അയൽപക്ക ബന്ധം ഊഷ്മളമാക്കുക
ഹന്ന മുഹമ്മദ്
2026 ജൂലൈ 11, 1448 മുഹർറം 26

ഒരു കൂട്ടുകാരി കഴിഞ്ഞദിവസം ഫോൺ വിളിച്ചപ്പോൾ വിഷമത്തോടെ പങ്കുവെച്ചത് അവരുടെ അയൽവാസി പ്രയാസപ്പെടുത്തുന്ന ചില കാര്യങ്ങളെക്കുറിച്ചാണ്. അവളുടെ വീടിന്റെ ബാത്ത്റൂമിന്റെ പുറകിൽ അയൽവാസിയുടെ സ്ഥലത്തിന്റെയും ഇവരുടെ സ്ഥലത്തിന്റെയും അതിരിലായി ഒരു തെങ്ങ് നിൽപ്പുണ്ട്. ഇതിന്റെ വേരുകൾ നാലുപാടും പടർന്ന് ഇവരുടെ ബാത്ത്റൂമിലെ ടൈലുകൾ ഇളകിപ്പോയി. അത് പുതുതായി വീണ്ടും പണിയേണ്ടിവന്നു. അവരോട് നേരിട്ട് പറഞ്ഞിട്ടും ഫലമില്ലാതെ വന്നപ്പോൾ പഞ്ചായത്തിൽ പരാതി കൊടുത്തു. ഉപദ്രവം നീക്കിക്കൊടുക്കാൻ പഞ്ചായത്ത് ഉത്തരവ് നൽകിയിട്ടും അയൽവാസി വഴങ്ങുന്നില്ല. തെങ്ങ് മുറിക്കില്ല എന്ന വാശിയിലാണ്.
ഇതുപോലുള്ള സംഭവങ്ങൾ ഇത് വായിക്കുന്ന മിക്കവർക്കും പറയാനുണ്ടായിരിക്കും. സ്ഥലത്തിന്റെ അതിരിന്റെ പേരിൽ, വഴിയുടെ പേരിൽ, വീട്ടുവളപ്പിലേക്ക് ചാഞ്ഞുനിൽക്കുന്ന മരത്തിന്റെ പേരിൽ, ...അങ്ങനെ പലവിധ കാരണങ്ങളാൽ പരസ്പരം വഴക്കിടുന്ന, പിണങ്ങിക്കഴിയുന്ന അയൽവാസികളുണ്ട്. ആരുതന്നെ പറഞ്ഞാലും ഒത്തുതീർപ്പിനും വിട്ടുവീഴ്ചക്കും തയ്യാറില്ലാത്തവർ, പരമാവധി ഉപദ്രവിച്ച് സായൂജ്യമടയുന്നവർ!
സ്വന്തം പുരയിടത്തിൽ നിന്നും മഴവെള്ളവും അഴുക്ക് വെള്ളവും അയൽവാസികളുടെ വീടുകളിലേക്ക് തിരിച്ചുവിടുക, അതിരുകളിൽ മരങ്ങൾ വെച്ചുപിടിപ്പിച്ച് അവ വലുതായി അതിരിനപ്പുറത്തേക്ക് വളരുമ്പോൾ ആ സ്ഥലം വളച്ചുകെട്ടി സ്വന്തമാക്കാൻ ശ്രമിക്കുക പോലുള്ള അക്രമങ്ങൾ ചെയ്യുന്നവരുമുണ്ട്.
ക്ഷണികമായ ഇഹലോക ജീവിതത്തിൽ മറ്റുള്ളവരെ ഉപദ്രവിക്കുന്നവരും അന്യരുടെ അവകാശങ്ങൾ ഹനിക്കുന്നവരും അല്ലാഹുവിന്റെ കോടതിയിൽനിന്ന് രക്ഷപ്പെടുമെന്ന് വിചാരിക്കുന്നുണ്ടോ? സ്വന്തം വീട്ടുകാർ സ്വസ്ഥമായി ജീവിക്കണം എന്ന് ചിന്തിക്കുന്നവർക്ക് എങ്ങനെയാണ് അയൽവാസികളെ ദ്രോഹിക്കുവാൻ കഴിയുക?
സ്വന്തം കുടുംബത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുന്നതോടൊപ്പം അയൽവാസികളോടുള്ള മര്യാദകളും കടപ്പാടുകളും പാലിക്കുകയും അവകാശങ്ങൾ വകവെച്ചു നൽകുകയും ചെയ്യൽ വിശ്വാസിയുടെ ബാധ്യതയാണ്.
അയൽവാസികളോടുള്ള പെരുമാറ്റത്തെക്കുറിച്ച് നബിﷺ പറഞ്ഞു: അബൂഹുറയ്റ(റ)യിൽനിന്ന് നിവേദനം; നബിﷺ അരുളി: “ഏതൊരുവന്റെ ഉപദ്രവങ്ങളിൽ നിന്ന് തന്റെ അയൽവാസി നിർഭയനാകുന്നില്ലയോ അവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല’’ (മുസ്ലിം).
അബൂഹുറയ്റ(റ)യിൽനിന്ന് നിവേദനം; നബിﷺ അരുളി: “അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവൻ തന്റെ അയൽക്കാരനെ ഉപദ്രവിക്കരുത്’’ (ബുഖാരി, മുസ്ലിം).
സമൂഹത്തിന്റെ ഭദ്രതക്കും കെട്ടുറപ്പിനും അനിവാര്യമായ ഒരു ഘടകമാണ് അയൽക്കാർ തമ്മിലുള്ള നല്ല ബന്ധം. ഒരു ആപത്ത് സംഭവിച്ചാൽ അടുത്ത ബന്ധുക്കളെത്തും മുമ്പെ ഓടി വരാനുള്ള അയൽക്കാരുമായി നല്ല ബന്ധം സ്ഥാപിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. പരസ്പരം വിട്ടുവീഴ്ച ചെയ്തും പൊറുത്തു കൊടുത്തും പിണങ്ങിക്കഴിയുന്ന അയൽക്കാരെ ഇണക്കിയെടുക്കാൻ ശ്രമിക്കണം.

