നന്മയുള്ള മക്കള്‍

അബൂഹംദ, അലനല്ലൂര്‍

2019 ജൂലായ് 27 1440 ദുല്‍ക്വഅദ് 24

സൂര്യന്‍ അസ്തമിച്ചു. മഗ്‌രിബ് ബാങ്ക് വിളി പള്ളികളില്‍നിന്നും ഉയര്‍ന്നുതുടങ്ങി. സ്‌കൂളിലേക്ക് പോയ അനസിനെ ഇനിയും കാണുന്നില്ല. സാധാരണ വൈകുന്നേരം അഞ്ചിനോ അഞ്ചരക്കോ അവന്‍ വീട്ടിലെത്തുന്നതാണ്.

നേരം ഇരുട്ടിത്തുടങ്ങിയിട്ടും എന്റെ മോനെ കാണുന്നില്ലല്ലോ... ഇനി എവിടെ പോയി അന്വേഷിക്കും എന്റെ റബ്ബേ...

സീനത്തിന്റെ മനസ്സില്‍ ഭയം അരിച്ചുകയറി. ഒന്ന് പോയി അന്വേഷിക്കാമെന്നു വെച്ചാല്‍ അവന്റെ ഉപ്പയും നാട്ടിലില്ല. എന്നും മഗ്‌രിബ് നമസ്‌കാരം കഴിഞ്ഞാല്‍ അദ്ദേഹം വിളിക്കാറുള്ളതാണ്. അദ്ദേഹം വിളിച്ച് മോനെവിടെ എന്നു ചോദിച്ചാല്‍ ഞാനെന്തു മറുപടി പറയും? സീനത്ത് പരിഭ്രാന്തിയിലായി.

ഒടുവില്‍ സീനത്ത് വീടിന്റെ മുന്‍വാതില്‍ തുറന്ന് ഉമ്മറത്തേക്കിറങ്ങി. അപ്പുറത്തെ വീട്ടിലെ സല്‍മാനെ ഉറക്കെ വിളിച്ചു:

''മോനേ... സല്‍മാനേ... നീ അനസിനെ കണ്ടിരുന്നോ?''

അപ്പോഴതാ സല്‍മാന്റെ ഉമ്മ സക്കീന വാതില്‍ തുറക്കുന്നു. സീനത്ത് സക്കീനയോട് മോന്‍ സ്‌കൂളില്‍നിന്ന് തിരിച്ചുവന്നില്ലെന്ന് തേങ്ങലോടെ പറഞ്ഞു.

ഇതു കേട്ട സക്കീനത്ത പറഞ്ഞു: ''അപ്പോ... സീനത്തേ നീ ഒന്നും അറഞ്ഞില്ലേ? അവന്‍ നിന്നോടൊന്നും പറഞ്ഞിരുന്നില്ലേ?''

''എന്റെ സക്കീനത്താ, നിങ്ങള്‍ വളച്ചുകെട്ടില്ലാതെ വേഗം കാര്യം പറ. എനിക്ക് ആകെ പേടിയാകുന്നു.''

''സല്‍മാനും ഇതുവരെ വന്നിട്ടില്ല. അവന്‍ രാവിലെ സ്‌കൂളിലേക്ക് പോകുമ്പോള്‍ തന്നെ ഇന്ന് വരാന്‍ വൈകുമെന്ന് പറഞ്ഞിരുന്നു.''

''വൈകാനുള്ള കാരണം പറഞ്ഞിരുന്നോ?''

''അടുത്ത ആഴ്ചയിലല്ലേ നമ്മുടെ കുട്ടികള്‍ക്കായി ബാലസമ്മേളനം നടക്കുന്നത്. അതുമായി ബന്ധപ്പെട്ട ഒരു യോഗം ഇന്ന് പള്ളിയില്‍ നടക്കുമെന്നും മഗ്‌രിബ് കഴിഞ്ഞാലേ മടങ്ങിവരൂ എന്നും അവന്‍ പറഞ്ഞിരുന്നു. അനസ് നിന്നോട് വൈകുമെന്ന കാര്യം പറയാന്‍ മറന്നതാകും.''

സക്കീനയുടെ ഈ വാക്കുകള്‍ കേട്ടപ്പോഴാണ് സീനത്തിന് ആശ്വാസമായത്.

''ശരിയാണല്ലോ. കഴിഞ്ഞ വെള്ളിയാഴ്ച പള്ളിയില്‍ ബാലസമ്മേളനത്തെക്കുറിച്ച് പറഞ്ഞിരുന്നത് കേട്ടതാണ്. നീ പറഞ്ഞതു പോലെ വൈകുമെന്ന കാര്യം പറയാന്‍ അവന്‍ മറന്നതാകും. ഞാന്‍ വല്ലാതെ ടെന്‍ഷനിലായി.''

''നല്ല കാര്യം ചെയ്തും നല്ലവരോട് കൂട്ടുകൂടിയും മക്കള്‍ വളരട്ടെ സീനത്തേ. അതില്‍പരം എന്ത് സന്തോഷം നല്‍കുന്ന എന്ത് കാര്യമാണുള്ളത്?!'

വൈകാതെ തന്നെ സല്‍മാനും അനസും തിരിച്ചെത്തി. സീനത്ത് സന്തോഷത്തോടെ അനസിന്റെ ചുമലില്‍ കൈവെച്ച് അവനെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോകവെ പറഞ്ഞു: ''മോനേ നന്മകള്‍ ധാരാളം ചെയ്യണം. തെറ്റ് ചെറുതാണെങ്കിലും ചെയ്തു പോകരുത്. എങ്കിലേ സ്വര്‍ഗം ലഭിക്കൂ. മോന്‍ എങ്ങോട്ട് പോകുമ്പോഴും ഈ ഉമ്മയോട് പറഞ്ഞ് വേണം പോകാന്‍.''

''ഞാന്‍ പറയാന്‍ മറന്നതാണുമ്മാ. ഇന്‍ശാ അല്ലാഹ്, ഇനി ആവര്‍ത്തിക്കില്ല'' അനസ് തന്റെ നല്ല പ്രവൃത്തിയെ ഉമ്മ അംഗീകരിച്ചതിന്റെ സന്തോഷത്തിലായിരുന്നു.