മെഴുകുതിരി പോലൊരു ജീവിതം

അഫ്‌വാന ബിന്‍ത് ലത്വീഫ് (സല്‍സബീല്‍, വെങ്കിടങ്ങ്

2019 ജനുവരി 26 1440 ജുമാദുല്‍ അവ്വല്‍ 19

ഒരു ഞായറാഴ്ച ദിവസം. രാവിലെ മുനീര്‍ സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് പോയതാണ്. പോകും വഴിയില്‍ ചായക്കടയില്‍ നിന്ന് ഒരു ബഹളം കേട്ടു. കടക്കാരന്‍ ഒരു വൃദ്ധനോട് ദേഷ്യപ്പെട്ട് സംസാരിക്കുന്നു. കച്ചവടക്കാരനും വൃദ്ധനുമല്ലാതെ മറ്റാരും അവിടെയില്ല. അവന്‍ അവിടെ ചെന്ന് കാര്യം തിരക്കി.

വൃദ്ധന്‍ പറഞ്ഞു: ''ഒരു ചായ കുടിച്ചതാണ് മോനേ. ചായയുടെ കാശ് കൊടുക്കാന്‍ എന്റ കയ്യില്‍ ഇല്ല. അതിന്റെ പേരിലാ എന്നെ ഇയാള്‍...'' വാക്കുകള്‍ പൂര്‍ത്തിയാക്കാനാകാതെ വൃദ്ധന്‍ കണ്ണുനീര്‍ തുടച്ചു. 

മുനീറിന് അയാളോട് ദയ തോന്നി. അവന്‍ പറഞ്ഞു: ''ഇദ്ദേഹത്തിന് ഒരു ചായയും കഴിക്കാന്‍ എന്തെങ്കിലും കൊടുക്കൂ ഇക്കാ. കാശ് ഞാന്‍ തരാം.''

കടക്കാരന്‍ അവിശ്വസനീയമായി അവനെയൊന്ന് നോക്കി ചായയെടുക്കാന്‍ പോയി. വിശന്നു വലഞ്ഞിരുന്ന വൃദ്ധന്‍ ആര്‍ത്തിയോടെ ഭക്ഷണം കഴിക്കുന്നത് അവന്‍ നോക്കിനിന്നു. അവന്‍ പോക്കറ്റില്‍നിന്ന് കാശെടുത്ത് കടക്കാരന് നല്‍കി. വൃദ്ധന്‍ സന്തോഷത്തോടെയും നന്ദിയോടെയും അവനെ നോക്കി. 

അയാളെക്കുറിച്ച് ഓര്‍ത്തുകൊണ്ടാണ് മുനീര്‍ സാധനങ്ങള്‍ വാങ്ങി മടങ്ങിയത്. അന്നേരമതാ അയാള്‍ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന പഴയ ഒരു കടയുടെ വരാന്തയില്‍ കിടക്കുന്നു! അപ്പോഴാണ് മുനീര്‍ വൃദ്ധനെ നന്നായി ശ്രദ്ധിക്കുന്നത്. കീറിപ്പറിഞ്ഞ വസ്ത്രം! കാലില്‍ ചെരുപ്പുമില്ല!

മുനീര്‍ പതുക്കെ അയാളുടെ അടുത്തേക്ക് ചെന്നു. അവന്‍ ചോദിച്ചു: ''വല്ലിപ്പാ...!''

വൃദ്ധന്‍ പതിയെ കുഴിയിലാണ്ട കണ്ണുകള്‍ തുറന്ന് അവനെ നോക്കി. 

''നിങ്ങളുടെ വീടെവിടെയാണ്? ഇപ്പോള്‍ എവിടെ നിന്നാണ് നിങ്ങള്‍ വരുന്നത്?'' മുനീര്‍ ചോദിച്ചു.

അയാള്‍ ഒന്നും മിണ്ടിയില്ല. 

''പറയൂ വല്ലിപ്പാ...''മുനീര്‍ ആവര്‍ത്തിച്ചു.

''മോനേ ഞാന്‍ എവിടനിന്നോ വരുന്നു. എങ്ങോട്ടാണ് പോകുന്നതെന്നും അറിയില്ല. മരിച്ച് വീഴുന്നതുവരെ ഇങ്ങനെ നടക്കും...'' വിദൂരതയിലേക്ക് നോക്കിക്കൊണ്ട് വദ്ധന്‍ പറഞ്ഞു.

''നിങ്ങള്‍ക്ക് വീടില്ലേ? ഭാര്യയും മക്കളുമില്ലേ?'' മുനീര്‍ ചോദിച്ചു.

അപ്പോള്‍ അയാള്‍ ചിലമ്പിച്ച സ്വരത്തില്‍ പറഞ്ഞു: ''മോനേ, ഭാര്യയും മക്കളുമൊക്കെയുണ്ട്.''

''എന്നിട്ടും നിങ്ങളെന്താ ഇങ്ങനെ ആരുമില്ലാത്ത പോലെ നടക്കുന്നത്?'' 

''എന്റെ നല്ല പ്രായത്തില്‍ എനിക്ക് ഗള്‍ഫിലേക്ക് പോകാന്‍ അവസരം കിട്ടി. ഒരുപാട് വര്‍ഷങ്ങള്‍ അവിടെ രാവും പകലും അധ്വാനിച്ച് ജീവിച്ചു. നാട്ടില്‍ ഒരു വലിയ വീടുണ്ടാക്കി. രണ്ട് ആണ്‍മക്കളില്‍ ഒരാളെ പഠിപ്പിച്ച് എഞ്ചിനീയറും ഒരാളെ പഠിപ്പിച്ച് ഡോക്ടറുമാക്കി...''

''എന്നിട്ട്...?''

''എന്റെ ഭാര്യക്കും മക്കള്‍ക്കും ആദ്യമൊക്കെ എന്നോട് വലിയ സ്‌നേഹമായിരുന്നു. കാലം കഴിയും തോറും സ്‌നേഹം കുറഞ്ഞ് കൊണ്ടിരുന്നു. വയസ്സായതോടെ ഞാന്‍ ഗള്‍ഫില്‍നിന്ന് മടങ്ങി. അതോടെ എന്നെയൊരു ഭാരമായി അവര്‍ കണ്ടു... എന്റെ പക്കല്‍ കാശൊന്നും ബാക്കിയില്ലെന്നറിഞ്ഞപ്പോള്‍ എന്നോട് ദേഷ്യമായി. കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ എന്നെ അറിയിക്കാതായി. കുത്തുവാക്കുകള്‍ കൊണ്ട് എന്നെ വേദനിപ്പിച്ചു. ഭക്ഷണം പോലും തരാതെയായി. എന്റെ ഭാര്യ... അവള്‍ ഇങ്ങനെ മാറുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല...'' അയാള്‍ തേങ്ങിക്കരയാന്‍ തുടങ്ങി. അത് കണ്ടപ്പോള്‍ മുനീറിന്റെ കണ്ണുകളും നിറഞ്ഞാഴുകി. 

''എങ്ങനെ നിങ്ങള്‍ ഈ നിലയില്‍ തെരുവിലെത്തി?'' മുനീര്‍ ചോദിച്ചു.

''ഒരു ദിവസം സുഖമില്ലാതെ കിടക്കുകയായിരുന്ന എന്നെ എന്റെ മക്കള്‍ കാറില്‍ കയറ്റി എങ്ങോട്ടോ കൊണ്ടു പോയി. എനിക്ക് പരിചയമില്ലാത്ത സ്ഥലത്ത് എന്നെ ഇറക്കിവിട്ടു. അന്നു തൊട്ട് അലയാന്‍ തുടങ്ങിയതാണ് ഞാന്‍...'' 

വൃദ്ധന്‍ എന്തോ ഓര്‍ത്തിട്ടെന്ന പോലെ പൊട്ടിച്ചിരിച്ചു. താമസിയാതെ അത് പൊട്ടിക്കരച്ചിലായി മാറി. സ്വന്തക്കാര്‍ കയ്യൊഴിച്ചതോടെ വൃദ്ധന്റെ മാനസികനില തന്നെ ചെറുതായി തെറ്റിയിരിക്കുന്നു എന്ന് മുനീറിന് മനസ്സിലായി. അവന്‍ അല്‍പസമയം ആലോചിച്ചുനിന്ന ശേഷം ചോദിച്ചു:

''നിങ്ങള്‍ എന്റെ കൂടെ വീട്ടിലേക്ക് പോരുന്നോ?''

ഇത് കേട്ടതും വൃദ്ധന്‍ പൊട്ടിച്ചിരിച്ചു. എന്നിട്ട് ചോദിച്ചു: ''വീട്ടിലേക്കോ? ഏത് വീട്? ആരുടെ വീട്? ഈ കാണുന്നതെല്ലാമാണ് എന്റെ വീട്. മറ്റൊരു വീടും എനിക്കില്ല.''

''എന്റെ വീട്ടിലേക്ക് പോരുന്നോ എന്നാണ് ചോദിച്ചത്.''

''നിന്റെ വീട്...? മരിക്കാറായ ഈ വയസ്സനെ ആര് വീട്ടില്‍ കയറ്റും?''

''നിങ്ങള്‍ വാ... നമുക്ക് പോയി നോക്കാം.''

അവന്‍ വൃദ്ധന്റെ ചുക്കിച്ചുളിഞ്ഞ കയ്യില്‍ പിടിച്ചു. ആ സ്പര്‍ശനത്തില്‍ ഒരുനിമിഷം അയാളുടെ മനസ്സ് വര്‍ഷങ്ങള്‍ക്ക് പുറകിലേക്ക് പാഞ്ഞു. തന്റെ കുസൃതിക്കുടുക്കകളായ മക്കളുടെ കൈപിടിച്ച് നടന്ന രംഗം മനസ്സില്‍ മിന്നി മറഞ്ഞു. 

അയാള്‍ വടിയും കുത്തിപ്പിടിച്ച് വേച്ചുവേച്ച് മുനീറിന്റെ കൂടെ അനുസരണയുള്ള കുട്ടിയെ പോലെ നടന്നു. മുനീര്‍ മടങ്ങിവരുന്നത് കാണാതായപ്പോള്‍ അവനെയും നോക്കി വരാന്തയില്‍ നില്‍ക്കുകയായിരുന്നു ഉമ്മ. ഉപ്പ വരാന്തയില്‍ ഇരുന്ന് പതിവ് പോലെ പത്രം വായിക്കുന്നു. 

ദൂരെനിന്നു തന്നെ മുനീര്‍ വരുന്നതു കണ്ട ഉമ്മ പറഞ്ഞു: ''മോന്‍ വരുന്നുണ്ട്. കൂടെ ആരോ ഉണ്ടല്ലോ.''

അത് കേട്ടപ്പോള്‍ പത്രം മേശപ്പുറത്ത് വെച്ച് ഉപ്പ എഴുന്നേറ്റു. അവര്‍ മുറ്റത്ത് എത്തിയപ്പോള്‍ ഉപ്പ ചോദിച്ചു: ''മോനേ, ഇതാരാണ്?''

''പറയാം ഉപ്പാ. ആദ്യം ഇദ്ദേഹം കയറിയിരിക്കട്ടെ.''

 മുനീര്‍ കൈപിടിച്ച് അയാളെ കസേരയില്‍ ഇരുത്തി. അവന്‍ നടന്ന കാര്യങ്ങളെല്ലാം ഉപ്പയോട് പറഞ്ഞു. തന്റെ മകന്റെ നല്ല മനസ്സ് കണ്ടപ്പോള്‍ ഉമ്മയും ഉപ്പയും സന്തോഷത്താല്‍ നിറഞ്ഞ കണ്ണുകളോടെ അവനെ അണച്ചുപിടിച്ചു. തികച്ചും അന്യനായ ഒരാളോട് ഇങ്ങനെ അനുകമ്പ കാണിക്കുന്ന മകന്‍ തങ്ങള്‍ക്ക് വയസ്സാകുമ്പോള്‍ തങ്ങളെ കൈവെടിയില്ല എന്ന ചിന്ത അവരില്‍ വല്ലാത്തൊരു ആനന്ദം നിറച്ചു. 

ഉപ്പയും മുനീറും ചേര്‍ന്ന് അയാളെ കുളിപ്പിച്ചു. നല്ല വസ്ത്രങ്ങള്‍ ധരിപ്പിച്ചു. വയറു നിറയെ ഭക്ഷണം നല്‍കി. 

മുനീര്‍ പറഞ്ഞു: ''ഉപ്പാ, നമുക്ക് ഇയാളെ നമ്മുടെ വീട്ടില്‍ താമസിപ്പിച്ചാലോ? പടച്ചവന്റെ അടുക്കല്‍ നിന്ന് നമുക്ക് ഒരുപാട് പുണ്യം കിട്ടില്ലേ ഇയാളെ സംരക്ഷിച്ചാല്‍?''

''തീര്‍ച്ചയായും കിട്ടും മോനേ. നമുക്ക് ഇദ്ദേഹത്തെ ആദ്യം ഒരു ആശുപത്രിയില്‍ കൊണ്ടുപോകണം.''

ഉപ്പയും ഉമ്മയും മകനും ചേര്‍ന്ന് തന്നെക്കുറിച്ച് സംസാരിക്കുന്നതൊന്നും ശ്രദ്ധിക്കാതെ വിദൂരതയിലേക്ക് നോക്കി ചിന്താമഗ്‌നനായി ഇരിക്കുകയായിരുന്നു അയാള്‍.