‘പ്ലീസ്, ഒന്ന് ഫോൺ എടുക്കണേ...!’

വി.വി. ബഷീർ വടകര

2026 ആഗസ്റ്റ് 15, 1448 റബീഉൽ അവ്വൽ 02

സർവ മേഖലകളിലെയും നന്മയും തിന്മയും വേർതിരിച്ചു കാണിച്ച മതമാണ് ഇസ്‌ലാം. പ്രപഞ്ച സ്രഷ്ടാവിന്റെ വിധിവിലക്കുകൾ മുഴുവൻ തന്റെ ജീവിതത്തിലൂടെ പകർത്തിക്കാണിച്ചുകൊണ്ടാണ് അല്ലാഹുവിന്റെ റസൂൽﷺ ഈ ലോകത്തോട് വിടപറഞ്ഞത്.

നബിﷺപറഞ്ഞു: “എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം, നിങ്ങൾ വിശ്വാസികളാകുന്നതുവരെ നിങ്ങളാരും സ്വർഗത്തിൽ പ്രവേശിക്കില്ല. നിങ്ങൾ അന്യോന്യം സ്‌നേഹിക്കുന്നതുവരെ നിങ്ങൾ വിശ്വാസികളാവുകയുമില്ല. നിങ്ങൾ പ്രാവർത്തികമാക്കിയാൽ നിങ്ങൾക്ക് പരസ്പരം സ്‌നേഹിക്കാവുന്ന ഒരു സംഗതി ഞാൻ അറിയിച്ചുതരട്ടെയോ? നിങ്ങൾ നിങ്ങൾക്കിടയിൽ സലാം വ്യാപിപ്പിക്കുക’’ (മുസ്‌ലിം).

ഇതിലെ ഓരോ വാക്കിന്റെയും ആത്മാവ് നാം ഉൾക്കൊള്ളേണ്ടതാണ്. ലോകത്തെ ഒരു വിരൽത്തുമ്പിൽ കാണാൻ കഴിയുന്ന കാലത്താണ് നാം ജീവിക്കുന്നത്. പരസ്പരം അറിയാനും അറിയിക്കാനും പങ്കുവയ്ക്കാനും പുതിയ സാങ്കേതികവിദ്യകൾ പലതുമുണ്ട്. കൂട്ടുകുടുംബ ബന്ധങ്ങൾ ശിഥിലമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ഒരു പരിധിവരെ ബന്ധങ്ങൾ നിലനിർത്തുന്ന ഉപകരണമാണ് മൊബൈൽ ഫോൺ. വിളിച്ചും അന്വേഷിച്ചും ബന്ധങ്ങൾ നിലനിറുത്താൻ മൊബൈൽ ഫോണുകൾ ആശ്രയിക്കുന്നവരാണ് മിക്കവരും. എഴുത്തും വായനയും അറിയാത്തവർ പോലും ആൻഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്നു. സൗകര്യങ്ങൾ വർധിക്കുമ്പോൾ ബന്ധങ്ങളുടെ പ്രാധാന്യം കുറച്ചു കാണുന്നവരും നമ്മുടെ കൂട്ടത്തിലുണ്ട്.

ഫോൺ വിളിച്ചാൽ അതെടുക്കാൻ മടിയുള്ള ആളുകളെ നമുക്ക് കാണാം. ആരും തന്നെ വെറുതെ ഫോൺ വിളിക്കില്ല; ആവശ്യങ്ങൾക്കും അന്വേഷണങ്ങൾക്കുമല്ലാതെ. രാഷ്ട്രീയ- സാമൂഹിക രംഗത്തുള്ള നേതാക്കൾ മാത്രമല്ല, മതരംഗത്തുള്ള ചിലരും സാധാരണക്കാരന്റെ ഫോൺകോളുകളെ അവഗണിക്കുന്നതായി നമുക്ക് കാണാൻ കഴിയും.

മീറ്റിംഗുകൾക്ക് സ്ഥിരമായി വിളിക്കുന്ന ഒരു സംഘടനാ സാരഥി, ഹജ്ജിന് പോകുന്ന വിവരം പറയാൻ ഒരാളെ വിളിച്ചപ്പോൾ ഫോൺ എടുക്കാത്ത സംഭവം പങ്കുവയ്ക്കുകയുണ്ടായി. കമ്മിറ്റി മീറ്റിംഗിന് വിളിക്കുകയാകുമെന്ന് കരുതിയാണ് ഫോൺ എടുക്കാതിരുന്നത് എന്നാണ് ടിയാൻ നേരിൽ കണ്ടപ്പോൾ മറുപടി പറഞ്ഞതത്രെ! ചില പണ്ഡിതന്മാരിലും ഇത്തരം വിവേചന നിലപാടുള്ളവരുണ്ട് എന്നത്

വാസ്തവമാണ്. മതവിധി ചോദിക്കാനോ എന്തെങ്കിലും സംശയം ചോദിക്കാനോ ആയിരിക്കും സാധാരണക്കാരൻ വിളിക്കുന്നത്. അഞ്ചും പത്തും തവണ മിസ്ഡ്‌കോൾ കണ്ടിട്ടുപോലും തിരിച്ചു വിളിക്കാത്തവർ! ‘അയാളെ വിളിച്ചിട്ട് കാര്യമില്ല, നമ്മളൊന്നും വിളിച്ചാൽ ഫോൺ എടുക്കില്ല’ എന്ന് ഒരു പണ്ഡിതനെയോ നേതാവിനെയോ സംബന്ധിച്ച് ആളുകൾ പറയുന്നുവെങ്കിൽ അത് സംഘടനക്കും പ്രബോധന രംഗത്തിനും ഏൽക്കുന്ന പരുക്കായിട്ടേ കാണാൻ കഴിയുകയുള്ളൂ.

തിരക്കുള്ളവർക്ക് വിളിക്കുന്ന സമയത്ത് ഫോൺ അറ്റന്റ് ചെയ്യാൻ സാധിക്കണമെന്നില്ല. എന്നാൽ എപ്പോഴാണോ സമയം കിട്ടുന്നത് അപ്പോൾ തിരിച്ചു വിളിക്കാമല്ലോ. അതാണ് ഇസ്‌ലാമിക മര്യാദ. നടന്നുപോകുന്ന ഒരാളെ ഉറക്കെ വിളിച്ചിട്ടും അയാൾ കേൾക്കാത്ത ഭാവം നടിച്ച് മുന്നോട്ടു പോയാൽ അയാളെക്കുറിച്ച് വിളിച്ചയാളുടെ മനസ്സിലുള്ള ചിന്ത എന്തായിരിക്കും? ഫോൺ വഴി വിളിച്ചാലും അത് എടുക്കാനോ എപ്പോഴെങ്കിലും തിരിച്ചു വിളിക്കാനോ തയ്യാറില്ലാത്തതും ഇതുപോലെത്തന്നെയല്ലേ?

എന്തു തിരക്കാണെങ്കിലും തന്നെ അന്വേഷിക്കുന്നയാളെ തിരിച്ചുവിളിക്കാനുള്ള സമയം കണ്ടെത്താൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്. വിശ്വാസികളെ സംബന്ധിച്ച് അത് വിനയത്തിന്റെ ലക്ഷണമാണ്. ഇയാദ് ബിൻ ഹിമാറി(റ)ൽനിന്ന് നിവേദനം, നബിﷺപറഞ്ഞു: “നിങ്ങളിൽ ഒരാളും ഒരാളോടും ഗർവ് കാണിക്കാതിരിക്കുകയും ഒരാളും ഒരാളുടെ മേലും അതിക്രമം കാണിക്കാതിരിക്കുകയും ചെയ്യുവോളം നിങ്ങൾ അന്യോന്യം വിനയം കാണിക്കണമെന്ന് അല്ലാഹു എനിക്ക് ബോധനം നൽകിയിരിക്കുന്നു’’ (മുസ്‌ലിം).

ക്വുർആനിലെ സൂറഃ അബസയിൽ അന്ധനായ സ്വഹാബി അബ്ദുല്ലാഹിബിനു ഉമ്മി മക്തൂമു(റ)മായി ബന്ധപ്പെട്ട വിഷയത്തിൽ നബിﷺയെ സൗമ്യമായി അല്ലാഹു തിരുത്തുന്ന വിഷയത്തിൽ നമുക്കുള്ള പാഠം ആരോടും മുഖം തിരിക്കരുത് എന്നതാണ്.

ഫോൺ വിളിക്കുന്നവർ സമയവും സാഹചര്യവും നോക്കണം. ഒന്നിലധികം തവണ വിളിച്ചിട്ടും എടുക്കുന്നില്ലെങ്കിൽ അതിനു പറ്റിയ സാഹചര്യത്തിലായിരിക്കില്ല എന്നു മനസ്സിലാക്കുക; വീണ്ടും വീണ്ടും വിളിച്ച് ശല്യപ്പെടുത്താതിരിക്കുക. അർധരാത്രി സമയത്തും ഞാൻ വിളിച്ചാൽ ഫോൺ എടുക്കണമെന്ന വാശി പാടില്ല. ഒരു വിശ്വാസി അന്യരെ ഒരുനിലയ്ക്കും ഉപദ്രവിച്ചുകൂടാ. നേതാക്കളും പണ്ഡിതന്മാരും നമ്മെ പോലെ വിശ്രമം ആവശ്യമുള്ളവർ തന്നെയാണ് എന്നു തിരിച്ചറിഞ്ഞ് പെരുമാറുക.

പൂർണമായി സലാം പറഞ്ഞാൽ പോലും ‘സലാം’ എന്നതിൽ ഒതുക്കുന്ന ആളുകളെയും നമുക്ക് കാണാം. സലാം പറയുന്നതിന്റെയും മടക്കുന്നതിന്റെയും പ്രതിഫലം മനസ്സിലാകാത്തതുകൊണ്ടാണ് അത് സംഭവിക്കുന്നത്. ഫോൺ എടുത്തയാളോട് തിരക്കുണ്ടോ എന്ന് ചോദിച്ചതിനു ശേഷം ശബ്ദം നിയന്ത്രിച്ചുകൊണ്ടാവണം നമ്മൾ സംസാരിക്കേണ്ടത്. അങ്ങേതലയ്ക്കലുള്ളയാൾക്ക് സംസാരം തുടരാൻ താൽപര്യമില്ല എന്നു മനസ്സിലായാൽ നാം സംസാരം ചുരുക്കണം. അനാവശ്യമായ സംസാരം തിരക്കുപിടിച്ച ആളുകളോട് ഫോണിലൂടെ നടത്തുമ്പോൾ അവർക്കത് അരോചകമാകും! പിന്നീട് അവരുടെ ഫോൺ എടുക്കാൻ മടിക്കും. വെറുതെ സമയം കളയാനുള്ള വിളി എന്ന് കരുതും. അനാവശ്യ സംസാരവും കൂടുതലായുള്ള ചോദ്യങ്ങളും അല്ലാഹു നിങ്ങൾക്ക് വെറുത്തിരിരുന്നു എന്നാണ് നബിﷺ പഠിപ്പിച്ചത്.

തിരക്കുകളിൽനിന്ന് ഒഴിഞ്ഞ സമയത്ത് പരിചിതനായാലും അപരിചിതനായാലും സാധാരണക്കാരനായാലും നേതാവായാലും തിരിച്ചു വിളിക്കുക എന്നത് മാന്യതയുടെ ലക്ഷണമാണ്. ‘അയാളെ വിളിച്ചിട്ട് കാര്യമില്ല, ഫോൺ എടുക്കില്ല’ എന്ന് പറയിക്കാൻ ഇടയുണ്ടാക്കരുത്, പണ്ഡിതനായാലും പാമരനായാലും. സത്യവിശ്വാസിക്ക് അതൊരിക്കലും ഭൂഷണമല്ല.

‘പ്ലീസ് ഒന്ന് ഫോൺ എടുക്കണേ’ എന്ന മെസ്സേജിന് കാത്തിരിക്കാതെ നമുക്ക് തിരിച്ചു വിളിക്കാം. ബന്ധങ്ങൾ നിലനിർത്താം.