അറിയുക; രോഗിയെ പരിചരിക്കുന്നവരെ
ഡോ. ഹുസ്ന ഹുസൈൻ
2026 ആഗസ്റ്റ് 22, 1448 റബീഉൽ അവ്വൽ 09

ഒരു വീട്ടിൽ ഒരാൾ ദീർഘകാലം കിടപ്പിലായാൽ, ആ വീടിന്റെ ദിനചര്യതന്നെ പതിയെ ആ രോഗിയെ ചുറ്റിപ്പറ്റിയാകുന്നു. മരുന്നിന്റെ സമയം, ഡോക്ടറുടെ നിർദേശങ്ങൾ, പരിശോധനാഫലങ്ങൾ, ആശുപത്രി സന്ദർശനങ്ങൾ... അങ്ങനെ വീട്ടിലെ പല കാര്യങ്ങളുടെയും സമയക്രമം പോലും രോഗിയുടെ ആവശ്യങ്ങൾക്കനുസരിച്ചു മാറുന്നു. സന്ദർശിക്കാനെത്തുന്നവരുടെയും ഫോൺ വിളിക്കുന്നവരുടെയും അന്വേഷ ണങ്ങളും സ്വാഭാവികമായും രോഗിയെക്കുറിച്ചുതന്നെയായിരിക്കും. ആ വീട്ടിലെ സംഭാഷണങ്ങളും പ്രതീ ക്ഷകളും പ്രാർഥനകളുമെല്ലാം ഒരാളുടെ ആരോഗ്യത്തിലേക്ക് ചുരുങ്ങിപ്പോകുന്ന അവസ്ഥ!
എന്നാൽ, ആ ബഹളങ്ങൾക്കിടയിൽ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെപോകുന്ന ഒരാളുണ്ട്; ആ രോഗിയുടെ പരിചാരകൻ! രോഗിക്ക് മരുന്നുകൊടുക്കാൻ രാത്രിയിൽ പലതവണ ഉറക്കമുണരുന്ന ഒരാൾ. സമയത്ത് ഭക്ഷണം കഴിക്കാൻപോലും മറന്നുപോകുന്ന ഒരാൾ. ആശുപത്രി വരാന്തകളിൽ മണിക്കൂറുകളോളം കാത്തിരിക്കുന്ന ഒരാൾ. സ്വന്തം ക്ഷീണവും വേദനയും മാറ്റിവെച്ച് മറ്റൊരാളുടെ ആശ്വാസത്തിനായി ജീവിക്കുന്ന ഒരാൾ.
അവർ പക്ഷാഘാതം ബാധിച്ച ഭർത്താവിനെ ശുശ്രൂഷിക്കുന്ന ഭാര്യയാകാം. ക്യാൻസറിനോട് പോരാ ടുന്ന ഭാര്യക്ക് കരുത്തായി നിൽക്കുന്ന ഭർത്താവാകാം. വാർധക്യത്തിന്റെ ഭാഗമായി സ്വയം കാര്യങ്ങൾ ചെയ്യാനുള്ള കഴിവു നഷ്ടപ്പെട്ട് കിടപ്പിലായ മാതാപിതാക്കൾക്കു താങ്ങായി നിൽക്കുന്ന മക്കളോ മരുമക്കളോ ആകാം. ഓട്ടിസം, സെറിബ്രൽ പൾസി പോലുള്ള, പ്രത്യേക പരിചരണം ആവശ്യമായ അവസ്ഥകളുള്ള കുട്ടികളുടെ മാതാപിതാക്കളാകാം. രോഗം ഏതായാലും, ബന്ധം എന്തായാലും, അവരെയൊക്കെ ഈ ദൗത്യത്തിൽ മുന്നോട്ടു കൊണ്ടുപോകുന്നത് സ്നേഹമാണ്.
പക്ഷേ, ആ ദൗത്യം എല്ലായ്പ്പോഴും എളുപ്പമല്ല. ഉറക്കം നഷ്ടപ്പെടാം. മനസ്സിൽ നിരന്തരമായ ആശങ്ക നിറയാം. സ്വന്തം ആരോഗ്യത്തെയും ആവശ്യങ്ങളെയും അവഗണിക്കേണ്ടിവന്നേക്കാം. പഠനമോ ജോലി യോ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരാം. ചിലപ്പോൾ ഒറ്റപ്പെടലും നിസ്സഹായതയും അനുഭവപ്പെടാം. പലപ്പോഴും അവർ പരിചരിക്കുന്ന രോഗിക്ക് അവരുടെ സ്നേഹവും ത്യാഗവും തിരിച്ചറിയാനോ അതിന് നന്ദി പറയാനോ പോലും കഴിയാത്ത അവസ്ഥയായിരിക്കാം. എന്നിട്ടും, രോഗിയിൽ ചെറിയൊരു ആശ്വാസ മോ പുരോഗതിയോ കാണുമ്പോൾ അവർക്ക് ലഭിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാനാവാ ത്തതാണ്.
ഒരു വിളക്ക് മറ്റൊരു വിളക്കിന് വെളിച്ചം പകരണമെങ്കിൽ, അതിൽ എണ്ണയും തിരിയും ഉണ്ടായിരിക്കണം. അതുപോലെ, മറ്റൊരാളെ പരിചരിക്കുന്ന വ്യക്തിക്കും ഇടയ്ക്കൊക്കെ വിശ്രമം ആവശ്യമാണ്. അവരോട് ആരെങ്കിലും അവരെക്കുറിച്ച് ഒന്ന് അന്വേഷിച്ചാൽ, അല്ലെങ്കിൽ ‘നിങ്ങൾ ഇത്രയും ശ്രദ്ധിക്കുന്നതുകൊണ്ടാണ് ഈ നല്ല മാറ്റം കാണുന്നത്. പക്ഷേ, ഇതിനിടയിൽ സ്വന്തം ആരോഗ്യവും കൂടി ഒന്ന് ശ്രദ്ധിക്കണം കേട്ടോ...’ എന്ന ആത്മാർഥമായ ഒരു വാക്ക് പറഞ്ഞാൽ, അത് അവർക്കൊരു വലിയ ആശ്വാസമാകും. കാരണം, മറ്റുള്ളവരെ പരിചരിക്കുന്നവർക്കും തങ്ങളെയും ആരോ കരുതുന്നുണ്ടെന്ന് അറിയാൻ ആഗ്രഹമുണ്ട്.
അതിനാൽ, രോഗിയെ സന്ദർശിക്കുമ്പോൾ രോഗിയെ മാത്രമല്ല, പരിചാരകനെയോ പരിചാരികയെയോ കൂടി നമുക്ക് ശ്രദ്ധിക്കാം. ഒരു പരിചാരകനെ സഹായിക്കാൻ വലിയ സാമ്പത്തിക ശേഷിയൊന്നും വേണ്ട. ഒരു മണിക്കൂർ രോഗിയുടെ കൂടെയിരുന്ന് അവർക്കൊരു വിശ്രമം നൽകാനോ, ഒരു നേരത്തെ ഭക്ഷണം ഉണ്ടാക്കി എത്തിച്ചുകൊടുക്കാനോ, ആശുപത്രിയിലോ തെറാപ്പി സെന്ററിലോ പോകുമ്പോൾ കൂടെപ്പോകാനോ, ഇതൊന്നുമല്ലെങ്കിൽ അവർക്ക് പറയാനുള്ള ആശങ്കകൾ ക്ഷമയോടെ കേട്ടിരിക്കാനോ കഴിയുമെങ്കിൽ, അതും വലിയൊരു സഹായമാണ്. ചിലപ്പോൾ ചെറിയ കരുതലുകളാണ് ഏറ്റവും വലിയ കരുത്താകുന്നത്.
ഇസ്ലാം നമ്മെ പഠിപ്പിക്കുന്നത് പരസ്പരം സഹായിക്കാനും കരുണ കാണിക്കാനുമാണ്. നബിﷺ പറഞ്ഞു: “അല്ലാഹു തന്റെ ദാസനെ സഹായിച്ചുകൊണ്ടിരിക്കും; ആ ദാസൻ തന്റെ സഹോദരനെ സഹായി ച്ചുകൊണ്ടിരിക്കുന്നിടത്തോളം’’ (സഹീഹു മുസ്ലിം).
രോഗിയെ മാത്രം കാണാതെ രോഗിയുടെ നിഴലിൽ നിശ്ശബ്ദമായി സ്നേഹത്തിന്റെ സേവനം ചെയ്യുന്ന പരിചാരകരെയും കാണാൻ നമുക്ക് ശീലിക്കാം. അവരുടെ ഭാരമൊന്ന് ലഘൂകരിക്കാനും കഴിയുന്നിട ത്തോളം ഒരു കൈത്താങ്ങാകാനും ശ്രമിക്കാം.

