മുതിര്‍ന്നവരെ ആദരിക്കുക

സമീര്‍ മുണ്ടേരി

2019 ജൂലായ് 20 1440 ദുല്‍ക്വഅദ് 17

പ്രിയപ്പെട്ട കുട്ടികളേ, നമ്മുടെ മാതാപിതാക്കള്‍, അധ്യാപകര്‍, സഹോദരങ്ങള്‍, അയല്‍വാസികള്‍ തുടങ്ങി നമ്മെക്കാള്‍ പ്രായമുള്ള പലരോടും ഇടപഴകി ജീവിക്കുന്നവരാണ് നമ്മള്‍. പ്രായം കൂടിയവരോട് നാം പെരുമാറുന്നതും സംസാരിക്കുന്നതും സമപ്രായക്കാരായ കൂട്ടുകാരോട് പെരുമാറുന്നത് പോലെയോ സംസാരിക്കുന്നത് പോലെയോ ആയിക്കൂടാ.

മുതിര്‍ന്നവരോട് നമുക്ക് ചില കടമകളും കടപ്പാടുകളുമുണ്ട് എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. അവരെ ബഹുമാനിക്കുക എന്നത് അതില്‍ പെട്ട ഒന്നാണ്.  

'ഒരു വൃദ്ധനെ അയാളുടെ പ്രായത്തിന്റെ പേരില്‍ ബഹുമാനിക്കുന്ന ഒരു യുവാവിന് അയാളുടെ വാര്‍ധക്യത്തില്‍ അയാളെ ബഹുമാനിക്കുന്നവരെ അല്ലാഹു പകരം നല്‍കാതിരിക്കുകയില്ല' എന്ന് നമ്മുടെ നബി ﷺ  പറഞ്ഞത് നാം ഓര്‍ക്കുക. നമുക്ക് വയസ്സായാല്‍ മറ്റുള്ളവര്‍ നമ്മെ ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യണമെങ്കില്‍ നമ്മുടെ ചെറുപ്രായത്തില്‍ നാം വലിയവരെ ബഹുമാനിക്കാന്‍ ശീലിക്കേണ്ടതുണ്ട്.

മറ്റൊരിക്കല്‍ നബി ﷺ  പറഞ്ഞു:''നമ്മുടെ കൂട്ടത്തിലെ മുതിര്‍ന്നവരെ ബഹുമാനിക്കാത്തവരും ചെറിയവരോട് കരുണ കാണിക്കാത്തവരും നമ്മില്‍ പെട്ടവരല്ല.''

മുസ്‌ലിംകള്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ ആദ്യമായി സലാം പറയണമെന്ന് നമുക്കറിയാം. സലാം പറയുന്നതിന് വലിയ മഹത്ത്വമാണ് ഇസ്‌ലാം കല്‍പിക്കുന്നത്. മുതിര്‍ന്ന ഒരാളെ കണ്ടുമുട്ടുമ്പോള്‍ നാമാണ് ആദ്യം സലാം പറയേണ്ടത് എന്നാണ് നബി ﷺ  പഠിപ്പിക്കുന്നത്. സലാം പറയുന്നതില്‍ പാലിക്കേണ്ട മര്യാദ നബി ﷺ  പറഞ്ഞുതരുന്നത് കാണുക:

''വാഹനത്തില്‍ യാത്ര ചെയ്യുന്നവന്‍ നടക്കുന്നവനോടും നടന്നു പോകുന്നവന്‍  ഇരിക്കുന്നവനോടും ചെറിയ സംഘം വലിയ സംഘത്തോടും സലാം പറയേണ്ടതാണ്, കുട്ടികള്‍ വലിയവര്‍ക്കും.''

വയസ്സായവര്‍ ഉണ്ടാകുമ്പോള്‍ അവരെ ഏത് കാര്യത്തിലും നാം പരിഗണിക്കാന്‍ ശ്രദ്ധിക്കണം. ഖൈബര്‍ യുദ്ധ സമയത്ത് നബി ﷺ യുടെ മുന്നില്‍ വന്ന് അബ്ദുറഹ്മാനുബ്‌നു സഹല്‍(റ) സംസാരിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ കൂടെ അദ്ദേഹത്തെക്കാള്‍ പ്രായമുളളവര്‍ ഉണ്ടായിരുന്നു. അപ്പോള്‍ നബി ﷺ  പറഞ്ഞു: ''മുതിര്‍ന്നവര്‍, മുതിര്‍ന്നവര്‍ (മുതിര്‍ന്നവര്‍ സംസാരിക്കട്ടെ).''

ബഹുമാനിക്കപ്പെടാനും സംസാരം തുടങ്ങാനുമുളള അവകാശം കൂട്ടത്തില്‍ മുതിര്‍ന്നവര്‍ക്കാണ് എന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം.  

കൂട്ടുകാരേ, നിങ്ങള്‍ പത്രം വായിക്കാറുണ്ടല്ലോ. പ്രായമായ മാതാപിതാക്കളെ എവിടെയെങ്കിലും  കൊണ്ടുപോയി ഉപേക്ഷിക്കുകയോ, ഭക്ഷണവും മരുന്നും നല്‍കാതെ പ്രയാസപ്പെടുത്തുകയോ ഒക്കെ ചെയ്യുന്ന വാര്‍ത്തകള്‍ നിങ്ങള്‍ വായിച്ചിട്ടുണ്ടാകും. വാട്‌സാപ്പിലൂടെയും മറ്റും വേദനിപ്പിക്കുന്ന അത്തരം വീഡിയോകള്‍ നിങ്ങള്‍ കണ്ടിട്ടുമുണ്ടാകും. എന്തൊരു ദുഷ്ടതയാണ് അത് അല്ലേ? അങ്ങനെയൊക്കെ ചെയ്യാന്‍ ഒരിക്കലും പാടില്ല എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അല്ലാഹു പറയുന്നത് നോക്കൂ:

''തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക് നന്മചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട് പേരും തന്നെയോ നിന്റെ അടുക്കല്‍ വെച്ച് വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക. കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക'' (ക്വുര്‍ആന്‍ 17:23,24).