ലൈലതുല്‍ ക്വദ്‌റും ഇഅ്തികാഫും അജ്മലിന്റെ സംശയങ്ങളും

ഉസ്മാന്‍ പാലക്കാഴി

2019 ജൂണ്‍ 01 1440 റമദാന്‍ 27

വേനലവധിയായതിനാല്‍ സ്‌കൂളും മദ്‌റസയുമില്ല. അത്‌കൊണ്ട് തന്നെ നോമ്പിന്റെ പകല്‍ സമയം കുറെ നീണ്ടതായി അജ്മലിന് തോന്നുന്നുണ്ട്. അഞ്ച് നേരവും പള്ളിയില്‍ പോയി നമസ്‌കരിക്കുകയും പള്ളിയില്‍ ക്വുര്‍ആന്‍ ഒാതി കുറെ സമയം ചെലവഴിക്കുകയും ചെയ്യുന്നതാണ് ഒരു സമാധാനം!

വെള്ളിയാഴ്ച ഉപ്പയുടെ കൂടെ അജ്മല്‍ അടുത്തുള്ള പള്ളിയില്‍ ജുമുഅ നമസ്‌കാരത്തിനായി പോയി. വീട്ടില്‍ നിന്ന് വുദൂഅ് ചെയ്ത് പള്ളിയിലേക്ക് നടന്നു പോയാല്‍ ഓരോ കാലടിക്കും പ്രതിഫലമുണ്ടെന്ന് ഉസ്താദില്‍ നിന്ന് കേട്ടതില്‍ പിന്നെ വീട്ടില്‍ നിന്ന് വുദൂഅ് ചെയ്‌തേ അജ്മല്‍ പള്ളിയിലേക്ക് പോകാറുള്ളൂ.

അന്ന് ലൈലതുല്‍ ക്വദ്‌റിനെക്കുറിച്ചായിരുന്നു രണ്ടാമത്തെ ഖുത്വുബ. മൗലവി വളരെ ചുരുക്കിപ്പറഞ്ഞത് അജ്മല്‍ ശ്രദ്ധിച്ചിരുന്ന് കേട്ടു. അവന് കൂടുതലൊന്നും മനസ്സിലായില്ല. ലൈലതുല്‍ ക്വദ്‌റിനെക്കുറിച്ച് കുറെ സംശയങ്ങള്‍ അവന്റെ മനസ്സില്‍ ഉടലെടുത്തു. വീട്ടിലേക്ക് പോകുമ്പോള്‍ ഉപ്പയോട് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാം എന്ന് അവന്‍ തീരുമാനിച്ചു.

ജുമുഅ നമസ്‌കാരവും സുന്നത്ത് നമസ്‌കാരവും പ്രാര്‍ഥനയും കഴിഞ്ഞ് അജ്മലിന്റെ ഉപ്പ ക്വുര്‍ആന്‍ ഓതാന്‍ തുടങ്ങി. അതുപോലെ അജ്മലും ചെയ്തു. കുറച്ചു നേരം ഓതിയ ശേഷം അവര്‍ പള്ളിയില്‍ നിന്ന് പുറത്തിറങ്ങി. ഇടതുകാല്‍ വെച്ച് പുറത്തിറങ്ങുവാനും 'അല്ലാഹുമ്മ ഇന്നീ അസ്അലക മിന്‍ ഫദ്‌ലിക' എന്ന പള്ളിയില്‍ നിന്നും പുറത്തിറങ്ങുമ്പോഴുള്ള പ്രാര്‍ഥന ചൊല്ലാനും അജ്മല്‍ മറന്നില്ല.

''ഉപ്പാ, എനിക്ക് ഒരു സംശയം ചോദിക്കാനുണ്ടായിരുന്നു'' നടന്നു പോകവെ അജ്മല്‍ പറഞ്ഞു.

''ചോദിക്കു മോനേ, എന്താണ് നിന്റെ സംശയം?'' ഉപ്പ അവനെ പ്രോത്സാഹിപ്പിച്ചു.

''ലെലതുല്‍ ക്വദ്‌റിന് നിര്‍ണയത്തിന്റെ രാവ് എന്നാണ് അര്‍ഥമെന്ന് മൗലവി പറഞ്ഞു. അതൊന്ന് വിശദീകരിക്കാമോ?''

''ക്വദ്ര്‍ എന്ന വാക്കിന് 'നിര്‍ണയിക്കുക,' 'കണക്കാക്കുക' 'നിലപാട്,' 'ബഹുമാനം' എന്നിങ്ങിനെയെല്ലാം അര്‍ഥമുണ്ട്. അതിനാല്‍ 'ലൈലതുല്‍ ക്വദ്ര്‍' എന്ന വാക്കിന് 'നിര്‍ണയത്തിന്റെ രാത്രി' എന്നും 'ബഹുമാനത്തിന്റെ രാത്രി' എന്നും അര്‍ഥം പറയാം. ഓരോ വര്‍ഷത്തിലെയും ഭക്ഷണം, ആയുസ്സ്, തീരുമാനങ്ങള്‍ മുതലായവ മലക്കുകള്‍ക്ക് കാണിക്കപ്പെടുന്ന ദിനമായതു കൊണ്ടാണ് ലൈലതുല്‍ ക്വദ്ര്‍ എന്ന് നാമകരണം ചെയ്യപ്പെട്ടതെന്ന് പണ്ഡിതര്‍ പറയുന്നു. ആ രാത്രിയില്‍ യുക്തിപൂര്‍ണമായ ഓരോ കാര്യവും വേര്‍തിരിച്ചു വിവരിക്കപ്പെടുന്നു'എന്നുംമലക്കുകളും ജിബ്‌രീലും അവരുടെ രക്ഷിതാവിന്റെ എല്ലാ കാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങിവരും'എന്നും നിനക്ക് കാണാതെ അറിയുന്ന 'ഇന്നാ അന്‍സല്‍നാഹു ഫീ ലൈലതില്‍ ക്വദ്ര്‍' എന്ന് തുടങ്ങുന്ന ചെറിയ സൂറത്തില്‍ അല്ലാഹു പറയുന്നുണ്ട്.''

''വേറെയും അര്‍ഥം അതിനുണ്ട് എന്ന് മൗലവി പറഞ്ഞല്ലോ.''

''കാര്യങ്ങള്‍ നിര്‍ണയിക്കപ്പെടുന്ന രാവ്, അല്ലാഹുവിന്റെ മഹത്തായ കാരുണ്യവും പാപമോചനവും അനുഗ്രഹങ്ങളും കൊണ്ടും വിശുദ്ധ ക്വുര്‍ആനിന്റെ അവതരണം കൊണ്ടും ആദരിക്കപ്പെട്ട രാവ്, മലക്കുകളുടെ ആധിക്യം കൊണ്ട് ഭൂതലം ഇടുങ്ങുന്ന രാവ് തുടങ്ങിയ വിശേഷണങ്ങളെല്ലാം ലൈലതുല്‍ ക്വദ്‌റിന് അനുയോജ്യമായി വരുന്നതാണ് മോനേ.''

''ആയിരം മാസത്തെക്കാള്‍ പുണ്യം നിറഞ്ഞ ആ രാവ് എന്നാണ് എന്ന് പറഞ്ഞുതന്നിരുന്നെങ്കില്‍എത്ര നന്നായിരുന്നു അല്ലേ ഉപ്പാ...!'' അജ്മല്‍ തന്റെ വലിയ ആഗ്രഹം പ്രകടിപ്പിച്ചു.

''നബി ﷺ ക്ക് അല്ലാഹു അത് അറിയിച്ചു കൊടുത്തിരുന്നു. അക്കാര്യം സ്വഹാബിമാരെ അറിയിക്കുവാന്‍ നബി ﷺ  ഒരിക്കല്‍ പുറപ്പെട്ടു.അപ്പോള്‍ മുസ്‌ലിംകളില്‍പ്പെട്ട രണ്ടുപേര്‍ തമ്മില്‍ ശണ്ഠ കൂടുന്നത് നബി ﷺ  കാണുകയുണ്ടായി.''

''എന്നിട്ട്?''

''അതിനിടയില്‍ നബി ﷺ  ദിവസമേത് എന്നത് മറന്നു. അല്ലാഹു മറപ്പിച്ചതാണ്. ആ വിജ്ഞാനം ഉയര്‍ത്തപ്പെട്ടു എന്നാണ് നബി ﷺ  പറഞ്ഞത്. ഒരുരുപക്ഷേ, അതു നിങ്ങള്‍ക്ക് ഗുണകരമായിരിക്കാം എന്നും നബി ﷺ  പറഞ്ഞു.''

''അതില്‍ എന്താണ് ഗുണം ഉപ്പാ?''

''അത് അറിഞ്ഞാല്‍ ആ ദിവസം മാത്രം ജനങ്ങള്‍ ആരാധനകളില്‍ മുഴുകുന്ന അവസ്ഥയുണ്ടാകും എന്നതിനാലായിരിക്കാം. അല്ലാഹുവാണ് നന്നായി അറിയുന്നവന്‍.''

''അപ്പോള്‍ പിന്നെ എല്ലാ ദിവസവും ലൈലതുല്‍ ക്വദ്‌റിനെ പ്രതീക്ഷിക്കണമെന്നാണോ?''

''അല്ല. നിങ്ങള്‍ റമദാന്‍ അവസാനത്തെ പത്തില്‍ ഒറ്റയായ രാവുകളില്‍ ലൈലതുല്‍ ക്വദ്‌റിനെ അന്വേഷിക്കുക എന്ന് നബി ﷺ  പറഞ്ഞിട്ടുണ്ട്. റമദാനിലെ 21,23,25,27,29 രാവുകളില്‍ ഏതുമാകാം. അതുകൊണ്ട് ആ രാവുകളിലെല്ലാം പ്രതീക്ഷിക്കലാണ് ഉത്തമം.''

''അവസാനത്തെ പത്തില്‍ ഇഅ്തികാഫിരിക്കാനും മൗലവി പറഞ്ഞല്ലോ.''

''അതെ, പ്രത്യേക നിയ്യത്തോടുകൂടി പള്ളിയില്‍ തന്നെ ആരാധനകളില്‍ മുഴുകി കഴിയലാണ് ഇഅ്തികാഫ്. ലൈലതുല്‍ ക്വദ്‌റിനെ തേടിക്കൊണ്ടാണ് ഞാന്‍ ആദ്യത്തെ പത്തില്‍ ഇഅ്തികാഫ് ഇരുന്നത്. പിന്നീട് നടുവിലെ പത്തിലും ഇരുന്നു. പിന്നീട് അത് അവസാനത്തെ പത്തിലാണെന്ന് ഞാന്‍ അറിയിക്കപ്പെട്ടു. അതുകൊണ്ട് ആരെങ്കിലും എന്റെ കൂടെ ഇഅ്തികാഫ് ഇഷ്ടപ്പെടുന്നുവെങ്കില്‍ അവര്‍ ഇഅ്തികാഫ് ഇരുന്നുകൊള്ളട്ടെ എന്ന് നബി ﷺ  പറഞ്ഞതായി കാണാം'' ഉപ്പ വിശദീകരിച്ചു.

''ഇഅ്തികാഫ് ഇരിക്കുന്നവര്‍ക്ക് പള്ളിയില്‍ തന്നെ കഴിച്ചുകൂട്ടണമെന്ന് പറഞ്ഞല്ലോ. വീട്ടിലേക്കും അങ്ങാടിയിലേക്കുമൊന്നും പോകാന്‍ പാടില്ലേ?''

''കഴിയുന്നതും പള്ളിയില്‍ തന്നെ കഴിഞ്ഞുകൂടണം. അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തുപോകേണ്ടിവന്നാല്‍ പോകാം.''

ഇരുവരും വീടിനു മുന്നിലെത്തി. അജ്മല്‍ കോളിംഗ് ബെല്‍ അമര്‍ത്തി. ഉമ്മ കതക് തുറന്നു. അജ്മല്‍ സലാം പറഞ്ഞ് അകത്തു കയറി, കൂടെ ഉപ്പയും. താന്‍ കേട്ടതും മനസ്സിലാക്കിയതുമെല്ലാം ഉമ്മയോട് പറയാനുള്ള തിരക്കിലായിരുന്നു അജ്മല്‍.