നമ്മൾ മക്കൾക്ക് മാതൃകയാണോ?

ഉസ്മാൻ പാലക്കാഴി

2026 ജൂൺ 06, 1447 ദുൽഹിജ്ജ 21

“കുട്ടികൾക്കാകട്ടെ അനുകരണീയമായ സ്വഭാവത്തോടുകൂടിയ വ്യക്തിവിശേഷമുള്ളവരെ കൂട്ടിന് ലഭിക്കുന്നില്ല. ടി.വി ചാനലുകളിൽ കാണുന്ന വയലൻസാണ് ബാലമനസ്സുകളെ സ്വാധീനിക്കുന്നത്. പത്തു വയസ്സിന് മുകളിലുള്ള ഇന്നത്തെ കുട്ടികളുടെ ചിന്തയും അവരുടെ ചർച്ചാവിഷയവും ലൈംഗിക കാര്യങ്ങളാണ്... ഏതു തരത്തിലും രൂപപ്പെടുത്താൻ പറ്റിയ കൗമാരപ്രായക്കാർ ഇന്ന് വൃത്തികെട്ട സാധനങ്ങൾ കുത്തിനിറച്ച കീറച്ചാക്കുകളായി മാറുകയാണ്. ആദ്യം ചികിത്സ വേണ്ടത് മാതാപിതാക്കൾക്കാണ്’’ ബി.സന്ധ്യ ഐ.പി.എസ് ഒരു ചാനൽ പരിപാടിയിൽ പറഞ്ഞതാണിത്.

ഇത് നമ്മെ ഇരുത്തിച്ചിന്തിപ്പിക്കുന്നതാണ്. ആരാണിന്ന് സമൂഹത്തിലും കുടുംബത്തിലും മക്കൾക്ക് മാതൃകയായിട്ടുള്ളത്? മാതാപിതാക്കൾ മാതൃകായോഗ്യരാണോ? അധ്യാപകർ മാതൃകയാണോ? അയൽവാസികളും ബന്ധുക്കളും മാതൃകായോഗ്യരാണോ? എല്ലാവരും മോശമാണ് എന്നല്ല ഇപ്പറഞ്ഞതിനർഥം.

സൽഗുണങ്ങൾ സമൂഹത്തിന്റെ മാറ്റത്തിനുള്ള വഴിയാണ്; സമൂഹത്തെ നേർവഴിയിലേക്ക് നയിക്കാനുള്ള ആയുധം. വീഴ്ച കൂടാതെ അത് നടപ്പിൽ വരുത്തിയാൽ ക്വുർആൻ പറയുന്ന ഉന്നതമായ സ്വഭാവ രുപീകരണത്തിൽ അനിഷേധ്യമായ പങ്ക് വഹിക്കാനും സൽഫലങ്ങൾ നൽകാനും ഉത്തമ സ്വഭാവങ്ങൾക്ക് സാധിക്കും. അത് ഒരുപാട് കാലം ജീവിച്ചവരിൽ പെട്ടെന്ന് നടാൻ പറ്റുന്ന ഒന്നല്ല. മറിച്ച് ചെറുപ്പം മുതൽ കൃത്യമായ തർബിയ്യത്തോടെ വളർത്തപ്പെടുന്ന കുട്ടികളിലൂടെ മാത്രമെ സമൂഹത്തിന് പകർന്നു നൽകാൻ സാധിക്കൂ. അല്ലാഹു എല്ലാം നിരീക്ഷിക്കുന്നവനാണെന്നും അതിനാൽ അവനെ ഭയന്ന് ജീവിക്കണമെന്നുമുള്ള വിശ്വാസം മക്കളിൽ വളർത്തണം. നന്മ കൽപിക്കാനും തിന്മ വിരോധിക്കാനുമുള്ള ഒരു ചിന്ത അവരിൽ നിക്ഷേപിക്കപ്പെടണം.

ഓർമവെക്കുന്നത് മുതൽ കുഞ്ഞിന്റെ മാതൃക തന്റെ മുന്നിലുള്ള മാതാവും പിതാവുമായിരിക്കും. അവരുടെ ചലനങ്ങളെയും സ്വഭാവരീതികളെയും കടമെടുത്തു മാതൃകയാക്കി ജീവിക്കുന്നവരാണ് കുട്ടികൾ എന്നതിനാൽ കാര്യങ്ങളെ വളരെ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യാൻ ഇരുവരും ശ്രദ്ധിക്കണം. കേൾക്കുകയും കാണുകയും ചെയ്യുന്നതിനെ അപ്പടി അനുകരിക്കുന്ന പ്രായമായതിനാൽ മാതൃകാപരമായ ജീവിതം നയിക്കുന്നവരായിരിക്കണം രക്ഷിതാക്കൾ. ഈയൊരു പ്രായത്തിൽ മക്കളുടെ കാര്യത്തിൽ കാണിക്കുന്ന ശുഷ്‌കാന്തിയും ശ്രദ്ധയും പരിചരണവുമാണ് അവന്റെ ജീവിതത്തെ അടിമുടി പരിഷ്‌കരി ക്കുകയും പരിവർത്തിപ്പിക്കുകയും ചെയ്യുക. അത്തരം ശ്രദ്ധപതിയേണ്ട സുപ്രധാന ഘട്ടമാണ് കുട്ടിക്കാലം.

അതിനാൽ തന്നെ കുട്ടിയുടെ ഇളം പ്രായത്തിൽ തന്നെ അവരിലേക്ക് രക്ഷിതാക്കളുടെ ശ്രദ്ധ പതിയണം. അങ്ങനെയെങ്കിൽ ഭാവിയിൽ കാര്യങ്ങളെ വേണ്ടവിധം മനസ്സിലാക്കിക്കൊടുക്കാൻ യാതൊരു പ്രയാസവുമുണ്ടാവില്ല. ആ പ്രായത്തിൽ അശ്രദ്ധ കൊണ്ടോ അജ്ഞത കൊണ്ടോ കൃത്യമായ തർബിയത്ത് മക്കൾക്ക് നൽകപ്പെട്ടിട്ടില്ലെങ്കിൽ ഘട്ടംഘട്ടമായി കുട്ടിയുടെ ജീവിതത്തിൽ ഇടപെടാൻ രക്ഷിതാക്കൾക്ക് സാധിക്കണം. മക്കൾ രക്ഷിതാക്കളുടെ പിടിവിട്ടുപോകുന്നതിനു മുമ്പ് ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ അവരിൽ ഉത്തമ സ്വഭാവഗുണങ്ങൾ വളരെ വേഗം വളർത്തിയെടുക്കാം.