സത്യസന്ധത

അഫ്‌വാന ബിന്‍ത് ലത്തീഫ്, സല്‍സബീല്‍ അറബിക്കോളേജ് വെങ്കിടങ്ങ്

2019 ആഗസ്ത് 24 1440 ദുല്‍ഹിജ്ജ 22

അഫ്‌നിദ തിരക്കുപിടിച്ച് മദ്‌റസയിലേക്ക് പോവുകയാണ്. കൂടെ കൂട്ടുകാരാരും ഇല്ല. ചെമ്മണ്‍ പാതയിലൂടെ നടന്നുനീങ്ങവെ മണ്ണിലെന്തോ തിളങ്ങുന്നത് കണ്ടു. അവള്‍ കുനിഞ്ഞ് നോക്കി. ഒരു സ്വര്‍ണ മാലയാണെന്ന് തോന്നുന്നു. അവള്‍ മണ്ണ്പുരണ്ട മാല കയ്യിലെടുത്തു.  ഇതെന്തു ചെയ്യണം? അവള്‍ ചുറ്റുപാടും നോക്കി, ആരും വരുന്നത് കാണുന്നുമില്ല. അവള്‍ ഒരു പുസ്തകത്തിന്റെ പൊതിയഴിച്ച് മാല അതില്‍ പൊതിഞ്ഞ് ബാഗില്‍ വെച്ചു. മദ്‌റസയില്‍ ചെന്നപ്പോള്‍ ബെല്ലടിച്ചിരുന്നു. അഫ്‌സല്‍ ഉസ്താദ് ക്ലാസ്സിലെത്തി ഹാജറെടുക്കുവാന്‍ തുടങ്ങിയിരുന്നു. അവള്‍ സലാം ചൊല്ലി, അനുവാദം ചോദിച്ച് ക്ലാസ്സിലേക്ക് കയറി. ഹാദിയയല്ലാത്ത എല്ലാ കുട്ടികളും ക്ലാസ്സില്‍ എത്തിയിട്ടുണ്ട്. ഉസ്താദ് ഹാജര്‍ എടുത്ത ശേഷം അവള്‍ ആ പൊതിയെടുത്ത് ഉസ്താദിന്റെ കയ്യില്‍കൊടുത്തുകൊണ്ട് പറഞ്ഞു:

''ഉസ്താദേ, ഇത് വഴിയില്‍നിന്ന് കിട്ടിയതാ.''

''എന്താ അഫ്‌നിദാ ഇത്?'' ഉസ്താദ് ചോദിച്ചു.

''ഇതൊരു മാലയാണ്. സ്വര്‍ണമാണെന്ന് തോന്നുന്നു. വഴിയില്‍നിന്ന് കിട്ടിയതാണ്.''

അദ്ദേഹം അത് പരിശോധിച്ചുകൊണ്ട് പറഞ്ഞു: ''ഇത് സ്വര്‍ണം തന്നെയാണ്.''

അഫ്‌നിദയുടെ സത്യസന്ധതയില്‍ ഉസ്താദ് അവളെ പ്രശംസിച്ചു. ഇതുപോലെ സത്യസന്ധത കാണിക്കുന്നവരായി മാറുവാന്‍ അദ്ദേഹം ക്ലാസ്സിലെ എല്ലാ കുട്ടികളോടുമായി പറഞ്ഞു. അദ്ദേഹം മാല കിട്ടിയവിവരം പ്രധാനാധ്യാപകനെ അറിയിച്ചു. അദ്ദേഹം അഫ്‌നിദയെ അഭിനന്ദിക്കുകയും മദ്‌റസയുടെ നോട്ടീസ് ബോര്‍ഡില്‍ മാലകിട്ടിയ വിവരം എഴുതി പതിക്കുവാനും മാല പൊലീസ് സ്‌റ്റേഷനില്‍ ഏല്‍പിക്കുവാനും തീരുമാനിക്കുകയും ചെയ്തു.  

അടുത്ത പിരിയേഡില്‍ റാഷിദ് ഉസ്താദ് വന്നപ്പോഴും അഫ്‌നിദയെ അഭിനന്ദിച്ചു. ശേഷം അദ്ദേഹം ചരിത്രപാഠം ക്ലാസ്സ് എടുക്കാന്‍ തുടങ്ങി.

''ഇന്ന് നമുക്ക് സത്യസന്ധയായ ഒരു പെണ്‍ക്കുട്ടിയുടെ ചരിത്രം പഠിച്ചാലോ?'' ഉസ്താദ് ചോദിച്ചു.

എല്ലാവര്‍ക്കും ഉത്സാഹമായി. റാഷിദ് ഉസ്താദ് കഥ പറയാന്‍ തുടങ്ങി:

''ഖലീഫ ഉമര്‍്യവിന്റെ കാലഘട്ടം. ജനങ്ങളുടെ ക്ഷേമകാര്യങ്ങള്‍ അന്വേഷിച്ചറിയാന്‍ രാത്രി ചുറ്റിനടക്കല്‍ അദ്ദേഹത്തിന്റെ പതിവായിരുന്നു. ഒരിക്കല്‍ ഇങ്ങനെ സഞ്ചരിക്കുന്നതിനിടയില്‍ ഉമര്‍്യ ഒരു സംസാരം കേള്‍ക്കാനിടയായി. അത് ഒരു ഉമ്മയും മകളും തമ്മിലുള്ള സംസാരമായിരുന്നു.

''ഉമ്മാ, ഇന്ന് നമുക്ക് വില്‍ക്കാനുള്ള പാലിന്റെ അളവ് കുറവാണ്'' മകള്‍ പറഞ്ഞു.

''മോളേ, നീ അതില്‍ കുറച്ച് വെള്ളം ചേര്‍ക്ക്.''

''ഉമ്മാ, ഞാനങ്ങനെ ചെയ്യില്ല, പാലില്‍ വെള്ളം ചേര്‍ക്കാന്‍ പാടില്ല. ഖലീഫ ഉമര്‍ ഇതെങ്ങാനും അറിഞ്ഞാല്‍...''

''മോളേ, നീ എന്തിനാ ഇങ്ങനെ ഭയക്കുന്നത്? ഖലീഫ ഉമര്‍ ഇത് എങ്ങനെ അറിയാനാണ്? അദ്ദേഹം ഇതൊന്നും കാണുന്നില്ലല്ലോ.''

''ഉമ്മാ, അമീറുല്‍ മുഅ്മിനീന്‍ ഉമര്‍ കാണുന്നില്ലെങ്കിലും അദ്ദേഹത്തിന്റെയും നമ്മുടെയും രക്ഷിതാവായ അല്ലാഹു ഇതെല്ലാം കാണുന്നുണ്ട്. അവന്റെ മുമ്പില്‍ നമുക്കിത് മറച്ച് വെക്കാന്‍ കഴിയില്ലല്ലോ.''

ഈ സംസാരം കേട്ട ഉമര്‍്യ ധൃതിയില്‍ തന്റെ വീട്ടിലേക്ക് തിരിച്ചു ചെന്നു. അദ്ദേഹം മകനെ വിളിച്ച് നടന്ന സംഭവങ്ങള്‍ വിവരിച്ചു. അല്ലാഹുവിനെ ഭയപ്പെട്ട് സൂക്ഷ്മതയോടെ ജീവിക്കുന്ന ആ പേണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ മകനോട് നിര്‍ദേശിച്ചു. അങ്ങനെ ആ പാല്‍ക്കാരി പെണ്‍കുട്ടിയെ ഖലീഫ ഉമര്‍്യവിന്റെ മകന്‍ വിവാഹം ചെയ്തു.''

ഉസ്താദ് കഥ പറഞ്ഞ് നിറുത്തിയപ്പോഴാണ് ക്ലാസ്സിന്റെ പുറത്തു നിന്ന് ആരുടെയോ സംസാരവും കരച്ചിലും കേട്ടത്. ഉസ്താദ് പുറത്തിറങ്ങി നോക്കുമ്പോള്‍ കണ്ടത് ആ ക്ലാസ്സില്‍ പഠിക്കുന്ന ഹാദിയയെ ആണ്. അവളാണ് കരയുന്നത്. കൂടെ അവളുെട ഉമ്മയുമുണ്ട്.

''ഹാദിയാ, എന്താണ് പറ്റിയത്? എന്തിനാണ് കരയുന്നത്? ക്ലാസ്സില്‍ വരാന്‍ വൈകിയതിനാണോ?'' ഉസ്താദ് ചോദിച്ചു.

അവളുടെ ഉമ്മ പറഞ്ഞു: ''അവള്‍ പതിവുപോലെ നേരത്തെ തന്നെ മദ്‌റസിയിലേക്ക് പോന്നതാണ്. കുറച്ച് ദൂരം നടന്ന ശേഷമാണ് കഴുത്തില്‍ മാലയില്ലെന്നറിഞ്ഞത്. കരഞ്ഞുകൊണ്ട് അവള്‍ മടങ്ങിവന്നു. വീട്ടിലാകെ തിരഞ്ഞു. അവിെടയൊന്നും കണ്ടില്ല. അതിന്റെ പേരില്‍ മദ്‌റസ മുടക്കേണ്ട എന്ന് പറഞ്ഞിട്ടും ഇവള്‍ കരച്ചിലോട് കരച്ചില്‍ തന്നെ.''

''ഓ...അതുശരി...! ഇതിനാണോ കരയുന്നത്? ഹാദിയയുടെ കൂട്ടുകാരിക്ക് ആ മാല കിട്ടിയിരിക്കുന്നു. അവള്‍ അത് ഞങ്ങളെ ഏല്‍പിച്ചിട്ടുണ്ട്'' ഉസ്താദ് പറഞ്ഞു.

ഇത് കേട്ടപ്പോള്‍ ഹാദിയയുടെ കണ്ണുകള്‍ സന്തോഷത്താല്‍ വിടര്‍ന്നു. അവളുടെ ഉമ്മക്കും ഏറെ സന്തോഷമായി. തിരിച്ചു കിട്ടിയ മാല ഹാദിയ കഴുത്തിലണിയവെ പ്രധാനാധ്യാപകന്‍ ഹാദിയയുടെ ഉമ്മയോടായി പറഞ്ഞു:

''കുട്ടികളെ ഇങ്ങനെ വിലകൂടിയ സ്വര്‍ണാഭരണം അണിയിച്ച് സ്‌കൂളിലേക്കും മദ്‌റസയിലേക്കും പറഞ്ഞയക്കാതിരിക്കുന്നതാണ് നല്ലത്. അത്‌കൊണ്ട് പല അനര്‍ഥങ്ങളുമുണ്ടാകും.''

ഹാദിയ ക്ലാസ്സിലിരുന്നു. ഉമ്മ തിരിച്ചുപോയി.

ഉസ്താദ് കുട്ടികളോടായി പറഞ്ഞു: ''മക്കളേ, സത്യസന്ധത നന്മയിലേക്കും നന്മ സ്വര്‍ഗത്തിലേക്കും നയിക്കുമെന്ന് നബി ﷺ  പറഞ്ഞിട്ടുണ്ട്. നാം എവിടെയായിരുന്നാലും അല്ലാഹുവിനെ സുക്ഷിക്കണം. അല്ലാഹുവില്‍നിന്ന് ഒന്നും മറച്ചുവെക്കാന്‍ നമുക്ക് കഴിയില്ല. നാം അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അവന്‍ നമ്മെ കാണുന്നുണ്ട് എന്ന ബോധം നമുക്കുണ്ടാകണം. ചെറിയ തെറ്റുകള്‍ പോലും ചെയ്യരുത്. അങ്ങനെയുള്ളവരെ എല്ലാവരും ഇഷ്ടപ്പെടും. അല്ലാഹുവിനും അവരെ ഇഷ്ടമായിരിക്കും. നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ഇഷ്ടം ലഭിക്കേണ്ടേ?''

''വേണം...വേണം...'' എല്ലാ കുട്ടികളും ഉച്ചത്തില്‍ പറഞ്ഞു.