അകക്കണ്ണിന്റെ വെളിച്ചം

ഹുസ്‌ന മലോറം

2026 മെയ് 23, 1447 ദുൽഹിജ്ജ 07

ഈയടുത്ത് നടന്ന വാൽപാറ ദുരന്തം കേരളക്കരയെ കരയിച്ച ദാരുണ സംഭവമാണ്. അധ്യാപക സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞ് കാഴ്ചപരിമിതനായ ഒരു അധ്യാപകനടക്കം 9 പേർ അതിദാരുണമായി മരണപ്പെട്ടു.

മജീദ് മാഷെപ്പോലെ കാഴ്ച പരിമിതരായ ഒരുപാട് അധ്യാപകർ കേരളത്തിനകത്തും പുറത്തും അറിവിന്റെ വെളിച്ചം പുതുതലമുറക്ക് എത്തിക്കുന്നതിൽ തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

ഞാൻ പഠിച്ച സ്‌കൂളിലും കാഴ്ച പരിമിതിയുള്ള മോഹൻദാസ് എന്ന് പേരുള്ള മാഷുണ്ടായിരുന്നു. അദ്ദേഹത്തെ കുട്ടികൾക്കെല്ലാം ഇഷ്ടമായിരുന്നു. ചൂരൽമല ബസ് സ്റ്റാന്റിൽനിന്നും സ്‌കൂളിലേക്ക് അദ്ദേഹത്തെ ചേർത്തുപിടിച്ച് എത്തിക്കുവാൻ കുട്ടികൾ കാണിച്ചിരുന്ന ഉൽസാഹവും മൽസരബുദ്ധിയും കാണേണ്ടതുതന്നെയായിരുന്നു! കാഴ്ച പരിമിതിയുള്ള സാറിന്റെ ‘കണ്ണുവെട്ടിച്ച്’ കളിക്കാൻ ചില വികൃതിക്കുട്ടികൾ ശ്രമിക്കുമ്പോൾ അദ്ദേഹം അത് കൃത്യമായി പിടിക്കുമായിരുന്നു. പഠിപ്പിക്കുന്ന ഓരോ കാര്യവും കൃത്യതയോടെ കുട്ടികളുടെ മനസ്സിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

കുറേ കാലം മാഷ് ചൂരൽമല സ്‌കൂളിൽത്തന്നെ സേവനമനുഷ്ഠിച്ചു. മാഷ് വർഷങ്ങൾക്കു മുമ്പ് പഠിപ്പിച്ച ഒരു വിദ്യാർഥി സ്‌കൂൾ പെയിന്റടിക്കാൻ വന്നു. ദൂരെനിന്നും അവന്റെ ശബ്ദം കേട്ട മാഷ് അവന്റെ പേരു പറഞ്ഞ് അവനോട് വിശേഷം ചോദിച്ചത് ഞങ്ങൾ കൗതുകത്തോടെ നോക്കിനിന്നു. കാഴ്ച പരിമിതരുടെ അകക്കണ്ണിനും ഓർമകൾക്കും മൂർച്ച കൂടുമത്രെ!

അപകടത്തിൽ മരിച്ച മജീദ് മാഷും കുട്ടികൾക്ക് പ്രിയങ്കരനായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ എപ്പോഴും അദ്ദേഹത്തിന് കൂട്ടായിരുന്നു. ഭർത്താവിന്റെ കയ്യും പിടിച്ച് സ്‌കൂളിലേക്ക് കയറി വരുന്ന അവർ മക്കൾക്ക് പഠിപ്പിച്ചത് കാരുണ്യത്തിന്റെ പാഠങ്ങൾ കൂടിയാണ്. മക്കളിൽ അലിവും ആർദ്രതയും ഉണ്ടാക്കിയെടുക്കുന്നതിൽ അവർ വലിയ പങ്കാണ് വഹിച്ചിരുന്നത്. മറ്റുള്ളവരോട് കരുണ കാണിക്കണമെന്ന് കുട്ടികൾ കേട്ട് പഠിക്കുമ്പോൾ; അംഗപരിമിതരുള്ള ഒരു സ്‌കൂളിൽ അത്തരം നന്മകൾ ചെയ്താണ് പഠിക്കു ന്നത്.

കാഴ്ചപരിമിതിയുള്ള അധ്യാപകൻ ഒരു കുട്ടിയെ എങ്ങനെ പഠിപ്പിക്കുമെന്ന് ആശങ്കപ്പെടുന്ന രക്ഷിതാക്കളുണ്ട്. അങ്ങനെ ആശങ്കപ്പെട്ട രക്ഷിതാക്കൾ തന്നെ തന്റെ മക്കൾക്ക് ഏറെ പ്രിയമുള്ളതും മക്കൾ ഉൽസാഹത്തോടെ പഠിക്കുന്നതും അവർ ആശങ്കപ്പെട്ട അധ്യാപകരുടെത് തന്നെയാണ്. അധ്യാപകർ വെളിച്ചം പകരുന്നവരാണ്, എന്നാൽ അകക്കണ്ണിന്റെ വെളിച്ചമെത്തിക്കാൻ ഇവർക്കു മാത്രമെ സാധിക്കൂ.

കാഴ്ചപരിമിതി ഒരു കുറവല്ല.ജൻമനാ കണ്ണ് കാണാത്ത നമ്മുടെ നാട്ടുകാരൻ ചെസ് മൽസരത്തിൽ ഫസ്റ്റ് പ്രൈസ് നേടി പ്രധാന മന്ത്രിയുടെ കയ്യിൽനിന്നും ദേശീയ അവാർഡ് വാങ്ങുകയുണ്ടായി. ഈ വർഷത്തെ, വിദ്യാർഥികൾക്കുള്ള ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ അവാർഡായ NMMSന് എം.ജെ.എച്ച്.എസ് എളേറ്റിലിൽ പഠിക്കുന്ന, ജൻമനാ കാഴ്ച പരിമിതിയുള്ള ഫാത്തിമ ഹിബ എന്ന മിടുക്കി അർഹയായി. 2024ൽ കേരള സർക്കാറിന്റെ ‘ഉജ്ജ്വല ബാല്യപുരസ്‌കാര’വും ഈ പ്രതിഭ നേടിയിട്ടുണ്ട്. മദ്‌റസാ സർഗവസന്തത്തിലും സംസ്ഥാന തലം വരെ മികവുറ്റ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. സമൂഹത്തിന്റെ ഉയർച്ചക്ക് കാഴ്ചപരിമിതരും അംഗപരിമിതരും അവരുടെതായ പങ്ക് വഹിക്കുന്നുണ്ട്.

അവരെ ചേർത്തു പിടിക്കുകയും കൂടെ നിൽക്കുകയും ചെയ്യുക. അകക്കണ്ണിന്റെ വെളിച്ചംകൊണ്ട് അവർക്ക് ഈ സമൂഹത്തിൽ ചെയ്യാനുള്ള സേവനങ്ങൾക്കും ഉയർച്ചക്കും കാരണമാകുക.