വസ്ത്രത്തിന്റെ ആഘോഷം

ഉസ്മാന്‍ പാലക്കാഴി

2019 മെയ് 04 1440 ശഅബാന്‍ 28

(ആശയ വിവര്‍ത്തനം)

പണ്ട് ഇറാനിലെ ഷിറാസ് എന്ന പട്ടണത്തില്‍ ശൈഖ് സഅദി എന്ന പ്രസിദ്ധനായ ഒരു കവി ജീവിച്ചിരുന്നു. നാട്ടിലെ മറ്റു കവികളെയും തത്ത്വചിന്തകരെയും പോലെ അദ്ദേഹം വലിയ പണക്കാരനായിരുന്നില്ല. വളരെ ലളിതമായ ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. ഒരിക്കല്‍ ഷിറാസിലെ ധനികനായ ഒരു കച്ചവടക്കാരന്‍ തന്റെ മകളുടെ വിവാഹത്തിന് ശൈഖ് സഅദിയെ ക്ഷണിച്ചു. പട്ടണത്തിലെ അതിസമ്പന്നരായ ധാരാളം വ്യവസായികളും വിവാഹത്തിന് ക്ഷണിക്കപ്പെട്ടിരുന്നു. സഅദി ക്ഷണം സ്വീകരിക്കുകയും പങ്കെടുക്കാന്‍ തീരുമാനിക്കുയും ചെയ്തു. 

വിവാഹ ദിവസം ആഗതമായി. ശൈഖ് സഅദി ആര്‍ഭാടം നിറഞ്ഞ വിവാഹപ്പന്തലിലെത്തി. എല്ലാ ധനികരും ഏറ്റവും മുന്തിയതും വിലകൂടിയതും പളപളാ തിളങ്ങുന്നതുമായ വസ്ത്രം ധരിച്ചാണ് എത്തിയിരിക്കുന്നത്. സഅദിയാകട്ടെ വിലകുറഞ്ഞ, ആകര്‍ഷകമല്ലാത്ത വസ്ത്രം ധരിച്ചാണെത്തിയത്. ആരെങ്കിലും തന്നെ സമീപിച്ച് സ്വീകരിക്കുമെന്ന പ്രതീക്ഷയില്‍ അദ്ദേഹം ഒരു മൂലയില്‍ മാറിനിന്നു. എന്നാല്‍ വീട്ടുകാരനടക്കം ആരും അദ്ദേഹത്തെ കണ്ടതായി ഭാവിച്ചത് പോലുമില്ല. 

തന്നെ ആരും പരിഗണിക്കാത്തതും നല്ല വസ്ത്രം ധരിച്ചെത്തിയ പണക്കാരെ സ്വീകരിച്ചാനയിക്കുന്നതും അദ്ദേഹത്തെ വേദനിപ്പിച്ചു. ഉടന്‍ അദ്ദേഹം അവിടെനിന്ന് ഇറങ്ങിപ്പോയി. നേരെ പോയത് ഒരു തുണിക്കടയിലേക്കായിരന്നു. ആ കടയില്‍ നിന്ന് സ്വര്‍ണക്കരയുള്ള മുന്തിയ വസ്ത്രം വാങ്ങി. അതിമനോഹരമായ ഒരു തലപ്പാവും അരപ്പട്ടയും വാങ്ങി. അവിടെ വെച്ചുതന്നെ അതെല്ലാം ധരിച്ചു. ശേഷം കണ്ണാടിയില്‍ നോക്കിയപ്പോള്‍ താന്‍ മറ്റേതോ വ്യക്തിയെ പോലെ മാറിയതായി അദ്ദേഹത്തിന് തോന്നി. 

സഅദി നേരെ വിവാഹ വീട്ടിലേക്ക് തിരിച്ചു. രാജകീയമായ രീതിയില്‍ വസ്ത്രം ധരിച്ച് അദ്ദേഹം വരുന്നത് കണ്ടപ്പോള്‍ വീട്ടുകാരനും മറ്റു കുടുംബാംഗങ്ങളും അദ്ദേഹത്തെ സ്വീകരിച്ചു. അവിടെ കൂടിയവരെല്ലാം അദ്ദേഹത്തിന് കൈകൊടുക്കാന്‍ മത്സരിച്ചു. വീട്ടുകാരന്‍ പഴയ ആത്മാര്‍ഥ കൂട്ടുകാരനെ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയ പോലെ കവിയെ ആലിംഗനം ചെയ്തു. വീട്ടുകാരന്‍ ഉറക്കെ വിളിച്ചു പറഞ്ഞു: ''ഇതാ, നമ്മുടെ പ്രിയപ്പെട്ട കവി വന്നിരിക്കുന്നു.'' എന്നിട്ട് കവിയോടായി പറഞ്ഞു: ''ഞങ്ങള്‍ താങ്കളെ കാത്തിരിക്കുകയായിരുന്നു. എന്തേ ഇത്ര വൈകിയത്? താങ്കളുടെ വിലപ്പട്ട സാന്നിധ്യമില്ലായിരുന്നെങ്കില്‍ ഈ പരിപാടി അപൂര്‍ണമാകുമായിരുന്നു.'' 

സഅദി ഒന്നും മിണ്ടിയില്ല. വീട്ടുകാരന്‍ അദ്ദേഹത്തിന്റെ കൈപിടിച്ച് ൈഡനിംഗ് ഹാളിലേക്ക് ആനയിച്ചു. അവിടെ സമ്പന്നരെല്ലാം നിരന്ന് ഇരിക്കുന്നുണ്ടായിരുന്നു. വീട്ടുകാരന്‍ കവിയെ പതുപതുത്ത കസേരയില്‍ ഇരുത്തി. വെളളിയുടെ പാത്രങ്ങള്‍ മുന്നില്‍ വെച്ചുകൊടുത്തു. കൊതിയൂറും വിഭവങ്ങള്‍ വീട്ടുകാരന്‍ തന്നെ വിളമ്പിക്കൊടുത്തു. അപ്പോള്‍ സഅദി തന്റെ തലപ്പാവ് കയ്യിലെടുത്ത് അതിലേക്കും വസ്ത്രത്തിലേക്കും നോക്കിക്കൊണ്ട് പറഞ്ഞു: ''ഇത് നിങ്ങളുടെ ആഘോഷമാണ്. അതിനാല്‍ ഇതെല്ലാം നന്നായി ആസ്വദിച്ച് കഴിക്കൂ.''

അത് കേട്ട എല്ലാ അതിഥികളും ആശ്ചര്യത്തോടെ അദ്ദേഹത്തെ നോക്കി. വീട്ടുകാരന്‍ ചോദിച്ചു: ''സാര്‍, എന്താണിത്? വസ്ത്രത്തോട് ഭക്ഷണം കഴിക്കാന്‍ പറയുകയോ? എങ്ങെനയാണ് താങ്കളുടെ വസ്ത്രം ഭക്ഷണം കഴിക്കുക?'' മറ്റു പലരും ഇത് ചോദിച്ചു. 

സഅദി ശാന്തമായി പറഞ്ഞു: ''പ്രിയമുള്ളവരേ, ഇങ്ങനെയൊരു ചോദ്യം നിങ്ങള്‍ ചോദിച്ചതിലാണ് എനിക്ക് അത്ഭുതം. ഞാന്‍ വിലകുറഞ്ഞ വസ്ത്രം ധരിച്ച് വന്നപ്പോള്‍ ഒന്ന് നോക്കാന്‍ പോലും തയ്യാറാകാതിരുന്നത് നിങ്ങളല്ലേ? എന്നെയല്ല നിങ്ങള്‍ വെറുക്കുന്നത് എന്നും എന്റെ വസ്ത്രമാണ് നിങ്ങള്‍ക്ക് അരോചകമെന്നും ഞാന്‍ മനസ്സിലാക്കി. ഇപ്പോള്‍ ഞാന്‍ മുന്തിയ വസ്ത്രം ധരിച്ചിരിക്കുന്നു. അപ്പോള്‍ എന്നെ സ്വീകരിക്കാന്‍ അനേകരുണ്ടായി. അതുകൊണ്ടാണ് ഞാന്‍ വസ്ത്രത്തോട് അങ്ങനെ പറഞ്ഞത്.'' വീട്ടുകാരനും അവിടെ കൂടിയ മറ്റുള്ളവരുമെല്ലാം അതുകേട്ട് ലജ്ജിച്ച് തലതാഴ്ത്തി.