അപകടങ്ങൾ നമ്മോടു പറയുന്നത്

ശാക്കിറ ടി.കെ, കൊല്ലം

2026 ഏപ്രിൽ 25, 1447 ദുൽഖഅദ് 07

അപകടങ്ങളും പരീക്ഷണങ്ങളും മനുഷ്യജീവിതത്തിന്റെ ഭാഗമാണ്. ഇസ്‌ലാമിക വീക്ഷണത്തിൽ ഇവ കേവലം യാദൃച്ഛികതകളല്ല, വലിയ പാഠങ്ങൾ ഉൾക്കൊള്ളുന്ന, സ്രഷ്ടാവ് നിശ്ചയിച്ച കാര്യങ്ങളാണ്. മനുഷ്യജീവിതം സന്തോഷങ്ങളും സങ്കടങ്ങളും നിറഞ്ഞതാണ്. പലപ്പോഴും നാം പ്രതീക്ഷിക്കാത്ത സമയ ത്തായിരിക്കും അപകടങ്ങളും ദുരന്തങ്ങളും നമ്മെ തേടിയെത്തുന്നത്. ഇത്തരം പ്രതിസന്ധികൾ മനുഷ്യനെ ചില യാഥാർഥ്യങ്ങൾ ബോധ്യപ്പെടുത്തുന്നു:

1. ജീവിതത്തിന്റെ നശ്വരത

അപകടങ്ങൾ നമ്മെ ഓർമിപ്പിക്കുന്ന ഒന്നാമത്തെ പാഠം ഈ ലോകത്തിന്റെ നശ്വരതയാണ്. എത്ര വലിയ സമ്പത്തോ സ്വാധീനമോ ഉള്ളവനാണെങ്കിലും ഒരു നിമിഷംകൊണ്ട് എല്ലാം തകരാമെന്ന് അപകടങ്ങൾ കെളിയിക്കുന്നു. അല്ലാഹു പറയുന്നു: “ഓരോ വ്യക്തിയും മരണം ആസ്വദിക്കുകതന്നെ ചെയ്യും. ഒരു പരീക്ഷണം എന്ന നിലയിൽ തിന്മ നൽകിക്കൊണ്ടും നന്മ നൽകിക്കൊണ്ടും നിങ്ങളെ നാം പരിശോ ധിക്കുന്നതാണ്. നമ്മുടെ അടുത്തേക്കുതന്നെ നിങ്ങൾ മടക്കപ്പെടുകയും ചെയ്യും’’ (ക്വുർആൻ 21:35).

2. അല്ലാഹുവിലേക്കുള്ള മടക്കം

ജീവിതത്തിന്റെ തിരക്കുകളിൽ സ്രഷ്ടാവിനെ മറന്നുപോകുന്ന മനുഷ്യനെ, അല്ലാഹുവിലേക്ക് തിരികെ വിളിക്കാനുള്ള ഒരു മാർഗമാണ് പരീക്ഷണങ്ങൾ. പ്രതിസന്ധികളിൽ അകപ്പെടുമ്പോൾ മാത്രമാണ് പലരും അല്ലാഹുവിനെക്കുറിച്ച് ചിന്തിക്കുന്നതും അവനോട് പ്രാർഥിക്കുന്നതും. ഇത് ആത്മീയമായ ഒരു ഉണർവിന് കാരണമാകുന്നു.

3. പാപമോചനത്തിനുള്ള വഴി

വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ ദേഹത്ത് ചെറിയൊരു മുള്ള് തറയ്ക്കുന്നത് പോലും അവന്റെ പാപങ്ങൾ പൊറുക്കപ്പെടാൻ കാരണമായിത്തീരുമെന്ന് നബിﷺ പഠിപ്പിച്ചിട്ടുണ്ട്. അപകടങ്ങളെ അല്ലാഹുവിന്റെ ശിക്ഷയായിട്ടല്ല, മറിച്ച് അവന്റെ പരീക്ഷണമായിട്ടാണ് നാം മനസ്സിലാക്കേണ്ടത്.

4. ക്ഷമിക്കുക, പ്രതിഫലമാഗ്രഹിക്കുക

വിപത്തുകൾ വരുമ്പോൾ വിശ്വാസി പാലിക്കേണ്ട ഏറ്റവും വലിയ ഗുണമാണ് ക്ഷമ. പ്രയാസങ്ങളിൽ തളരാതെ അല്ലാഹുവിന്റെ വിധിയിൽ സംതൃപ്തിയടയുന്നവർക്ക് അല്ലാഹു വലിയ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ട്: “തീർച്ചയായും ക്ഷമാശീലർക്ക് അവരുടെ പ്രതിഫലം കണക്കില്ലാതെ നൽകപ്പെടുന്നതാണ്’’ (ക്വുർആൻ 39:10).

5) ജാഗ്രതയും മുൻകരുതലും

അപകടങ്ങൾ മനുഷ്യന്റെ അശ്രദ്ധയെയും അലസതയെയും ഓർരിപ്പിക്കുന്നു. സ്വന്തം സുരക്ഷയിലും മറ്റുള്ളവരുടെ കാര്യത്തിലും നാം കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഇവ നമ്മെ പഠിപ്പിക്കുന്നു. ‘ഒട്ടകത്തെ കെട്ടിയിട്ട ശേഷം അല്ലാഹുവിൽ ഭരമേൽപിക്കുക’ എന്ന പ്രവാചക വചനം മുൻകരുതലിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.

അപകടം ഉറപ്പാണെന്നറിഞ്ഞിട്ടും സാഹസം കാണിച്ച് അതിൽ ചെന്നു ചാടുന്നത് ആത്മഹത്യാപരമാണ്. അവ നമ്മോട് പറയുന്നത് നമ്മൾ ദുർബലരാണെന്നും സർവശക്തനായ അല്ലാഹു മാത്രമാണ് യഥാർഥ സംരക്ഷകനെന്നുമാണ്. ഈ ബോധ്യം ഉണ്ടാകുമ്പോഴാണ് ഒരു വിശ്വാസിക്ക് ഏത് പ്രതിസ ന്ധിയെയും പുഞ്ചിരിയോടെ നേരിടാൻ സാധിക്കുക.