കാഴ്ചകളുടെയും പ്രദർശനങ്ങളുടെയും ലോകം
ടി.കെ അശ്റഫ്
(ജനറൽ സെക്രട്ടറി, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ)
2026 ആഗസ്റ്റ് 08, 1448 സ്വഫർ 25

നാം ജീവിക്കുന്നത് ഒരു ബാഹ്യപ്രദർശനത്തിന്റെ (Showoff) കാലഘട്ടത്തിലാണ്. സോഷ്യൽ മീഡിയകളിലൂടെയും സാമൂഹിക ജീവിതത്തിലൂടെയും താൻ കഴിക്കുന്ന ഭക്ഷണവും ധരിക്കുന്ന വസ്ത്രവും യാത്രകളും ജീവിതത്തിലെ ചെറുതും വലുതുമായ സകല വിശേഷങ്ങളും മറ്റുള്ളവരെ കാണിക്കാനും കൈയടികൾ നേടാനും ഇന്നു മനുഷ്യൻ മത്സരിക്കുകയാണ്. എന്നാൽ, ഇതിനെക്കാൾ അപകടകരമായ മറ്റൊരു പ്രവണത നമ്മുടെ മതജീവിതത്തിലും കടന്നുകൂടിയിട്ടുണ്ട്; സൽകർമങ്ങളെ വെറുമൊരു ബാ ഹ്യപ്രകടനമോ പ്രദർശനവേളയോ ആക്കൽ!
മനുഷ്യരിൽ രണ്ടു കൂട്ടരുണ്ട്; കാര്യങ്ങൾ ആത്മാർഥമായി അതിന്റെ അന്തസ്സത്ത ഉൾക്കൊണ്ട് ചെയ്യുന്നവരും സമൂഹത്തിനു മുന്നിൽ ‘ചെയ്യാൻ വേണ്ടി മാത്രം,’ അല്ലെങ്കിൽ മറ്റുള്ളവരുടെ നിർബന്ധത്തിന് വഴങ്ങി മാത്രം ചെയ്യുന്നവരും. ഭൗതിക രംഗത്തെന്നപോലെ മതരംഗത്തും ഈ രണ്ടു വിഭാഗങ്ങളെ കാണാം.
ബാങ്ക് വിളിക്കുമ്പോൾ സുന്നത്ത് നമസ്കരിച്ച് പള്ളിയിലേക്ക് പോകാൻ കാത്തിരിക്കുന്ന വിശ്വാസികളുണ്ട്. എന്നാൽ മറ്റു ചിലർക്ക് ബാങ്ക് കേൾക്കുന്നത് ഒരു ഭാരമാണ്. നമസ്കാരം തീരാറാകുമ്പോൾ ഒരു വിധം പള്ളിയിലെത്തി കടമ തീർക്കുന്ന മനോഭാവമുള്ളവർ. ദാനം കൊടുക്കുമ്പോൾ വാങ്ങാൻ വരുന്നവരോട് നീരസം കാണിക്കുന്നവർ, പ്രബോധന ഉത്തരവാദിത്തങ്ങൾ ആരോ നിർബന്ധിച്ചതുകൊണ്ട് മാത്രം നിർവഹിക്കുന്നവർ. എന്തുകൊണ്ടാണ് സൽകർമങ്ങൾ ചെയ്യാൻ മനുഷ്യന് ഇങ്ങനെ മടി തോന്നുന്നത്?
മനുഷ്യൻ നന്മകൾ ചെയ്യുന്നതിൽ മടിയനും അലസനുമാകുന്നതിന് പിന്നിലെ പ്രധാനപ്പെട്ട നാല് കാരണങ്ങളെ ക്വുർആനിക വെളിച്ചത്തിൽ നമുക്ക് ഇങ്ങനെ ചുരുക്കാം:
1) അല്ലാഹുവിനെക്കുറിച്ചുള്ള ജാഗ്രതയോ ഭയമോ ഹൃദയത്തിൽ ഇല്ലാത്ത അവസ്ഥ.
2) അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ ചിന്തിച്ച് ബോധ്യപ്പെടാതെയുള്ള പരമ്പരാഗത വിശ്വാസം: കേവലം ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ചു എന്നതുകൊണ്ടുമാത്രം മുസ്ലിമായി ജീവിക്കുക, ക്വുർആൻ സൂക്തങ്ങ ളെയും പ്രപഞ്ച ദൃഷ്ടാന്തങ്ങളെയും തികഞ്ഞ ബോധ്യത്തോടെ ഉൾക്കൊള്ളാതിരിക്കുക.
3) പ്രയാസങ്ങൾ വരുമ്പോൾ അല്ലാഹുവിനെ കൈവിട്ട് ശിർക്കിൽ (അല്ലാഹുവിൽ പങ്കുചേർക്കലിൽ) അഭയം തേടുന്നത്: പ്രതിസന്ധികളോ രോഗങ്ങളോ വരുമ്പോൾ അല്ലാഹുവിനോട് മാത്രം പ്രാർഥിക്കുന്നതിന് പകരം സിദ്ധന്മാരെയും ജാറങ്ങളെയും തേടിപ്പോകുന്നത് വിശ്വാസത്തിന്റെ അടിത്തറ തകർക്കും.
4) സാഹചര്യത്തിന്റെ സമ്മർദംകൊണ്ട് മാത്രം സൽകർമങ്ങൾ ചെയ്യുന്നത്: ‘എല്ലാവരും നമസ്കരിക്കുന്നു, ഞാനായിട്ട് മാറിനിന്നാൽ മോശമല്ലേ,’ ‘എല്ലാവരും നോമ്പ് നോൽക്കുന്നു, ഞാനും നോൽക്കാം’ എന്ന രീതിയിൽ ചുറ്റുപാടുകളുടെ സമ്മർദംമൂലം മാത്രം കാര്യങ്ങൾ ചെയ്യുക.
ഈ നാല് ആന്തരിക രോഗങ്ങളെ ചികിത്സിച്ചു മാറ്റിയാൽ മാത്രമെ നമുക്ക് നന്മകളിൽ ആവേശവും ധൃതിയും ഉണ്ടാകൂ. അല്ലാത്തപക്ഷം മനുഷ്യന്റെ ആവേശം തിന്മകളിലേക്ക് തിരിയുകയും സൽകർമങ്ങൾ ഒരു ഭാരമായി മാറുകയും ചെയ്യും.
ക്വുർആൻ വരച്ചുകാട്ടുന്ന വിശ്വാസിയുടെ ചിത്രം
സൂറത്തുൽ മുഅ്മിനൂനിലെ 57 മുതൽ 61 വരെയുള്ള ആയത്തുകളിൽ റബ്ബിന്റെ കാരുണ്യത്തിന് അർഹരായ യഥാർഥ സത്യവിശ്വാസികളുടെ സവിശേഷതകൾ അല്ലാഹു വിവരിക്കുന്നത് ഇങ്ങനെയാണ്:
“തീർച്ചയായും തങ്ങളുടെ രക്ഷിതാവിനെപ്പറ്റിയുള്ള ഭയത്താൽ നടുങ്ങുന്നവർ, തങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുന്നവരും തങ്ങളുടെ രക്ഷിതാവിനോട് പങ്കുചേർക്കാത്തവരും രക്ഷിതാവിങ്കലേക്ക് തങ്ങൾ മടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന് മനസ്സിൽ ഭയമുള്ളതോടുകൂടി തങ്ങൾ ദാനം ചെയ്യുന്നതെല്ലാം ദാനം ചെയ്യുന്നവരും ആരോ അവരത്രെ നന്മകളിൽ ധൃതിപ്പെട്ട് മുന്നേറുന്നവർ. അവരത്രെ അവയിൽ മുമ്പേ ചെന്നെത്തുന്നവരും.’’
ഈ ആയത്തിൽ പറഞ്ഞതിന്റെ വിവക്ഷയെ സംബന്ധിച്ച് ആഇശ(റ) നബിﷺയോട് ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേ, ‘തീർച്ചയായും തങ്ങളുടെ രക്ഷിതാവിനെപ്പറ്റിയുള്ള ഭയത്താൽ നടുങ്ങുന്നവർ’ എന്ന് ക്വുർആൻ പറഞ്ഞത് മദ്യം കുടിക്കുകയും മോഷണം നടത്തുകയും തിന്മകൾ ചെയ്യുകയും ഭയപ്പെടുകയും ചെയ്യുന്നവരെക്കുറിച്ചാണോ?’ നബിﷺ മറുപടി നൽകി: “അല്ല അബൂബക്റിന്റെ മകളേ! അവർ നോമ്പ് നോൽക്കുകയും നമസ്കരിക്കുകയും ദാനധർമങ്ങൾ ചെയ്യുകയും ചെയ്യുന്നവരാണ്. എന്നാൽ, തങ്ങളിൽനിന്ന് ഇത് അല്ലാഹു സ്വീകരിക്കില്ലേ എന്ന ഭയം ഹൃദയത്തിൽ സൂക്ഷിക്കുന്നവരാണവർ! അവരാണ് നന്മകളിൽ ഓടി മുന്നേറുന്നവർ.’’
ഇവിടെ വ്യക്തമാകുന്നത് നന്മകൾ ചെയ്യാത്തതിലുള്ള ഭയമല്ല; മറിച്ച് തങ്ങൾ ചെയ്ത നന്മകൾ അല്ലാഹു സ്വീകരിക്കുമോ എന്ന ഉത്കണ്ഠയും എളിമയുമാണ്. നമസ്കരിച്ചിട്ടും നോമ്പ് നോറ്റിട്ടും അതെല്ലാം സ്വീകരിക്കപ്പെടാതിരിക്കുമോ എന്നോർത്ത് മഹാന്മാർ ഭയന്നുവെങ്കിൽ, തിന്മകളിൽ മുഴുകി ജീവിക്കുന്ന നമ്മുടെ അവസ്ഥ എന്തായിരിക്കണം?
പ്രമുഖ പണ്ഡിതനായ ഹസനുൽ ബസ്വരി(റഹി) ഈ വിഷയം ചുരുക്കിപ്പറഞ്ഞത് എത്ര മനോഹരമാണ്! “യഥാർഥ സത്യവിശ്വാസി നന്മകൾ ചെയ്യും, ഒപ്പം അല്ലാഹുവിനെ ഭയപ്പെടുകയും ചെയ്യും. എന്നാൽ കപടവിശ്വാസി തിന്മകൾ ചെയ്യും, എന്നിട്ട് തനിക്ക് ഒന്നും സംഭവിക്കില്ല എന്ന് കരുതി സുരക്ഷിതത്വം നടിക്കുകയും ചെയ്യും.’’
ഇബ്റാഹീം നബി(അ)യുടെ പ്രാർഥനയും ഉമർ(റ)വിന്റെ ഭയവും
ലോക ചരിത്രത്തിലെ ഏറ്റവും മഹത്തായ കാര്യം നിർവഹിക്കുമ്പോഴും പ്രവാചകന്മാർ കാണിച്ച എളിമ ചിന്തനീയമാണ്. പരിശുദ്ധ കഅ്ബ പടുത്തുയർത്തിയശേഷം ഇബ്റാഹീം നബി(അ)യും ഇസ്മാഈൽ നബി(അ)യും പ്രാർഥിച്ചത് ക്വുർആൻ എടുത്തു പറയുന്നു:
“ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിൽനിന്ന് നീയിത് സ്വീകരിക്കേണമേ. നിശ്ചയം, നീ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു.’’
അല്ലാഹുവിന്റെ കല്പനപ്രകാരമാണ് കഅ്ബ പടുത്തുയർത്തിയത്; എന്നിട്ടും അത് സ്വീകരിക്കണേ എന്ന് ആ മഹാന്മാർ പ്രാർഥിച്ചു! നമ്മളാകട്ടെ നിസ്സാര കാര്യങ്ങൾ ചെയ്യുമ്പോഴേക്കും എന്തോ വലിയ കാര്യം ചെയ്തു എന്ന് അഹങ്കരിക്കുന്നു!
നബിﷺയുടെ നാവിലൂടെ സ്വർഗംകൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ട മഹാനാണ് ഉമറുബ്നുൽ ഖത്വാബ്(റ). ഇസ്ലാമിക സാമ്രാജ്യത്തിന്റെ തലവനായിരിക്കെ, പ്രവാചകന്റെ രഹസ്യ സൂക്ഷിപ്പുകാരനായ ഹുദൈഫ(റ)യുടെ അരികിലേക്ക് ഉമർ(റ) ചെല്ലുന്ന ഒരു രംഗമുണ്ട്. മദീനയിലെ കപടവിശ്വാസികളുടെ (മുനാഫിക്വുകളുടെ) പേരുകൾ നബിﷺ ഹുദൈഫ(റ)വിന് മാത്രമാണ് കൈമാറിയിരുന്നത്.
ഉമർ(റ) ഹുദൈഫ(റ)യുടെ അരികിലെത്തി വിറയ്ക്കുന്ന ശബ്ദത്തോടെ ചോദിച്ചു: ‘ഹുദൈഫാ... അല്ലാഹുവിനെ മുൻനിർത്തി ഞാൻ നിന്നോട് ചോദിക്കുകയാണ്! അല്ലാഹുവിന്റെ ദൂതൻ നിനക്ക് അറിയിച്ചു തന്ന ആ കപടവിശ്വാസികളുടെ കൂട്ടത്തിൽ എന്റെ പേര് പറഞ്ഞിട്ടുണ്ടോ...?’
ഹുദൈഫ(റ) കരഞ്ഞുകൊണ്ട് പറഞ്ഞു: ‘ഇല്ല അമീറുൽ മുഅ്മിനീൻ, അവിടുന്ന് അങ്ങയുടെ പേര് പറഞ്ഞിട്ടില്ല!’
സ്വർഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ട ആ മഹാൻ തന്റെ പേര് കപടന്മാരുടെ കൂട്ടത്തിൽ ഉണ്ടാകുമോ എന്ന് ഭയന്നുവെങ്കിൽ, നമ്മുടെ മനോഗതി എന്തായിരിക്കണം?

