സൂഫി വിവാദം സമുദായത്തിനു നൽകുന്ന മുന്നറിയിപ്പുകൾ

ടി.കെ അശ്‌റഫ്

(ജനറൽ സെക്രട്ടറി, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ)

2026 ഒക്ടോബർ 24, 1448 ജമാദുൽ അവ്വൽ 13

ഫാറൂഖ് കോളേജും സൂഫിസവും മുസ്‌ലിം പെൺകുട്ടികളും ഇപ്പോൾ സമൂഹമധ്യത്തിൽ സജീവ ചർച്ചാവിഷയങ്ങളാണ്. ഈ ചർച്ച പല തലങ്ങളിലേക്ക് വികസിച്ചുകഴിഞ്ഞു. സമുദായത്തിനകത്ത് സംഭവിക്കുന്നത്, മുസ്‌ലിം മാനേജ്‌മെന്റുകളുടെ സമീപനം, നേതാക്കളുടെ നിലപാടുകൾ എന്നിവയെല്ലാം ഇന്ന് ചർച്ചയാകുന്നുണ്ട്.

ഏതെങ്കിലും സ്ഥാപനത്തിന്റെയോ വ്യക്തികളുടെയോ മാത്രം വിഷയമായി ഈ ചർച്ചകൾ ചുരുക്കപ്പെടാതെ, വിഷയത്തിന്റെ ആഴങ്ങളിലേക്ക് പ്രവേശിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ-നവോത്ഥാന പരിശ്രമങ്ങളുടെ ഗുണഫലം അനുഭവിക്കുന്ന സമുദായം സ്വത്വബോധത്തെപ്പറ്റി ഉണർന്നുയർന്നു ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ദീർഘവീക്ഷണത്തോടെ അബുസ്സബാഹ് അഹ്‌മദലി മൗലവി അസ്തിവാരമിട്ട ഫാറൂഖ് കോളേജിലെ സുവോളജി ക്ലാസിൽ ഒരു അധ്യാപിക നിരന്തരം സ്വന്തം ആശയങ്ങൾ അടിച്ചേൽപിക്കുന്നതായി വിദ്യാർഥികൾ പ്രിൻസിപ്പാളിന് പരാതി നൽകുകയുണ്ടായി. സമുദായത്തിന്റെ പുരോഗതിക്കായി മുൻഗാമികൾ തങ്ങളുടെ മതപരമായ ബാധ്യതയായിക്കണ്ട് നിർമിച്ച ഒരു സ്ഥാപനത്തിൽ ക്ലാസ്‌മുറികളിൽവച്ച് വിശ്വാസങ്ങൾ അപഹസിക്കപ്പെടുക എന്നത് നിസ്സാരമല്ല.

‘നിരീശ്വരവാദിയാവാതെ നിങ്ങൾക്ക് ശാസ്ത്രം പഠിക്കാനാവില്ല’ എന്നു പറയുന്നത് മതവിശ്വാസത്തിന്റെ ഭാഗമായി വഖ്ഫും ഹദിയയും സ്വരൂപിച്ചുണ്ടാക്കിയ കോളജിൽ വെച്ചാണ്! നിഖാബ് ധരിച്ചു വന്ന കുട്ടികളെ പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നതും, സ്വർഗ-നരക വിശ്വാസങ്ങളെ പരിഹസിക്കുന്നതും മുൻഗാമികൾ സ്വർഗം ലക്ഷ്യംവച്ചുണ്ടാക്കിയ കലാലയത്തിലാണ്! അവിടെ ഈ അടിച്ചേൽപിക്കലുകൾക്കെതിരെ പരാതിപ്പെടാൻ പോലും ഭൂരിപക്ഷം കുട്ടികളും ഭയപ്പെടുന്ന സാഹചര്യ മുണ്ടാകുന്നു! ഇത് എത്രമേൽ ദുഃഖകരമാണ്!

അരാജക ജീവിതത്തിന് ആശയാടിത്തറ പാകുന്ന ലിബറൽ വാദികളോട് മുഖം തിരിഞ്ഞുനിൽക്കാനും ആശയപരമായി പോരാടാനും കരുത്താർജിച്ച പ്രതിഭകൾ ഇന്ന് മുസ്‌ലിം സമുദായത്തിലുണ്ട്. മൂല്യച്യുതി സംഭവിച്ചവരും സമുദായത്തിലുണ്ട് എന്നതും വസ്തുതയാണ്.

മുസ്‌ലിംകളുടെ വിവാഹങ്ങളിൽ നടക്കുന്ന (അടച്ചാക്ഷേപിക്കുകയല്ല) കൈവിട്ട കളികൾ തടയാൻ ഇന്ന് ആരുണ്ട്? മുസ്‌ലിം സമുദായം പ്രമാണങ്ങളില്ലാത്ത വെറും ആൾക്കൂട്ടമായി മാറിയാൽ മതിയെന്ന ആഖ്യാനം വരുന്നു. അത്തരക്കാർ പണ്ഡിതന്മാരെ പരിഹസിക്കുന്നു. സമുദായ നേതാക്കളാൽ അത്തര ക്കാർ പരസ്യമായി ആദരിക്കപ്പെടുന്നു! യൂറോപ്പ് ചവച്ചുതുപ്പിയ ചണ്ടികൾ ‘പുരോഗമനത്തിന്റെ’ പേരിൽ ഇവിടെ എഴുന്നള്ളിക്കപ്പെടുന്നു! ‘നല്ല മുസ്‌ലിം,’ ‘ചീത്ത മുസ്‌ലിം’ ബൈനറി രൂപപ്പെടുത്താൻ ശ്രമങ്ങൾ നടത്തുന്നു. മതനിഷ്ഠ പുലർത്തുന്നതിനെ ‘തീവ്രത’യായി ബ്രാൻഡ് ചെയ്യാൻ ശ്രമിക്കുന്നു...

ഇവിടെ പ്രധാന ചോദ്യമിതാണ്: ഈ അവസ്ഥക്ക് മാറ്റമുണ്ടാകേണ്ടതില്ലേ? മാറ്റത്തിന് ആധാരമാക്കേണ്ടത് ഇസ്‌ലാമിക പ്രമാണങ്ങളെയോ അതോ പൊതുബോധത്തെയോ? ക്വുർആനും ഹദീസും സച്ച രിതരായ മുൻഗാമികളുടെ വഴിയിൽ സ്വീകരിക്കണോ അതോ ഓരോരുത്തരുടെയും തോന്നലിനനുസരിച്ച് വ്യാഖ്യാനം നൽകി സ്വീകരിക്കണോ? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താത്തപക്ഷം; കെട്ടിയിട്ട വഞ്ചി തുഴയുന്നതു പോലെയാകും അവസ്ഥ!

ഭൗതികത അണികളെയല്ല; നേതാക്കളെയാണ് കൂടുതൽ ബാധിച്ചിരിക്കുന്നത്. ‘എന്റെ മതം ശരി യാണെ’ന്ന് പറയുന്ന ആത്മാർഥതയെ ‘വിഘടനവാദ’മെന്ന് ബ്രാൻഡ് ചെയ്യുന്ന പൊതുബോധം തിരുത്താൻ എത്ര നേതാക്കളുണ്ട്? ‘മതപ്രബോധനം വിദ്വേഷമാണ്’ എന്ന വാദത്തെ ആരെതിർക്കുന്നു? സ്ഥാപനങ്ങളിലെ ആഭാസങ്ങൾക്കു തടയിടാൻ ആർക്കു സാധിക്കുന്നു? വഖ്ഫ് സ്ഥാപനങ്ങളിൽ നടക്കുന്ന പേക്കൂത്തുകളിൽ ആര് പ്രതികരിക്കുന്നു?

ക്രൈസ്തവ സ്ഥാപനങ്ങൾ എയ്ഡഡ് ആണെങ്കിലും അവിടെ യേശുവിന്റെയും കന്യാമറിയമിന്റെയും രൂപങ്ങൾ വെക്കുന്നു, പ്രാർഥന നടത്തുന്നു. അവരത് മാറ്റാറുമില്ല. എന്നാൽ ഇസ്‌ലാമിനെ പരിഹസി ക്കാൻ സ്വന്തം സ്ഥാപനങ്ങൾ തുറന്നുകൊടുക്കുന്ന തലത്തിലേക്ക് മുസ്‌ലിം മാനേജ്‌മെന്റുകൾ പലതും തകർന്നടിഞ്ഞിരിക്കുന്നു! ആരുണ്ട് കൈപിടിച്ചുയർത്താൻ?

ബോധമുള്ളവർ പോലും മൂകസാക്ഷികളാണ്. എതിർത്താൽ പൊതുബോധ ‘പുരോഗമനത്തിൽ’ നിന്ന് പുറത്താകുമെന്ന് ഭയക്കുന്നു. തിരുത്താൻ വരുന്നവർക്കെതിരെ അവിവേകത്തിന്റെ ടാഗ് ഇറക്കുകയും ചെയ്യുന്നു!

പൊതുസമൂഹം ആശയക്കുഴപ്പത്തിലാണ്. മുസ്‌ലിംകളിൽ ‘ചിലർക്കു മാത്രമെ പ്രശ്‌നമുള്ളൂ’ എന്ന ആഖ്യാനം വരുന്നു. ഇസ്‌ലാമിക അസ്തിത്വം കാത്തുസൂക്ഷിക്കുന്നത് ‘തീവ്രത’യായി മുദ്രകുത്തപ്പെടുമോ എന്ന ഭീതി വേട്ടയാടപ്പെടുന്നു.

ഇവിടെ ലക്ഷണങ്ങൾക്കല്ല; അടിസ്ഥാന കാരണത്തിനാണ് ചികിത്സ വേണ്ടത്. സൂഫിസവും ലിബറലിസവും വരുന്നത് ഭൗതികതയിൽനിന്നും അല്ലാഹുവിനെക്കുറിച്ചുള്ള അറിവില്ലായ്മയിൽനിന്നും മതനിഷേധത്തിൽനിന്നുമാണ്. ചില്ലകൾക്കല്ല; വേരിനാണ് ചികിത്സ വേണ്ടത് എന്നർഥം! നമ്മുടെ മുന്നിൽ രണ്ടു വഴികൾ മാത്രം: ഒന്നുകിൽ പ്രമാണങ്ങൾ സച്ചരിതരുടെ മാർഗത്തിൽ ഉൾക്കൊണ്ട് മുന്നോട്ട് പോവുക. അല്ലാത്തപക്ഷം ഈ പോക്ക് ഇസ്‌ലാമിൽനിന്ന് പുറത്തേക്കുള്ള വഴിയായി മാറുമെന്നു തിരിച്ചറിഞ്ഞ് അതിൽതന്നെ ഉറച്ചുനിൽക്കുക.

സമുദായം അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ

• അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കെത്തന്നെ ഭൗതികതയിൽ മുങ്ങുന്ന സമുദായത്തെ രക്ഷി ക്കാൻ സമുദായനേതൃത്വം അടിയന്തരമായി ഒരുമിച്ച് മുന്നോട്ടു പോകണം.

• സംഘടനാ വ്യത്യാസമില്ലാതെ മുസ്‌ലിം മാനേജ്മെന്റുകൾ കൂടിയിരുന്ന് ഇപ്പോഴത്തെ പ്രതിസന്ധികൾക്ക് പരിഹാരം കാണാനുള്ള മാർഗങ്ങൾ തേടണം.

• മഹല്ല് കമ്മിറ്റികൾ ഈ വിഷയം ചർച്ച ചെയ്യാൻ തയ്യാറാകണം. മഹല്ല് നിവാസികൾ അതിനായി സമ്മർദം ചെലുത്തണം.

• മുകളിൽനിന്ന് ഉത്തരവു വരട്ടെ എന്നു കാത്തിരിക്കാതെ പ്രാദേശികമായി ഒരുമിച്ച് ആലോചനകളും മുന്നേറ്റങ്ങളും തുടങ്ങണം.

• വഖ്ഫ് ഭൂമികളിൽ അനിസ്‌ലാമികമായ ഒന്നും അടിച്ചേൽപിക്കാൻ അനുവദിക്കില്ലെന്ന നിർബന്ധ ബുദ്ധി സമുദായത്തിനുണ്ടാകണം.

• പുതിയ കാലത്തെ തെറ്റായ ആശയങ്ങളെ പ്രതിരോധിക്കാൻ മദ്‌റസാ സിലബസുകൾ പരിഷ്‌കരിക്കണം.

• അധ്യാപകരും മാനേജ്‌മെന്റും സംഘടനകളും ചേർന്ന് അറബിക് കോളേജുകളിൽ ധാർമിക സംസ്‌കാരം തിരികെ കൊണ്ടുവരാൻ ശ്രമിക്കണം.

• വിവാഹരംഗത്തെ ആർഭാടം-മറ്റു അനിസ്‌ലാമിക പ്രവണതകൾ, സാമ്പത്തിക തട്ടിപ്പുകൾ, ലൈം ഗികചൂഷണം, വേഷത്തിലും സംസ്‌കാരത്തിലുമുള്ള അരുതായ്മകൾ എന്നിവ സമുദായത്തിൽ തുറന്ന് ചർച്ച ചെയ്യപ്പെടണം.

• അകത്തും പുറത്തും തിരുത്തലുകൾ വേണം. പുറത്ത് തിരുത്താൻ എളുപ്പമാണ്, അകം ശരിയാകണമെന്നു മാത്രം. അതിന് നാം തയ്യാറാണോ? ഉപരിപ്ലവമായ ആരോപണ പ്രത്യാരോപണങ്ങൾ കൊണ്ട് ഒരു കാര്യവുമില്ല.