കര്‍ഷകനും കറുത്ത കല്ലുകളും

പുനരാഖ്യാനം: ഉസ്മാന്‍ പാലക്കാഴി

2019 മെയ് 25 1440 റമദാന്‍ 20

അബൂഹനാന്‍ കഠിനാധ്വാനിയായ നല്ല ഒരു കര്‍ഷകനായിരുന്നു. കാലത്തുതന്നെ അദ്ദേഹം ആവശ്യമായ വെള്ളവും ഭക്ഷണവുമായി അകലെയുള്ള കൃഷിസ്ഥലത്തേക്ക് പോകും. വൈകുന്നേരം വീട്ടിലേക്ക് മടങ്ങും.

ഒരിക്കല്‍ അദ്ദേഹം കൃഷിസ്ഥലം കിളച്ചുമറിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒരു സ്ഥലത്ത് കിളച്ചപ്പോള്‍ കട്ടിയും ഉറപ്പുമുള്ള എന്തിലോ മണ്‍വെട്ടി തട്ടിയ പോലെ തോന്നി. വീണ്ടും കിളച്ചു നോക്കി. അതെ, അവിടെ എന്തോ ഉണ്ട്. അത് കല്ലല്ല എന്ന് ഉറപ്പാണ്. കാരണം മണ്‍വെട്ടി അതില്‍ കൊള്ളുമ്പോള്‍ ഒരു മുഴക്കം കേള്‍ക്കുന്നുണ്ട്. അദ്ദേഹത്തിന് അത് എന്താണെന്നറിയാന്‍ ആകാംക്ഷയായി.

അത് എന്താണെന്ന് അറിഞ്ഞിട്ടു തന്നെ ബാക്കി കാര്യം. അബൂഹനാന്‍ ഏറെ പണിപ്പെട്ട് അതിനു ചുറ്റും ആഴത്തില്‍ കിളച്ച് ചുറ്റുമുള്ള മണ്ണ് നീക്കി. അത് വലിയൊരു പെട്ടിയായിരുന്നു. അദ്ദേഹം ഏറെ പണിപ്പെട്ട് പെട്ടി പുറത്തെടുത്തു.

അതിനുള്ളില്‍ എന്തായിരിക്കും? സ്വര്‍ണവും വെള്ളിയുമൊക്കെയുള്ള നിധിയായിരിക്കുമോ? ആകാംക്ഷയോടെ അദ്ദേഹം പെട്ടി തുറന്നു. നിരാശയായിരുന്നു ഫലം. ഉള്ളില്‍ നിറയെ പല വലിപ്പത്തിലും ആകൃതിയിലുമുള്ള പൊടിപിടിച്ച കറുത്ത കല്ലുകള്‍ മാത്രം!

ഈ കല്ലുകള്‍ കൊണ്ട് എന്ത് ഗുണം? വലിച്ചെറിഞ്ഞാലോ? അല്ലെങ്കില്‍ േവണ്ട! ധാന്യങ്ങള്‍ മൂപ്പെത്തുമ്പോള്‍ അവ കൊത്തിത്തിന്നാന്‍ വരുന്ന പക്ഷികളെ എറിഞ്ഞാട്ടാന്‍ ഈ കല്ലുകള്‍ ഉപയോഗിക്കാം. അതുവരെ വീട്ടില്‍ സൂക്ഷിക്കാം; അബൂഹനാന്‍ ചിന്തിച്ചു.

മാസങ്ങള്‍ കഴിഞ്ഞു. അബൂഹനാന്റെ കൃഷിയിടത്തില്‍ ധാന്യങ്ങള്‍ വിളഞ്ഞു. മൂപ്പെത്തിത്തുടങ്ങാറായ ധാന്യമണികള്‍ കൊത്തിത്തിന്നാന്‍ പക്ഷികള്‍ എത്തിത്തുടങ്ങി. അദ്ദേഹം ആ വലിയ പെട്ടിയില്‍ നിന്ന് ഓരോ കല്ലെടുത്ത് പക്ഷികളെ എറിഞ്ഞകറ്റാന്‍ തുടങ്ങി. അങ്ങനെ പല ദിവസങ്ങള്‍ കഴിഞ്ഞു.

ഒരു ദിവസം അബൂഹനാന്‍ പക്ഷികളെ എറിഞ്ഞാട്ടിക്കൊണ്ടിരിക്കവെ പാടവരമ്പിലൂടെ ഒരാള്‍ നടന്നുവന്നു. അയാള്‍ വിലകൂടിയ രത്‌നക്കല്ലുകളും മുത്തുകളും വജ്രവുമൊക്കെ കച്ചവടം ചെയ്യുന്ന വ്യക്തിയായിരുന്നു. കര്‍ഷകന്‍ പക്ഷികള്‍ക്ക് നേരെ എറിഞ്ഞ രണ്ടു കല്ലുകള്‍ നടന്നുവരികയായിരുന്ന കച്ചവടക്കാരന്റെ അടുത്തു ചെന്നാണ് വീണത്. ആ കല്ലുകള്‍ക്ക് എന്തോ പ്രത്യേകതയുള്ളതായി തോന്നിയതിനാല്‍ അദ്ദേഹം കുനിഞ്ഞ് രണ്ടു കല്ലുകളും കയ്യിലെടുത്ത് പരിശോധിച്ചു. അവ രണ്ടും വിലയേറിയ വജ്രക്കല്ലുകളായിരുന്നു!

കര്‍ഷകന്‍ കച്ചവടക്കാരന്‍ കല്ലുകള്‍ കയ്യിലെടുത്ത് നില്‍ക്കുന്നത് കണ്ടപ്പോള്‍ അദ്ദേഹത്തിനടുത്തേക്ക് ചെന്നു. സത്യസന്ധനായ ആ കച്ചവടക്കാരന്‍ കര്‍ഷകനോട് ചോദിച്ചു:

''ഈ കല്ലുകള്‍ എനിക്ക് തരുമോ? ഓരോ കല്ലിനും അയ്യായിരം രൂപ വീതം തരാം''

കച്ചവടക്കാരന്‍ തന്നെ കളിയാക്കുകയാണെന്ന് വിചാരിച്ച കര്‍ഷകന്‍ തരില്ല എന്ന് മറുപടി പറഞ്ഞു.

''എങ്കില്‍ അമ്പതിനായിരം വീതം തരാം'' കച്ചവടക്കാരന്‍ പറഞ്ഞു.

കര്‍ഷന്‍ ഇത് കേട്ട് അത്ഭുതപ്പെട്ടു. എന്താണ് ഇയാള്‍  പറയുന്നത്! ഇയാള്‍ക്ക് ഭ്രാന്താണോ? ഒരു കല്ലിന് ഇത്രയും വിലയോ? ഇതെന്ത് മറിമായം!

കര്‍ഷകന്‍ ഒരു പാവമാണെന്നും ഈ കല്ലിന്റെ മൂല്യത്തെക്കുറിച്ച് അയാള്‍ക്ക് അറിയില്ലെന്നും മനസ്സിലായ കച്ചവടക്കാരന്‍ പറഞ്ഞു:

''സഹോദരാ, ഇവ സാധാരണ കല്ലുകളല്ല. വിലയേറിയ വജ്രക്കല്ലുകളാണ്. താങ്കള്‍ക്ക് ഇത് എവിടെനിന്നാണ് കിട്ടിയത്? ഇതുകൊണ്ടാണോ കിളികളെ ആട്ടുന്നത്?''

ഇത് കേട്ട കര്‍ഷകന്‍ ഞെട്ടിപ്പോയി. താന്‍ എന്ത് വിഡ്ഢിത്തമാണ് ഇത്രയും നാള്‍ ചെയ്തത്! നൂറ് കണക്കിന് കല്ലുകളാണ് പക്ഷികളെ എറിഞ്ഞ് കളഞ്ഞത്. ദൂരെ ചെന്നു വീണതെല്ലാം പലര്‍ക്കും കിട്ടിയിട്ടുണ്ടാകും. ഇനി പെട്ടിയില്‍ ബാക്കിയുള്ളത് രണ്ട് കല്ലുകള്‍ മാത്രം. അയാള്‍ സങ്കടത്താല്‍ കരയാന്‍ തുടങ്ങി. കരച്ചിലിനിടയില്‍, സംഭവിച്ച കാര്യമെല്ലാം കച്ചവടക്കാരനോട് പറഞ്ഞു.

''സുഹൃത്തേ, ഇനി കരഞ്ഞതുകൊണ്ട് കാര്യമില്ല. നഷ്ടപ്പെട്ടത് നഷ്ടപ്പെട്ടു. കൃഷി കൊയ്‌തെടുത്ത ശേഷം പാടത്ത് തിരഞ്ഞു നോക്കുക. ചിലപ്പോള്‍ കുറച്ചു കല്ലുകളെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞേക്കും. ബാക്കിയുള്ള കല്ലുകള്‍ എനിക്ക് തരൂ. മൂല്യമനുസരിച്ചുള്ള കാശ് ഞാന്‍ തരാം'' കച്ചവടക്കാരന്‍ കര്‍ഷകനെ ആശ്വസിപ്പിച്ചു.

കൂട്ടുകാരേ, ഇതുപോലെ തന്നെയാണ് നമ്മുടെ സമയവും. സമയം വളരെ വിലപ്പെട്ടതാണ്. ഇന്ന് നാം അത് വെറുതെ പാഴാക്കിക്കളയുന്നു. കര്‍ഷകന്‍ കല്ല് എറിഞ്ഞുകളഞ്ഞത് പോലെ നമ്മുടെ സമയം നമ്മള്‍ അവിെടയും ഇവിെടയുമായി വെറുതെ കളയുന്നുണ്ട്. സമയത്തിന്റെ വിലയെക്കുറിച്ച് നാം ചിന്തിക്കുന്നേയില്ല. എന്നാല്‍ നാളെ പരലോകത്ത് അല്ലാഹു നമ്മെ വിചാരണ ചെയ്യുേമ്പാള്‍ സമയത്തിന്റെ വില നാം തിരിച്ചറിയും. ആയുസ്സ് ഏത് വഴിയില്‍ വിനിയോഗിച്ചു എന്ന ചോദ്യത്തിന് നന്മയുടെ മാര്‍ഗത്തില്‍ എന്ന് മറുപടി പറയാന്‍ സാധിച്ചാലേ നമുക്ക് രക്ഷയുള്ളൂ. ഇപ്പോള്‍ നമുക്കുള്ളത് സമയത്തെ നന്നായി ഉപയോഗപ്പെടുത്താനുള്ള അവസരമാണ്. അത് നഷ്ടപ്പെടുത്താതെ ജീവിക്കുക.