വിദേശ ജോലി; വഞ്ചിതരാകരുത്
നബീൽ പയ്യോളി
2026 ഒക്ടോബർ 24, 1448 ജമാദുൽ അവ്വൽ 13

ജോലിയാവശ്യാർഥം സൗദിയിലെത്തിയ സുഹൃത്ത് താൻ അകപ്പെട്ട കെണിയെക്കുറിച്ച് വേദനയോടെ പറയുകയുണ്ടായി. ബന്ധുകൂടിയായ ഒരാൾ ജോലിയുണ്ടെന്നു പറഞ്ഞിട്ടാണ് വിസ സംഘടിപ്പിച്ച് സൗദി അറേബ്യയിലേക്ക് വിമാനം കയറിയത്. ഭീമമായ തുക ചെലവഴിച്ച് ഇവിടെ എത്തിയപ്പോഴാണ് എന്തൊക്കെയോ കാരണങ്ങൾ പറഞ്ഞു ജോലി വാഗ്ദാനം നൽകിയ ആൾ പിൻമാറിയത്. ജോലിയന്വേഷിച്ച് കുറെ നടന്നു; ഒന്നും ശരിയായില്ല.
ഉപജീവനം തേടി, എങ്ങനെയൊക്കെയോ പണം ഒപ്പിച്ച് വിദേശത്ത് എത്തിയശേഷം പ്രതീക്ഷിച്ച ജോലി ലഭിക്കാതിരുന്നാലുള്ള വിഷമം ചെറുതല്ല. ജോലി വാദ്ഗാനം ചെയ്യുന്ന പരസ്യങ്ങൾ ധാരാളം കാണും. കമ്പനികൾക്ക് മിക്കവാറും സൗജന്യമായാണ് സർക്കാർ വിസ അനുവദിക്കുന്നത്. എന്നാൽ ഏജൻസികൾ വലിയ തുക വാങ്ങിയാണ് വിസക്കച്ചവടം നടത്തുന്നത്. സൗദിയിൽതന്നെ വിസ വിൽക്കുന്നവരും വിസ വാങ്ങി ജോലി നേടുന്നവരുമുണ്ട്. എന്തായാലും വിസയുടെ കാര്യത്തിൽ വഞ്ചിക്കപ്പെടാതിരിക്കാൻ ജോലിയന്വേഷിക്കുന്നവർ ജാഗ്രത കാണിക്കണം.
ജോലി തേടി അന്യനാട്ടിലേക്ക് പോകുമ്പോൾ അവിടെയുള്ള സാഹചര്യങ്ങൾ മനസ്സിലാക്കൽ അനിവാര്യമാണ്. ദിനേന ജീവിതച്ചെലവുകൾ വർധിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ, പണത്തിന്റെ മൂല്യം ഇടിയുന്ന ഘട്ടത്തിൽ ആളുകളെ കബളിപ്പിക്കുന്ന റിക്രൂട്ടിങ് കേന്ദ്രങ്ങളും തൊഴിൽ ദാതാക്കളുമുണ്ട്. വിദേശ കറൻസിയെ ഇന്ത്യൻ രൂപയിലേക്ക് മാറ്റി വലിയ തുക ശമ്പളമായി ലഭിക്കും എന്ന തെറ്റിദ്ധരിപ്പിക്കൽ ഈ രംഗത്ത് സർവസാധാരണമാണ്. അത് ഒഴിവാക്കാൻ നമ്മൾ ജോലിയന്വേഷിക്കുന്ന രാജ്യത്തെ, സ്ഥലത്തെ സാഹചര്യങ്ങൾ അന്വേഷിച്ചറിയണം. നാട്ടിലെ ശമ്പളമല്ല വിദേശത്ത് ലഭിക്കുക എന്നത് യാഥാർഥ്യമാണ്. പല മടങ്ങു വർധനയുണ്ടാവും. എന്നാൽ അതിന് ആനുപാതികമായ ചെലവും ഉണ്ടെന്നത് തൊഴിലന്വേഷകർ പലപ്പോഴും ഓർക്കാറില്ല. വരവ് വിദേശ കറൻസിയിലാണെങ്കിൽ ചെലവും ആ കറൻസിയിലാണ്. നാട്ടിൽ 10 രൂപക്ക് ചായ കിട്ടുമെന്നു കരുതി വിദേശത്തും അങ്ങനെയാവും എന്ന് കരുതരുത്. ഇരട്ടിയിലേറെ നൽകേണ്ടിവരും ഒരു ചായ കുടിക്കാൻ. അങ്ങനെ എല്ലാ ചെലവും നമുക്ക് ശമ്പളം ലഭിക്കുന്ന കറൻസിയിൽ തന്നെയാവും. ഓരോ നാട്ടിലും താമസിക്കുന്ന സ്ഥലത്തെ ചെലവുകൾ തമ്മിൽ വലിയ അന്തരമുണ്ടാവും. ജോലി നോക്കുന്ന ഇടത്തിലെ സാഹചര്യങ്ങൾ അവിടെയുള്ള ആളുകളുമായി സംസാരിച്ച് വ്യക്തത വരുത്തണം.
ഇന്റവ്യൂ നടത്തുന്നവർക്ക് പരമാവധി കുറഞ്ഞ വേതനത്തിന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുക എന്നതായിരിക്കും പ്ലാൻ. അതുകൊണ്ടു തന്നെ ജോലിയന്വേഷിക്കുന്ന ഇടത്തെ സാഹചര്യങ്ങൾ മനസ്സിലാക്കി പോയാൽ മാത്രമാണ് മാന്യമായ ശമ്പളം പറയാനും ലഭിക്കാനുമുള്ള സാഹചര്യമുണ്ടാവുക. എത്രയാണ് പ്രതീക്ഷിക്കുന്ന ശമ്പളം എന്ന ചോദ്യം ഇന്റർവ്യൂവിലെ അനിവാര്യഘടകമാണെല്ലോ. ഓരോ ജോലിക്കും സ്റ്റാൻഡേർഡ് സാലറിയുണ്ടാവും. അതിൽ താഴെ ലഭിക്കുമ്പോഴാണ് നമ്മൾ പ്രതിസന്ധിയിലാവുക. വിദ്യാഭ്യാസ യോഗ്യത, കഴിവുകൾ, ജോലി ചെയ്യാനുള്ള താൽപര്യം, എക്സ്പീരിയൻസ് എന്നിവ കണക്കിലെടുത്താണ് ശമ്പളം നിശ്ചയിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാറ്റിലും കൃത്യയായ ധാരണയോടുകൂടിയാണ് ഇന്റർവ്യൂ അറ്റൻഡ് ചെയ്യേണ്ടത്.
ഇന്റർവ്യൂവിൽ വിജയിച്ചാൽ, അല്ലെങ്കിൽ ജോലി വാഗ്ദാനം ചെയ്യപ്പെട്ടാൽ കരാർ ലഭിക്കാൻ ശ്രദ്ധിക്കണം. അതിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ പൂർണമായും വായിച്ചു ബോധ്യപ്പെടണം. ആവശ്യമായ ഉപദേശ നിർദേശങ്ങൾക്കു വേണ്ടി, അറിയാവുന്നവരെ സമീപിച്ചു മാത്രമാണ് കരാറിൽ ഒപ്പിടേണ്ടതും അംഗീകരിക്കേണ്ടതും. ആരുടെയെങ്കിലും വാഗ്ദാനങ്ങൾ കേട്ട് വലിയ തുക ചെലവാക്കി വിദേശത്തു പോയി പ്രതിസന്ധിയിൽ അകപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ നല്ല ജാഗ്രതയുണ്ടായേ തീരൂ.
