ഒരു കുളം നിറയെ പാല്‍

ഉസ്മാന്‍ പാലക്കാഴി

2019 ആഗസ്ത് 31 1440 ദുല്‍ഹിജ്ജ 29

ഒരിക്കല്‍ ഒരു രാജാവ് തന്റെ രാജ്യത്ത് വലിയ ഒരു കുളം കുഴിക്കാന്‍ തീരുമാനിച്ചു. ഒട്ടേറെ ജോലിക്കാര്‍ കുറെ ദിവസങ്ങള്‍ പണിയെടുത്ത് കുളം കുഴിച്ചു. ഒരു തുള്ളി വെള്ളം പോലും അതില്‍ കണ്ടില്ല. പിന്നീട് രാജാവ് തന്റെ  പ്രജകളെയെല്ലാം വിളിച്ചുവരുത്തി ഒരു കല്‍പന നല്‍കി:

''ഇന്ന് അര്‍ധരാത്രിക്കു ശേഷം രാജ്യത്തെ എല്ലാ വീടുകളില്‍നിന്നും ഒരാള്‍ വന്ന് ഒരു പാത്രം പാല്‍ ഈ കുളത്തിലൊഴിക്കണം. അങ്ങനെ ഇത് പാല്‍ക്കുളമാകും.''

കല്‍പന കേട്ട ജനങ്ങളെല്ലാം വീടുകളിലേക്ക് മടങ്ങിപ്പോയി.

സ്വന്തമായി കുറെ ആടുകളുള്ള വ്യക്തിയാണ് അബ്ദുല്ല. കറവയുള്ള ആടുകളും കൂട്ടത്തിലുണ്ട്. ഒരു പാത്രം പാല്‍ കിട്ടാന്‍ പ്രയാസമൊന്നുമില്ല.

''ഒരു പാത്രം പാല്‍ കുളത്തിലൊഴിക്കാനാണ് രാജാവിന്റെ കല്‍പന. വെള്ളം കിട്ടാത്ത സ്ഥലത്ത് കുളം നിര്‍മിക്കുക. എന്നിട്ട് ജനങ്ങളോട് അതില്‍ പാല്‍ ഒഴിക്കാന്‍ പറയുക. അയാള്‍ക്ക് ഭ്രാന്താണ്'' അബ്ദുല്ല തന്റെ ഭാര്യയോടായി പറഞ്ഞു.

''മനുഷ്യാ വെറുതെ എന്തിന് പാല്‍ മണ്ണിലൊഴിച്ച് കളയണം? അര്‍ധ രാത്രിയല്ലേ കൊണ്ടുപോയി ഒഴിക്കേണ്ടത്? ഒരു പാത്രം വെള്ളം കൊണ്ടുപോയി ഒഴിക്കാം. ഇരുട്ടായതിനാല്‍ ആരും അത് ശ്രദ്ധിക്കില്ല. എല്ലാവരും പാല്‍ ഒഴിക്കുന്നതിനാല്‍ നമ്മള്‍ വെള്ളമൊഴിച്ചത് ആരും അറിയാനും പോകുന്നില്ല'' ഭാര്യ സൂത്രം പറഞ്ഞുകൊടുത്തു.

''നീ പറഞ്ഞത് ശരിയാ...അങ്ങനെ ചെയ്യാം'' അബ്ദുല്ലക്ക് ആ അഭിപ്രായം നല്ലതായി തോന്നി.

അങ്ങനെ ഇരുട്ടിന്റെ മറവില്‍ അബ്ദുല്ല ഒരു പാത്രം വെള്ളം കുളത്തില്‍ കൊണ്ടുപോയി ഒഴിച്ചു.

നേരം പുലര്‍ന്നു. രാജാവ് കുളം കാണാനെത്തി. അത്ഭുതം! അതില്‍ നിറയെ ശുദ്ധമായ വെള്ളം? ഇതെങ്ങനെ സംഭിച്ചു?

അബ്ദുല്ലയും ഭാര്യയും ചിന്തിച്ചതുപോലെയാണ്എല്ലാവരും ചിന്തിച്ചത്. അതിനാല്‍ എല്ലാവരും കുളത്തില്‍ ഒഴിച്ചത് വെള്ളമായിരുന്നു. ഞാന്‍ പാല്‍ ഒഴിച്ചില്ലെങ്കിലും മറ്റുള്ളവര്‍ പാല്‍ ഒഴിക്കും എന്ന് എലാവരും ചിന്തിച്ചു. അങ്ങനെ എല്ലാവരും പച്ചവെള്ളം ഒഴിച്ചു. കുളം നിറഞ്ഞു!

അന്നുതന്നെ രാജാവ് ജനങ്ങളെയെല്ലാം വിളിച്ചുകൂട്ടി. എന്നിട്ട് പറഞ്ഞു: ''പ്രിയമുള്ളവരേ, ഇന്നലെ രാത്രിയില്‍ എല്ലാ വീട്ടുകാരും വെള്ളമില്ലാത്ത പുതിയ കുളത്തില്‍ ഒരു പാത്രം പാല്‍ ഒഴിക്കണമെന്ന് ഞാന്‍ കല്‍പിച്ചിരുന്നു. നിങ്ങളെല്ലാം പറഞ്ഞതുപോലെ ചെയ്തു. എന്നാല്‍ ഒരു അത്ഭുതം നടന്നിരിക്കുന്നു. നേരം പുലര്‍ന്നപ്പോഴേക്കും നിങ്ങള്‍ ഒഴിച്ച പാലെല്ലാം പച്ചവെള്ളമായി മാറിയിരിക്കുന്നു.''

രാജാവ് വാസ്തവത്തില്‍ ജനങ്ങളെ പരീക്ഷിക്കുകയായിരുന്നു.

കൂട്ടുകാരേ, മറ്റുള്ളവര്‍ ചെയ്യട്ടെ എന്ന് വിചാരിച്ച് ആരും താന്‍ ചെയ്യേണ്ട കാര്യം ചെയ്യാതിരിക്കരുത്. പ്രത്യേകിച്ച് മതത്തിന്റെ കാര്യം. മതത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നതും മതപരമായ കാര്യങ്ങള്‍ ചെയ്യുന്നതും നമ്മുടെ ബാധ്യതയാണ്. ആദ്യം അവനവനില്‍നിന്ന് തുടങ്ങുക. സ്വയം നന്നാവുക.