത പിന്തുടരേണ്ടവരാണ് നമ്മൾ.
ഇന്ന് മുസ്ലിം സമുദായത്തിനിടയിൽ തന്നെ ഒട്ടേറെ അഭിപ്രായ വ്യത്യാസങ്ങളും വിഭാഗീയതകളും പ്രശ്നങ്ങളുമുണ്ട് എന്നത് യാഥാർഥ്യമാണ്. തൗഹീദിന്റെ വിളംബരമുൾക്കൊള്ളുന്ന ബാങ്കുവിളിയുയരുന്ന പള്ളികളിൽ പോലും ക്വബ്റുകൾ കെട്ടിപ്പൊക്കി അതിനകത്ത് മറമാടപ്പെട്ടവരോടു പ്രാർഥിക്കുന്നു, അവരുടെ തൃപ്തിക്കായി നേർച്ച വഴിപാടുകൾ നടത്തുന്നു. ഓണവും ക്രിസ്മസും നബിദിനവും പെരുന്നാളുമെല്ലാം എന്തെന്ന് ഇന്നും തിരിഞ്ഞിട്ടില്ലാത്ത മുസ്ലിം ഉമ്മത്ത്! തൗഹീദും ശിർക്കും തിരിയാത്ത, സുന്നത്തും ബിദ്അത്തും മനസ്സിലാകാത്ത വിഭാഗത്തോട് ആത്മീയ ചൂഷണങ്ങളെക്കുറിച്ചു പറഞ്ഞിട്ട് എന്തു ഫലം? നബിദിനാഘോഷം അനാചാരമാണെന്ന് വ്യക്തമാക്കിക്കൊടുക്കുന്തോറും വാശി തീർക്കും പോലെ അത് ഓരോ വർഷവും കൊഴുപ്പുകൂട്ടി ആഘോഷിക്കുകയാണ്. കല്യാണങ്ങൾ കോപ്രായങ്ങളുടെ വേദിയായി മാറുന്നു.
എവിടെയാണ് പ്രശ്നം?
തട്ടമിട്ട പെൺകുട്ടി തട്ടമിടാൻ കൽപിച്ച റബ്ബിനെ തിരിച്ചറിഞ്ഞിട്ടില്ല. ബഹുദൈവാരാധനയിൽ അധിഷ്ഠിതമായ ആഘോഷങ്ങളുടെ ഭാഗമായി മാറുന്ന വിശ്വാസിക്കറിയില്ല അത് പ്രവാചകൻﷺ വിലക്കിയതാണെന്ന്. മക്വ്ബറകളിൽ ചെന്ന് ആഗ്രഹ സഫലീകരണത്തിനായി തേടുന്നവർ മരിച്ചവർ കേൾക്കില്ലെന്ന സത്യം അറിയാത്തവരോ കേൾക്കുമെന്നും അതിവേഗത്തിൽ ഉത്തരം ലഭിക്കുമെന്നും പറഞ്ഞു പറ്റിക്കപ്പെട്ടവരൊ ആയേക്കാം.
ഏറ്റവും വലിയ അജ്ഞത സ്രഷ്ടാവിനെക്കുറിച്ചുള്ള അജ്ഞതയാണ് എന്നതിൽ തർക്കമില്ല. ഈ ഒരു അജ്ഞതക്കുമേൽ ജീവിക്കുന്ന മുസ്ലിം സമുദായത്തെ കണ്ടിട്ടാണ് ഇതരമതസ്ഥർ ഇസ്ലാമിനെ മനസ്സിലാക്കുന്നത് എന്ന കാര്യം ഓർക്കുക.
“അല്ലാഹുവെ കണക്കാക്കേണ്ട മുറപ്രകാരം അവർ കണക്കാക്കിയിട്ടില്ല. തീർച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു’’ (ക്വുർആൻ 22:74). ഇതാണ് പ്രശ്നത്തിന്റെ മൂലകാരണം. സ്രഷ്ടാവിനെ അറിയേണ്ടതു പോലെ അറിയണം. എങ്കിലേ മതത്തിന്റെ വിധിവിലക്കുകൾ പാലിച്ചു ജീവിക്കാൻ കഴിയൂ. അല്ലാഹു കൽപിക്കുന്നു: “ആകയാൽ അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ലെന്ന് നീ മനസ്സിലാക്കുക’’ (ക്വുർആൻ 47:19).
മുസ്ലിം സമുദായത്തിന് ഈ തിരിച്ചറിവ് അന്യമായിരിക്കെ എങ്ങനെ മക്വ്ബറകൾ ആരാധനാ കേന്ദ്രങ്ങളാകാതിരിക്കും? എങ്ങനെ ഹറാമുകളിൽനിന്നും അകലം പാലിക്കും? നബിﷺ 23 വർഷത്തെ പ്രബോധന മാർഗത്തിൽ കൂടുതലായും പഠിപ്പിച്ചത് അല്ലാഹുവിനെക്കുറിച്ചും പരലോകത്തെക്കുറിച്ചുമായിരുന്നു. അല്ലാഹുവിനെക്കുറിച്ചുള്ള ദൃഢബോധ്യമാണ്, അവന്റെ കൽപനകളെക്കാൾ വലുതായി മറ്റൊന്നില്ല എന്ന തിരിച്ചറിവിലേക്ക് സ്വഹാബത്തിനെ എത്തിച്ചത്.
