സമ്പന്നനായ ദരിദ്രന്‍

ഉസ്മാന്‍ പാലക്കാഴി

2019 ജൂണ്‍ 22 1440 ശവ്വാല്‍ 19

ഒരിടത്ത് ഒരു ധനികനായ മനുഷ്യനുണ്ടായിരുന്നു. കഠിനാധ്വാനിയായ അയാള്‍ കച്ചവടത്തിലൂടെയും കൃഷിയിലുടെയുമാണ് ധാരാളം സമ്പത്തിന്റെ ഉടമയായി മാറിയത്. അദ്ദേഹം കുറെ വീടുകളും കെട്ടിടങ്ങളും ഉണ്ടാക്കി വാടകയ്ക്ക് നല്‍കി. ഏക്കര്‍ കണക്കിന് കൃഷി സ്ഥലവും പറമ്പും സ്വന്തമായുണ്ട്. അങ്ങനെ നാട്ടിലെ ഏറ്റവും വലിയ പണക്കാരനായി അയാള്‍ അറിയപ്പെട്ടു.

അദ്ദേഹത്തിന് വയസ്സായി. കച്ചവടത്തിലും കൃഷിയിലും ശ്രദ്ധിക്കാന്‍ പറ്റാതായി. എന്നാല്‍ അദ്ദേഹത്തിന്റെ മക്കള്‍ കച്ചവടത്തിലും കൃഷിയിലും ശ്രദ്ധ പുലര്‍ത്തി.

വാര്‍ധക്യസഹജമായ രോഗങ്ങള്‍ അദ്ദേഹത്തെ പിടികൂടി. താന്‍ താമസിയാതെ മരിക്കുെമന്ന ചിന്ത അദ്ദേഹത്തെ തളര്‍ത്തി. കൂടുതലൊന്നും സംസാരിക്കാന്‍ വയ്യാതായി.

''ഞാന്‍ ദരിദ്രനാണ്...ഞാന്‍ ദരിദ്രനാണ്...'' അദ്ദേഹം ഇങ്ങനെ പിറുപിറുത്തുകൊണ്ടിരുന്നു.

''ഉപ്പാ, എന്താണ് നിങ്ങളീ പറയുന്നത്? നിങ്ങള്‍ ദരിദ്രനാണെന്നോ? ഈ നാട്ടിലെ ഏറ്റവും വലിയ പണക്കാരന്‍ ഇപ്പോഴും നിങ്ങള്‍ തന്നെയാണ്'' മക്കള്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

എന്നാല്‍ അദ്ദേഹം 'ഞാന്‍ ദരിദ്രനാണ്... ഞാന്‍ ദരിദ്രനാണ്' എന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

ഒടുവില്‍ മക്കള്‍ അദ്ദേഹത്തെ വാഹനത്തിലിരുത്തി അദ്ദേഹത്തിന്റെ കെട്ടിടങ്ങളും പറമ്പുകളും വയലുകളുമെല്ലാം കാണിച്ചു കൊടുത്തു. എന്നിട്ട് പറഞ്ഞു: ''ഉപ്പാ, ഇതെല്ലാം നിങ്ങളുടെ സ്വത്താണ്. പിന്നെ എന്തിനാണ് നിങ്ങള്‍ ദരിദ്രനാണ് എന്ന് വേവലാതിപ്പെടുന്നത്?''

അപ്പോഴും അദ്ദേഹം 'ഞാന്‍ ദരിദ്രനാണ്... ഞാന്‍ ദരിദ്രനാണ്...' എന്ന് പറഞ്ഞുകൊണ്ടിരുന്നു.

ഇതോടെ മക്കള്‍ ആശങ്കയിലായി. എന്താണ് ഉപ്പ ഇങ്ങനെ പറയുന്നത്? ഒരു പിടിയും കിട്ടുന്നില്ല. ഒടുവില്‍ നാട്ടിലെ അറിയപ്പെട്ട ഒരു പണ്ഡിതനെ ചെന്ന് കണ്ടു. കാര്യങ്ങളെല്ലാം അദ്ദേഹത്തെ ധരിപ്പിച്ചു.

''ഞാന്‍ അദ്ദേഹവുമായി ഒന്ന് സംസാരിക്കട്ടെ'' പണ്ഡിതന്‍ പറഞ്ഞു.

പണ്ഡിതന്‍ മക്കളുടെ കൂടെ വൃദ്ധനെ സന്ദര്‍ശിക്കാനെത്തി. വൃദ്ധന്‍ 'ഞാന്‍ ദരിദ്രനാണ്... ഞാന്‍ ദരിദ്രനാണ്...' എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത് അദ്ദേഹം നേരില്‍ കേട്ടു.

പണ്ഡിതന്‍ വൃദ്ധന്റെ അരികിലിരുന്ന് കാര്യങ്ങള്‍ ചോദിച്ചറിയാന്‍ തുടങ്ങി. കുറെ നേരം സംസാരിച്ചപ്പോള്‍ പണ്ഡിതന്‍ വൃദ്ധന്റെ വാക്കുകളുടെ പൊരുള്‍ മനസ്സിലാക്കി. ഭൗതികമായ സമ്പത്ത് ഇല്ലാത്ത ദരിദ്രനാണ് താന്‍ എന്നല്ല അദ്ദേഹം പറയുന്നത്. മരിക്കാറായി. പക്ഷേ, പരലോകത്ത് സ്വര്‍ഗം ലഭിക്കാനാവശ്യമായ കര്‍മങ്ങളുടെ വിഷയത്തില്‍ താന്‍ ദരിദ്രനാണ്. ഇഹലോകത്തിന് വേണ്ടി ധാരാളം സമ്പാദിച്ചു. എന്നാല്‍ പരലോകത്തിന് വേണ്ടി സല്‍കര്‍മങ്ങളൊന്നും ചെയ്തിട്ടില്ല. അതാണ് അയാളുടെ സങ്കടം.

പണ്ഡിതന്‍ അദ്ദേഹത്തെ സമാധാനിപ്പിച്ചു. അവശേഷിക്കുന്നത് എത്ര കുറച്ച് കാലമാണെങ്കിലും ചെയ്തു പോയ തെറ്റുകളില്‍ പശ്ചാത്തപിക്കുവാനും സാധുക്കളെ സഹായിക്കുവാനും മറ്റും നിര്‍ദേശിച്ചു. ഉടനെ അദ്ദേഹം മക്കളെ വിളിച്ചുവരുത്തി സമ്പത്തിന്റെ കണക്കു നോക്കി സകാത്ത് കൊടുക്കുവാനും സ്വന്തമായി സ്ഥലമില്ലാത്ത പാവങ്ങള്‍ക്ക് വീടുവെക്കാന്‍ സ്ഥലം നല്‍കുവാനും ധര്‍മം ചെയ്യാനുമെല്ലാം കല്‍പിച്ചു. മക്കള്‍ ഉപ്പ പറഞ്ഞതുപോലെ എല്ലാം ചെയ്തു.

അദ്ദേഹം 'ലാഇലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞുകൊണ്ടിരിന്നു. അതിനിടയിലും 'ഞാന്‍ ദരിദ്രനാണ്... ഞാന്‍ ദരിദ്രനാണ്' എന്ന് അയാള്‍ പറയുന്നുണ്ടായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കകം സംതൃപ്തനായിക്കൊണ്ട് അദ്ദേഹം ഈ ലോകത്തോട് യാത്ര പറഞ്ഞു.  

കൂട്ടുകാരേ, സമയം വിലപ്പെട്ടതാണ്. നന്മകള്‍ പിന്നീട് ചെയ്യാമെന്നു പറഞ്ഞ് നീട്ടിവെക്കരുത്. പരലോകത്തേക്കുള്ള സമ്പാദ്യം നമ്മള്‍ ചെയ്യുന്ന സല്‍കര്‍മങ്ങളാണ്. അതില്‍ മടി കാണിക്കരുത്.