കല്യാണ കോപ്രായങ്ങൾ
കെഎം കുഞ്ഞിക്കോയ വേങ്ങേരി
2026 സെപ്തംബർ 19, 1448 റബീഉൽ ആഖിർ 08

വിവാഹം എന്നത് ഇന്നു പലവിധ പേക്കൂത്തുകൾക്കുമുള്ള വേദിയായി മാറിയിരിക്കുന്നു. മൂന്നു ദിവസവും ഒരാഴ്ചയുമൊക്കെ നീളുന്ന വിവാഹ മാമാങ്കൾ നടക്കുന്നു. നിക്കാഹിന്റെ ദിവസങ്ങൾക്കു മുമ്പു തുടങ്ങും മഞ്ഞയും പച്ചയും കല്യാണങ്ങളും പാട്ടുകച്ചേരിയും മറ്റും.
ആഡംബരം നിറഞ്ഞ കൺവെൻഷൻ സെന്ററിൽ വെച്ചു നിക്കാഹ്. നിക്കാഹിന് കാർമികത്വം വഹിക്കാൻ തങ്ങളോ വലിയ ഖാദിയോ വേണം. വാഹന ബാഹുല്യം കാരണം റോഡ് ബ്ലോക്കാകുന്നു. നിക്കാഹിനു മുമ്പ് മലയാളത്തിൽ നടക്കുന്ന പ്രസംഗത്തിൽ ഖതീബ് വിവാഹ ധൂർത്തിനെപ്പറ്റിയും പടക്കം പൊട്ടിക്കലിനെയും ഗാനമേളയെയും കുറിച്ചുമൊക്കെ വിമർശിച്ചു പറയും.
നിക്കാഹ് കർമത്തിനുശേഷം ഒരാൾ മൈക്ക് കയ്യിലെടുത്ത് ‘ഭക്ഷണ ഹാളിൽ ഭക്ഷണം തയ്യാറായിട്ടുണ്ട്, എല്ലാവരും ഭക്ഷണം കഴിച്ചിട്ടേ പോകാവൂ’ എന്ന് അനൗൺസ് ചെയ്യുന്നു.
ഹാളിന്റെ വാതിൽക്കൽ ഓടിയെത്തിയവർക്ക് സീറ്റ് ലഭിക്കും. മിക്കവാറുമിപ്പോൾ ബുഫെ സിസ്റ്റമാണ്. ഭിക്ഷക്ക് വന്നവരെപ്പോലെ പ്ലേറ്റും പിടിച്ച് വരിനിൽക്കണം. മന്തി, നെയ്ച്ചോറ്, ബിരിയാണി, മട്ടൻ, ബീഫ് ഒലത്തിയത്, ബീഫ് ഫ്രൈ, ബ്രോസ്റ്റ്, ഷവായ, മീൻ വിഭവങ്ങൾ... ഏത് എടുക്കണം? കണ്ടതൊക്കെ പ്ലേറ്റിലാക്കുന്നു. കുറെ തിന്നുന്നു. കുറെ ബാക്കിയാക്കുന്നു; വേസ്റ്റ് ബിന്നുകൾ നിറഞ്ഞുകവിയുന്നു.
കൈകഴുകി അടുത്ത ഭാഗത്തേക്ക്; അവിടെ പല നിറങ്ങളിലും രുചികളിലുമുള്ള പലതരം പാനീയങ്ങൾ... പിന്നെ മൈസൂർപാക്ക്, ജിലേബി, ഉപ്പിലിട്ടത്...അതിനിപ്പുറം ഐസ്ക്രീം, പഴം...
സാമ്പത്തിക സ്ഥിതിയനുസരിച്ച് ഭക്ഷണം നൽകാം, എന്നാൽ ദുർവ്യയത്തിനും ഭക്ഷണത്തോട് അനാദരവു കാണിക്കുന്നതിനും എന്തു ന്യായമാണുള്ളത്?
ചുണ്ടിൽ ലിപ്സ്റ്റിക്ക് പുരട്ടാതെയും മുഖത്ത് പലതും വാരിത്തേക്കാതെയും പെണ്ണുങ്ങൾക്ക് കല്യാണത്തിനു പോകാൻ വയ്യെന്നായിരിക്കുന്നു. വധുവിനെ മേക്കപ്പിനായി ബ്യൂട്ടിപാർലറിലേക്ക് രാവിലെത്തന്നെ കൊണ്ടുപോകുന്നു. ആയിരങ്ങൾ ചെലവാക്കി, ആളെ കണ്ടാലറിയാത്തവിധം നിറം മാറ്റുന്നു.
വധുവിനെ നാലുകാലുള്ള, പൂക്കൾ കൊണ്ട് അലങ്കരിച്ച കൊച്ചു പന്തലിൽ (ബ്രൈഡൽ കനോപ്പി) പിതാവും മാതാവും സഹോദരി - സഹോദരന്മാരും എത്തിക്കുന്നു. അന്നേരം കാതടിപ്പിക്കുന്ന പാട്ടുയരും. പൂക്കുറ്റികൾ വർണങ്ങൾ വിതറുന്നു. പശ്ചാത്തലത്തിൽ ഒപ്പനയും ഡാൻസും മുറുകുന്നു. പിന്നെ സ്റ്റേജിൽ ഫോട്ടോ ഷൂട്ടിന്റെ തിരക്കാണ്. വരന്റെയും വധുവിന്റെയും കൂട്ടുകാരും സകല ബന്ധുക്കളും വധൂവരന്മാർക്കൊപ്പം ഫോട്ടോക്കു പോസ് ചെയ്യുന്നു.
നബിﷺയുടെയും സ്വഹാബിമാരുടെയും വിവാഹം എത്രമാത്രം ലളിതമായിരുന്നു! അതിനെക്കുറിച്ചൊക്കെ ഖതീബ് ഉൽബോധിപ്പിച്ചിട്ട് എന്തുകാര്യം! പ്രാവർത്തികമാക്കാൻ സമുദായം മടിക്കുന്നു.
വരനും കൂട്ടുകാരും കാട്ടിക്കൂട്ടുന്ന തോന്ന്യാസങ്ങൾക്കു കണക്കില്ല. വരൻ ജെസിബിയിൽ വരുന്നു. ഈയിടെ വരനും കൂട്ടുകാരും പേടിപ്പിക്കുന്ന തരത്തിലുള്ള മുഖംമൂടിയണിഞ്ഞ് വരുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പേരും പെരുമയും പണവുമുള്ളവരെ ചോദ്യം ചെയ്യാൻ ആരുമില്ല.
ഒരു ചെറിയ വിഭാഗമെങ്കിലും ഇസ്ലാമിക മര്യാദയനുസരിച്ച് വിവാഹം നടത്തുന്നതിൽ ശുഷ്കാന്തി കാണിക്കുന്നണ്ടെന്ന കാര്യം മറന്നുകൊണ്ടല്ല ഇപ്പറഞ്ഞതൊന്നും.
