ഫിത്വ്ര്‍ സകാത്തും അജ്മലിന്റെ സംശയങ്ങളും

ഉസ്മാന്‍ പാലക്കാഴി

2019 ജൂണ്‍ 08 1440 ശവ്വാൽ 05

നോമ്പിന്റെ മാസം കഴിയാന്‍ ഇനി ഏതാനും ദിവസം മാത്രമെ ബാക്കിയുള്ളൂ. അജ്മല്‍ ഒരു നോമ്പും ഒഴിവാക്കിയിട്ടില്ല. അതില്‍ അവന് വളരെയധികം സന്തോഷമുണ്ട്. അവന്റെ കൂട്ടുകാരില്‍ പലരും ചില ദിവസങ്ങളില്‍ ദാഹമെന്നും ക്ഷീണമെന്നും പറഞ്ഞ് നോമ്പ് ഒഴിവാക്കിയിട്ടുണ്ട്. സ്‌കൂളില്‍ വന്നാല്‍ വെള്ളം കുടിക്കുകയും മിഠായി വാങ്ങി തിന്നുകയും വീട്ടിലെത്തിയാല്‍ നോമ്പാണെന്ന് പറയുകയും ചെയ്യുന്ന സൂത്രക്കാരായ കുട്ടികളും അജ്മലിന്റെ ക്ലാസിലുണ്ട്. എന്നാല്‍ അജ്മല്‍ അങ്ങനെയല്ല. റയ്യാന്‍ എന്ന കവാടത്തിലൂടെ നോമ്പുകാര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുമെന്ന് കേട്ടത് മുതല്‍ അവന്‍ ആ ഭാഗ്യം ലഭിക്കുവാന്‍ ആശിക്കുകയാണ്. മുഴുവന്‍ േനാമ്പും നോറ്റാല്‍ ഒരു സമ്മാനം തരാമെന്ന് അവന്റെ ഉപ്പ വാക്ക് കൊടുത്തിട്ടുണ്ട്. അതും നേടിയടുക്കാന്‍ അവന്‍ ആഗ്രഹിക്കുന്നു.

'ടിം ടിം...' കോളിംഗ് ബെല്‍ മുഴങ്ങി.

അജ്മലിന്റെ ഉപ്പ കതക് തുറന്നു. കൂടെ അജ്മലും ചെന്നു.

'അസ്സലാമു അലൈക്കും'- വന്നവരില്‍ ഒരാള്‍ സലാം പറഞ്ഞു. അജ്മലും ഉപ്പയും സലാം മടക്കി. വന്നവര്‍ പള്ളിക്കമ്മിറ്റിക്കാരാണ്. ഉപ്പ അവരെ സ്വീകരിച്ചിരുത്തി.

'ഇത്തവണയും സകാത്തിന്റെയും ഫിത്വ്ര്‍ സകാത്തിന്റെയും ശേഖരണവും വിതരണവും നമ്മള്‍ നടത്തുന്ന വിവരം അറിയാമല്ലോ. കുറെ വീട്ടുകാര്‍ തുക എത്തിച്ചുതന്നിട്ടുണ്ട്'- ആഗതരില്‍ ഒരാള്‍ പറഞ്ഞു.

'ഞാന്‍ ഇന്ന് എത്തിക്കാമെന്ന് കരുതിയതാണ്. ഏതായാലും നിങ്ങള്‍ വന്നത് നന്നായി' എന്ന് പറഞ്ഞുകൊണ്ട് ഉപ്പ അകത്ത് പോയി കാശെടുത്ത് വന്നു. സകാത്തിന്റെയും ഫിത്വ്ര്‍ സകാത്തിന്റെയും കാശ് വേറെ വേറെ കണക്കു പറഞ്ഞ് കൊടുത്തു. വന്നവര്‍ സലാം പറഞ്ഞ് യാത്രയായി.

'ഉപ്പാ, സകാത്തും ഫിത്വ്ര്‍ സകാത്തും എന്ന് പറഞ്ഞല്ലോ. അത് രണ്ടും തമ്മിലെന്താണ് വ്യത്യാസം?'- അജ്മല്‍ ചോദിച്ചു.

'മിടുക്കന്‍! നീ എല്ലാം ശ്രദ്ധിച്ചിരിക്കുകയായിരുന്നു അല്ലേ? സകാത്ത് ഇസ്‌ലാം നിശ്ചയിച്ച സാമ്പത്തിക ശേഷിയുള്ളവര്‍ മാത്രം കൊടുക്കേണ്ട നിര്‍ബന്ധ ദാനമാണ്...' ഉപ്പ പറഞ്ഞു.

'സകാത്ത് ഇസ്‌ലാം കാര്യങ്ങളില്‍ മൂന്നാമത്തേതാണെന്ന് മദ്‌റസയില്‍ നിന്ന് പഠിച്ചിട്ടുണ്ട്. കാശിനും സ്വര്‍ണത്തിനും കൃഷിക്കുമെല്ലാം സകാത്ത് കൊടുക്കണം അല്ലേ?'-അജ്മല്‍ ഇടയില്‍ കയറി പറഞ്ഞു.

'അതെ, മോനേ...'

'ഫിത്വ്ര്‍ സകാത്തിനെക്കുറിച്ച് പറഞ്ഞുതരാമോ ഉപ്പാ?'

'മോനേ, റമദാനിലെ നോമ്പിന്റെ പര്യവസാനത്തോടെ നല്‍കേണ്ടതാണ് ഫിത്വ്ര്‍ സകാത്ത്. സകാത്ത് അതിനു നിര്‍ദേശിക്കപ്പെട്ട പരിധിയെത്തിവര്‍ക്ക് മാത്രമാണ് നിര്‍ബന്ധമെങ്കില്‍ സമ്പന്നര്‍ മാത്രമല്ല സാധാരണക്കാരും നല്‍കേണ്ടതുണ്ട് എന്നതാണ് ഫിത്വ്ര്‍ സകാത്തിന്റെ പ്രത്യേകത.'

'എല്ലാ പാവപ്പട്ടവരും കൊടുക്കണമോ?'

'പെരുന്നാള്‍ ദിനത്തിലും അതിന്റെ രാത്രിയിലും തനിക്കും താന്‍ നിര്‍ബന്ധമായും ചെലവു വഹിക്കേണ്ടവരുമായവര്‍ക്കുമുള്ള ഭക്ഷണത്തിനുള്ള വക നീക്കിവെച്ച ശേഷം മിച്ചമുള്ള എല്ലാവരും അത് നല്‍കേണ്ടതാണ്. വീട്ടിലുള്ള എല്ലാവര്‍ക്കും വേണ്ടി കൊടുക്കേണ്ടതുണ്ട്.'

'ചെറിയ കുട്ടികള്‍ക്കും...?'

'അതെ, അടിമയെന്നോ സ്വതന്ത്രനെന്നോ ചെറിയവരെന്നോ പ്രായമുള്ളവരെന്നോ വ്യത്യാസമില്ലാതെ ഓരോ വിശ്വാസിക്കും ഫിത്വ്ര്‍ സകാത്ത് നല്‍കണമെന്ന് നബി ﷺ  കല്‍പിച്ചിട്ടുണ്ട്.'

'എന്തിനാണ് ഫിത്വ്ര്‍ സകാത്ത് കൊടുക്കുന്നത്?'

'നോമ്പുകാരന് തന്റെ നോമ്പില്‍ വന്ന തെറ്റുകള്‍ക്ക് പരിഹാരമായും ദരിദ്രര്‍ക്ക് ഭക്ഷണമായിട്ടുമാണ് ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാക്കിയിട്ടുള്ളത് എന്നാണ് നബി ﷺ  പറഞ്ഞിരിക്കുന്നത്.'

'സകാത്ത് കൊടുക്കുന്ന പോലെ ഫിത്വ്ര്‍ സകാത്തും കാശായിട്ടാണോ കൊടുേക്കണ്ടത്? പള്ളിക്കമ്മിറ്റിക്കാര്‍ക്ക് ഉപ്പ കാശാണല്ലോ കൊടുത്തത്!'

'മോനേ, ഫിത്വ്ര്‍ സകാത്ത് പണമായിട്ടല്ല കൊടുക്കേണ്ടത്. അതാത് നാട്ടിലെ പ്രധാനഭക്ഷ്യ വസ്തു എന്താണോ അതാണ് കൊടുക്കേണ്ടത്. കമ്മിറ്റിക്കാരെ ഏല്‍പിച്ചത് കാശാണങ്കിലും അവര്‍ അതിന് അരി വാങ്ങി അത് പാവപ്പെട്ടവര്‍ക്ക് എത്തിക്കുകയാണ് ചെയ്യുക.'

'അരിയാണെങ്കില്‍ എത്ര കിലോയാണ് കൊടുക്കേണ്ടത് ഉപ്പാ?'

'ഒരാള്‍ക്ക് ഒരു സ്വാഅ് വീതം. നബി ﷺ യുടെ കാലത്തുണ്ടായിരുന്ന ഒരു അളവാണ് സ്വാഅ് എന്നത്. അത് ഇന്നത്തെ നമ്മുടെ അളവില്‍ രണ്ട് കിലോയില്‍ അധികം വരും. സൂക്ഷ്മതയ്ക്കു വേണ്ടി രണ്ടര കിലോ വീതമാണ് നമ്മുടെ നാട്ടില്‍ കൊടുത്തുവരുന്നത്.'

'ഇത് എപ്പോഴാണ് കൊടുക്കേണ്ടത്? നോമ്പ് തുടങ്ങിയത് മുതല്‍ കൊടുക്കാമോ ഉപ്പാ?'

'ജനങ്ങള്‍ പെരുന്നാള്‍ നമസ്‌കാരത്തിനു പുറപ്പെടുന്നതിനു മുമ്പായി ഫിത്വ്ര്‍ സകാത്ത് കൊടുക്കുവാനാണ് നബി ﷺ യുടെ കല്‍പന. പെരുന്നാളിന്റെ ഒന്നോ രണ്ടോ ദിവസം മുമ്പ് തന്നെ നല്‍കുന്നതും അനുവദനീയമാണ്.'

'ശുക്‌റന്‍ ഉപ്പാ. ഇപ്പോള്‍ സംശയമെല്ലാം തീര്‍ന്നു. ഇനി വേറെ ഒരു സംശയം...'

'അതെന്താണ്?'

'ഉപ്പ എനിക്ക് ഒരു സമ്മാനം തരാമെന്ന് പറഞ്ഞിട്ടില്ലേ? നോമ്പ് കഴിയാറായല്ലോ. എന്താണ് ആ സമ്മാനം?'

'ഓ, അത് ശരി. എന്താണ് വേണ്ടതെന്ന് നീ പറ.'

'ഞാന്‍ പറഞ്ഞതെന്തും വാങ്ങിത്തരുമോ?'

'തീര്‍ച്ചയായും. എനിക്ക് സാധിക്കാത്ത ഒന്നും വാങ്ങിത്തരാന്‍ മോന്‍ പറയില്ല എന്ന് ഉപ്പാക്ക് അറിയാം. പറഞ്ഞോളൂ.'

'ഈ പെരുന്നാളിന് എനിക്ക് പുതുവസ്ത്രം വാങ്ങിത്തരില്ലേ?'

'തരുമല്ലോ. നാളെത്തന്നെ വാങ്ങാം.അത് സമ്മാനത്തില്‍ കൂട്ടേണ്ട.''

'എങ്കില്‍... ഞാന്‍ പറയട്ടെ?'

'പറ മോനേ...'

'എനിക്ക് വസ്ത്രം വാങ്ങുമ്പോള്‍ ഒരു കൂട്ടം അധികം വാങ്ങണം. എന്റെ ക്ലാസ്സില്‍ പഠിക്കുന്ന ഫൈസലിന് കൊടുക്കാനാ. അവര്‍ പാവങ്ങളാണ് ഉപ്പാ. പെരുന്നാളിന് പോലും കീറിയ വസ്ത്രം ധരിക്കുന്ന കുട്ടിയാണ് അവന്‍.'

ഇത് കേട്ടപ്പോള്‍ ഉപ്പ അജ്മലിനെ ചേര്‍ത്ത് പിടിച്ച് നെറ്റിയില്‍ ഉമ്മവെച്ചുകൊണ്ട് പറഞ്ഞു:

'എന്റെ മോന്‍ നല്ല കുട്ടിയാ. മറ്റുള്ളവരുടെ പ്രയാസങ്ങള്‍ കണ്ടറിഞ്ഞ് സഹായിക്കാനുള്ള മനസ്സ് എന്നും മോന് ഉണ്ടാകണം'-ഇത് പറയുമ്പോള്‍ ആ ഉപ്പയുടെ കണ്ണുകളില്‍ ആനന്ദത്തിന്റെ കണ്ണുനീര്‍ തുള്ളികള്‍ നിറഞ്ഞിരുന്നു.