ആംബുലൻസ് ഡ്രൈവറാകാൻ മോഹം
ഇബ്നു അലി, എടത്തനാട്ടുകര
2026 ജൂലൈ 25, 1448 സ്വഫർ 11

ആംബുലൻസ് ഡ്രൈവറാകണമെന്നതാണ് അവന്റെ ആഗ്രഹം. ക്ലാസിലെ ഒഴിവുസമയത്ത്, അഭിലാഷം എന്താണെന്ന് എഴുതാനുള്ള അവസരം കൊടുത്തതാണ് അധ്യാപിക. തൊട്ടടുത്ത എന്റെ പൂർവവിദ്യാലയത്തിലെ ടീച്ചർ, എന്റെ കുടുംബിനിയുമായി ഇക്കാര്യം പങ്കുവെച്ചപ്പോൾ ഏറെ അത്ഭുതം തോന്നി.
ഡോക്ടർ, എഞ്ചിനീയർ, ശാസ്ത്രജ്ഞൻ, പൈലറ്റ് തുടങ്ങി നിരവധി മോഹങ്ങൾ കുട്ടികൾ പറഞ്ഞു കേൾക്കാറുണ്ട്. ഇത്തരം ഒന്ന് പതിവില്ല. ഡ്രൈവറാകണമെന്നത് പല ആൺകുട്ടികളുടെയും ആഗ്രഹമായിരിക്കും. സ്റ്റൈലിൽ സ്റ്റിയറിംഗ് പിടിച്ച് വേഗത്തിലോടിച്ച് ഇതര വാഹനങ്ങളെ മറികടന്ന് യാത്രക്കാരെ അതിശയിപ്പിക്കുന്ന ഡ്രൈവർ!
നിരവധി കോഴ്സുകളുടെ റിസൾട്ട് വന്നുകൊണ്ടിരിക്കുന്ന, മൽസര പരീക്ഷകളുടെ റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുന്ന, അതിലൂടെ വിദ്യാഭ്യാസഭാവിയും ജോലിയും തീരുമാനിക്കുന്ന ഇക്കാലത്ത് അഞ്ചാം ക്ലാസുകാരന്റെ വേറിട്ട താൽപര്യം കണ്ട ടീച്ചർ ബാക്കി കുറിപ്പ് കൂടി വായിച്ചു. രോഗികളെ സഹായിക്കാൻ എന്നായിരുന്നു വിശദീകരണം.
എന്നാൽ അതിനപ്പുറം എന്തൊക്കെയോ ഉണ്ട് എന്ന തോന്നലിൽ ടീച്ചർ അവനെ അടുത്ത് വിളിച്ചു. കൂലിപ്പണികൊണ്ട് ജീവിക്കുന്ന കുടുംബത്തിലെ ഒരു സാധാരണ കുട്ടിയാണ് അവൻ.
എന്തുകൊണ്ട് ആംബുലൻസ് ഡ്രൈവർ എന്ന ചോദ്യത്തിന് മുമ്പിൽ അവൻ കുറച്ചുനേരം നിശ്ശബ്ദനായി. പിന്നെ പതുക്കെ പറഞ്ഞു തുടങ്ങി:
‘ടീച്ചറേ, എന്റെ വല്ല്യുമ്മാക്ക് പെട്ടെന്ന് അസുഖം കൂടുതലായി. ആംബുലൻസിന് വിളിച്ചു. പക്ഷേ, വണ്ടി എത്താൻ കുറച്ച് വൈകി. വീട്ടിൽനിന്ന് നാലഞ്ചു കിലോമീറ്റർ പോയപ്പോഴേക്കും വാഹനത്തിൽ വെച്ച് വല്ല്യുമ്മ മരിച്ചു. വാഹനം നേരത്തെ വന്നിരുന്നെങ്കിൽ, അവരെ ആശുപത്രിയിൽ എത്തിച്ചിരുsന്നെങ്കിൽ എന്റെ വല്ല്യുമ്മ മരിക്കില്ലായിരുന്നു...അല്ലേ ടീച്ചറേ...? എനിക്ക് എന്റെ വല്ല്യുമ്മാനെ വലിയ ഇഷ്ടമായിരുന്നു...’
ഇത്രയും പറഞ്ഞപ്പോഴേക്കും അവന്റെ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു.
ടീച്ചർ അവനെ തലോടി. ആശ്വസിപ്പിച്ചു: ‘സാരമില്ല, ഓരോരുത്തരും മരിക്കുന്ന സമയം പടച്ചവൻ നേരത്തെ കണക്കാക്കി വെച്ചിട്ടുണ്ട്. ആ സമയം എത്തിയാൽ പോകാതിരിക്കാൻ പറ്റില്ലല്ലോ. വല്ല്യുമ്മാക്ക് വേണ്ടി മോന് പ്രാർഥിക്കാമല്ലോ. ആംബുലൻസ് ഡ്രൈവറാകുക എന്നത് ആളുകളെ സഹായിക്കാൻ പറ്റുന്ന നല്ല മാർഗമാണ്. അതിനെക്കാൾ കൂടുതൽ ആളുകളെ സഹായിക്കാൻ കഴിയുന്ന വേറെയും ജോലികൾ കുറെയുണ്ട്. മോൻ നന്നായി പഠിക്കണം. എന്നിട്ട് മികച്ച ജോലി നേടണം. അങ്ങനെ വീട്ടുകാ രെയും നാട്ടുകാരെയും സഹായിക്കണം...’
ടീച്ചറുടെ വാക്കുകൾ അവന്റെ കുഞ്ഞുമനസ്സിന് സമാധാനം പകർന്നു. നിറകണ്ണുകളോടെ അവൻ തിരികെ സീറ്റിലേക്ക് മടങ്ങുമ്പോൾ, കണ്ണുകൾ നിറയാതിരിക്കാൻ ടീച്ചർ നന്നെ പാടുപെട്ടു.
കുട്ടിക്കുറ്റവാളികൾ വർധിച്ചുവരുന്ന കാലത്ത് പ്രതീക്ഷയുടെ പൊൻകിരണങ്ങളാണ് നിഷ്കളങ്ക മനസ്സുള്ള ഇത്തരം കുട്ടികൾ. അവരെ ലക്ഷ്യബോധമുള്ളവരാക്കി വളർത്തലും പ്രോൽസാഹിപ്പിക്കലും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഉത്തരവാദിത്തമാണ്.
