പള്ളികൾ കുഞ്ഞുങ്ങളുടെത് കൂടിയാണ്
നുബ്‌ല എം
2026 മാർച്ച് 14, 1447 റമദാൻ 24

റമദാനായാൽ ജമാഅത്ത് നമസ്‌കാരത്തിലും തറാവീഹ് നമസ്‌കാരത്തിലും പങ്കെടുക്കാനായി കൂടുതലായും സ്ത്രീകൾ പള്ളിയിലെത്തും. സ്ത്രീകൾ വരുമ്പോൾ ചെറിയ കുട്ടികളും ഉണ്ടാകുമെന്നത് സ്വാഭാവികം. കുട്ടികൾ വന്നാൽ കളിയും ചിരിയും കരച്ചിലുമൊക്കെയുണ്ടാകുമല്ലോ.
ഉമ്മമാർ വീട്ടുജോലിയും വീട്ടിലെ മറ്റ് അംഗങ്ങളുടെ കാര്യവും നോക്കി ചെറിയ കുഞ്ഞിനെയും എടുത്തു തറാവീഹ് നമസ്‌കാരത്തിനായി വരുന്നവരാണ്. അവരുടെ മക്കൾ ഒന്നു കരഞ്ഞാൽ, ഒന്ന് ബഹളം വെച്ചാൽ, ഒന്ന് ചിരിച്ചാൽ, നമസ്‌കാരത്തിനിടയിൽ സ്വഫ്ഫിനിടയിലൂടെ നടന്നാൽ നെറ്റി ചുളിക്കുന്ന ചിലരെങ്കിലുമുണ്ട്. ആരാണ് ഈ കുട്ടിയെയും കൊണ്ട് പള്ളിയിൽ വന്നതെന്ന് ഉറക്കെ ചോദിക്കും. നമസ്‌കാരത്തിലെ ശ്രദ്ധ കളയുന്നുവെന്ന് പറഞ്ഞ് മുഖം കനപ്പിക്കും.
ഇവിടെ നാം ഓർക്കേണ്ട മനോഹരമായ ഒരു ചരിത്രമുണ്ട്! നബിﷺയുടെ പള്ളി. അവിടെ ജമാഅത്ത് നമസ്‌കാരം നടക്കുന്നു. ഇമാമായ നബിﷺ സുജൂദിൽനിന്നും എഴുന്നേൽക്കുന്നില്ല. സ്വഹാബികൾ പരിഭ്രാന്തരായി. പ്രവാചകന് വല്ലതും പറ്റിയോ എന്ന് പോലും ഭയപ്പെട്ടു. പലരും സുജൂദിൽനിന്നും എഴുന്നേറ്റ് നോക്കണോ എന്നുപോലും ചിന്തിച്ചു. നമസ്‌കാരം കഴിഞ്ഞ് അവർ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, എന്തുകൊണ്ടാണ് അങ്ങ് സുജൂദ് ഇത്ര ദീർഘിപ്പിച്ചത്?’ അവിടുന്ന് പുഞ്ചിരിയോടെ മറുപടി നൽകി: ‘ഞാൻ സുജൂദിലായിരിക്കെ എന്റെ പേരമക്കൾ എന്റെ മുതുകിൽ കയറിയിരുന്നു കളിക്കുകയായിരുന്നു. അവരുടെ കളി തടസ്സപ്പെടുത്തേണ്ട എന്ന് കരുതിയാണ് ഞാൻ എഴുന്നേൽക്കാതിരുന്നത്.’
ചിന്തിക്കുക! ഇന്ന് നമ്മുടെ പള്ളിയിലെ ഇമാമിന്റെ മുതുകത്താണ് ഒരു കുട്ടി കയറിയിരുന്നതെങ്കിൽ എന്തായിരിക്കും അവസ്ഥ? നബിﷺ എന്ത് ചെയ്തു? അലി(റ)യെ നോക്കി കണ്ണുരുട്ടിയോ? ഫാത്വിമ (റ)യെ വിളിച്ച് ശകാരിച്ചോ? ഇനി മക്കളെയും കൊണ്ട് പള്ളിയിൽ വരരുത് എന്നു പറഞ്ഞുവോ? കളിച്ചുകൊണ്ടിരുന്ന കുഞ്ഞുങ്ങളെ പിടിച്ചു താഴെയിറക്കാൻ പോലും അവിടുന്ന് മുതിർന്നില്ല. കുട്ടികളുടെ കരച്ചിൽ കേൾക്കുമ്പോൾ ഉമ്മമാരുടെ പ്രയാസമോർത്ത് നമസ്‌കാരം ലഘൂകരിച്ച ചരിത്രവും നമുക്ക് മുന്നിലുണ്ട്.
ചെറിയ കുട്ടികളെയും കൊണ്ട് ഒരു സ്ത്രീ നമസ്‌കരിക്കാൻ പള്ളിയിലേക്ക് വരുന്നുണ്ടെങ്കിൽ അതിന് സമയം കണ്ടെത്താൻ അവൾ വലിയ ത്യാഗം സഹിക്കുന്നുണ്ട്. നമസ്‌കാരത്തെ ഇഷ്ടപ്പെടുന്നുണ്ട്. അങ്ങനെ യുള്ളവരോട് ദയ കാണിക്കുകയല്ലേ വേണ്ടത്. നമ്മുടെ മുഖം കനപ്പിച്ചുള്ള ഒരു നോട്ടം കാരണം ഒരു ഉമ്മ പള്ളിയിലേക്ക് വരുന്നത് നിറുത്തുന്നത് നമുക്ക് ഗുണകരമാണോ? നമ്മുടെ പക്വതയില്ലാത്ത പെരുമാറ്റം കാരണത്താൽ കുട്ടികൾക്ക് പള്ളിയോടുതന്നെ വെറുപ്പുണ്ടാകാൻ സാധ്യതയില്ലേ? അങ്ങനെ സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം നമ്മുടെ പിരടിയിലാകില്ലേ?
കുഞ്ഞുങ്ങളാണ്; അവർ കളിക്കും ചിരിക്കും കരയും. അതെല്ലാം അവരുടെ പ്രകൃതമാണ്. അത് നമ്മെ അലോസരപ്പെടുത്തേണ്ടതില്ല. നമ്മൾ പള്ളിയിൽ നമസ്‌കരിക്കുന്നതും പെരുമാറുന്നതും കണ്ട് അവർ വളരട്ടെ. ചെറുതാകുമ്പോൾ ഒട്ടും പള്ളിയിൽ കൊണ്ടുവരാതെ വലുതായിട്ട് എന്റെ മകൻ പള്ളിയിലെ വരുന്നില്ല എന്ന് വിലപിച്ചിട്ട് ഒരു കാര്യവുമില്ല. വലിയ കുട്ടികൾ ബഹളമുണ്ടാക്കിയാൽ കണ്ണുരുട്ടാതെ, നുള്ളി നോവിക്കാതെ നമുക്ക് അവരോട് സ്‌നേഹത്തോടെ പറഞ്ഞു കൊടുക്കാം; ‘മോനേ... ഇത് അല്ലാഹുവിന്റെ വീടാണ്, ഇവിടെ ബഹളമുണ്ടാക്കാൻ പാടില്ല.’
കുഞ്ഞുങ്ങളുടെ കളിയും ചിരിയും കരച്ചിലുമുയരാത്ത കാലത്തെ ഭയപ്പെട്ടുകൊള്ളുക. നാളെ നമസസ്‌കരിക്കാൻ ആളില്ലാത്ത പള്ളികൾ ഉണ്ടാകും എന്നതിന്റെ സൂചനയാണത്.

