ചുമടേറ്റിയ പ്രവാചകന്‍

ഉസ്മാന്‍ പാലക്കാഴി

2019 ഒക്ടോബര്‍ 19 1441 സഫര്‍ 20

ഒരുനാള്‍ തിരുനബി

നടന്നുപോകുന്നേരം

വഴിയില്‍ വെച്ചു കണ്ടു

വയസ്സായൊരു സ്ത്രീയെ.

വലിയ ചുമടേറ്റാന്‍

വയ്യാത്ത വിഷമത്തില്‍

നിന്നിടുമവര്‍ക്കായി

ചുമടേറ്റുന്നു നബി!

ചുമടുമേറ്റി നബി

നടന്നു വൃദ്ധയ്‌ക്കൊപ്പം,

വൃദ്ധതന്‍ വീട്ടിലെത്തി

ചുമടിറക്കി നബി.

തിരിച്ചു പോകാന്‍ നബി

തുനിഞ്ഞ സമയത്ത്

സ്ത്രീയതാ പറയുന്നു:

'മോനേ, നീ നല്ലവനാ...

മക്കത്ത് പുതിയൊരു

മതവുമായി വന്ന

മുഹമ്മദിന്റെ കൂടെ

കൂടല്ലേ ചീത്തയാകും.'

അന്നേരം പുഞ്ചിരിയാല്‍

പറഞ്ഞു നബിയുല്ലാ:

'ഞാന്‍ തന്നെ മുഹമ്മദ്

അല്ലാഹുവിന്റെ ദൂതന്‍.'

ഞെട്ടിപ്പോയ് വൃദ്ധയപ്പോള്‍

മുമ്പിലായ് നിന്നിടുന്ന

വ്യക്തിയാണെന്നോ നബി?

തെറ്റെന്നില്‍ പറ്റിപ്പോയി!

ഇത്രയും നന്മയുള്ള

നബിതന്‍ മാര്‍ഗമത്

സത്യമാര്‍ഗമാം തീര്‍ച്ച

ഞാനതിന്‍ ഭാഗമാകാം.

ഇവ്വിധം മനസ്സിനെ

മാറ്റുവാന്‍ കഴിഞ്ഞത്

നബിതന്‍ സ്വഭാവത്തിന്‍

മഹിമ കൊണ്ടാണല്ലോ.