അരങ്ങു വാഴുന്ന ക്രൂരതകൾ!
നസീമ വാടാനപ്പള്ളി
2026 ജൂൺ 13, 1447 ദുൽഹിജ്ജ 27

ദൈവത്തിന്റെ സ്വന്തം നാടെ’ന്ന ഓമനപ്പേര് കൊച്ചുകേരളത്തിനു കിട്ടിയത് പ്രകൃതി സൗന്ദര്യം കൊണ്ടു മാത്രമല്ല, വ്യത്യസ്ത മതക്കാർ സമാധാനത്തോടെ, ഒത്തൊരുമയോടെ ജീവിക്കുന്ന ഇടം ആയതു കൊണ്ട് കൂടിയാണ്.
എന്നാൽ ഇന്ന് കഥയാകെ മാറിയിരിക്കുന്നു. തെളിഞ്ഞ വെള്ളം കലങ്ങിയിരിക്കുന്നു. മനഃപൂർവം കലക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുമുണ്ട്. വർഗീയ ചേരിതിരിവും ആൾക്കൂട്ട കൊലപാതകവും കാണാൻ ഉത്തരേന്ത്യയിലേക്കു നോക്കേണ്ടതില്ല, സ്വന്തം നാട്ടിലേക്കു നോക്കിയാൽ മതി എന്ന അവസ്ഥ സംജാതമായിക്കൊണ്ടിരിക്കുകയാണ്. ലഹരി മാഫിയകൾ നിറഞ്ഞാടുകയാണ്. സ്‌കൂൾ കുട്ടികളും യുവാക്കളും യുവതികളുമൊക്കെ ലഹരിക്കു പിന്നാലെ പായുകയാണ്. (വരുംതലമുറയെത്തന്നെ നശിപ്പിക്കാനുള്ള ലഹരി മാഫിയകളുടെ ശ്രമത്തെ അടിച്ചമർത്താൻ കേരളത്തിലെ പുതിയ സർക്കാർ തീവ്രശ്രമം തുടങ്ങിയത് ശ്ലാഘനീയമാണ്).
അതിക്രൂരമായ കൊലപാതകങ്ങളും ആത്മഹത്യകളും പെരുകുകയാണ്. സമാധാനകാംക്ഷികളുടെ, മനുഷ്യത്വം മരവിക്കാത്തവരുടെ ഹൃദയം നടുങ്ങുന്ന ക്രൂരതയുടെ വാർത്തകളാണ് ഓരോ ദിവസവും കേട്ടുകൊണ്ടിരിക്കുന്നത്.
‘തള്ള ചവിട്ടിയാൽ പിള്ളക്ക് കേടില്ല’ എന്ന പഴമൊഴിയിലെ മാതൃത്വത്തിന്റെ വിശ്വാസ്യത പോലും ഇന്ന് ചോദ്യചിഹ്നമായിരിക്കുന്നു. കഴിഞ്ഞ ഒന്നു രണ്ടു വർഷത്തിനുള്ളിൽ അമ്മയും കാമുകനും/ അമ്മയും രണ്ടാനച്ഛനും ചേർന്ന് നടത്തിയ ബാലകൊല പാതകങ്ങൾ എത്രയാണ്!
നൈമിഷിക സുഖത്തിനായി സ്വന്തം വയറ്റിൽ ഉരുവംകൊണ്ട പിഞ്ചുകുഞ്ഞിനെ നിഷ്‌കരുണം കൊന്നുതള്ളുന്ന മാതാവിനെ/പിതാവിനെ എങ്ങനെ മനുഷ്യഗണത്തിൽ ഉൾപ്പെടുത്തും? മാതൃത്വത്തിന്റെ വിശ്വാസ്യതയാണ് തകരുന്നത്. പൊതുവെ ഏതു ബന്ധത്തിലും ഇന്ന് വിശ്വാസ്യത ചോർന്നുപോയിക്കൊണ്ടിരിക്കുകയാണെങ്കിലും മാതൃത്വത്തിലെ ഈ കളങ്കം ഏറെ ഭയാനകവും പൈശാചികവുമാണ്. അവിഹിത ബന്ധത്തിലൂടെ പിറന്ന കുഞ്ഞിനെ ആശുപത്രിയിലെ ശുചിമുറിയുടെ ജനലിലൂടെ പുറത്തേക്കിട്ടത് പത്തൊൻപതുകാരിയായ മാതാവാണ്. നെടുമങ്ങാട് നടന്ന ഒന്നരവയസ്സായ കുഞ്ഞിന്റെ കൊലപാതകവും ഏറെ ഞെട്ടലുണ്ടാക്കിയതാണ്. ഏതാനും ദിവസങ്ങൾക്കു മുമ്പ് നടന്ന സംഭവങ്ങളാണിവ. ഇതിനെ മൃഗീയത എന്നു വിശേഷിപ്പിക്കാൻ കഴിയില്ല. കാരണം ഒരു മൃഗവും സ്വന്തം കുഞ്ഞിനെ സംരക്ഷിക്കാനല്ലാതെ കൊല്ലാനൊരുങ്ങാറില്ല. പുഴയിലെ ഒഴുക്കിൽ പെട്ട കുട്ടിയാനയെ അതിന്റെ അമ്മ അതിസാഹസികമായി രക്ഷിച്ച് കരയിലെത്തിക്കുന്ന വീഡിയോ കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞത് മനുഷ്യരായ ചില അമ്മമാരുടെ ക്രൂരതകൾ അന്നേരം ഓർമയിൽ വന്നതുകൊണ്ടാണ്. പവിത്രമായ മാതൃത്വത്തിനും സ്ത്രീത്വത്തിനും ഇന്ന് ഏറെ വെല്ലുവിളി നേരിടേണ്ടിവരുന്നത് സ്ത്രീകളിൽനിന്നു തന്നെയാണ് എന്നത് പറയാതിരിക്കാൻ വയ്യ!
കുറെ നിയമങ്ങൾ ഉണ്ടായതുകൊണ്ട് മാത്രം മനുഷ്യൻ നന്നാവുകയില്ല. നീതി നടപ്പിലാക്കാനുള്ള ഇച്ഛാശക്തി കാണിക്കുന്ന ഭരണാധികാരികളും നീതിപീഠവും വേണം. പണത്തിന്റെയും അധികാരത്തിന്റെയും പിൻബലത്തിൽ ഏതു നിയമക്കുരുക്കിൽനിന്നും രക്ഷപ്പെടാമെന്ന അവസ്ഥ മാറുകതന്നെ വേണം.
മനുഷ്യൻ നന്നാവണമെങ്കിൽ അവൻ തന്റെ അസ്തിത്വത്തെ തിരിച്ചറിയണം. അപ്പോൾ സ്വാഭാവികമായും സൃഷ്ടിച്ചവനിലേക്ക് അവൻ മടങ്ങും. ഒന്നുമല്ലാതിരുന്ന അവസ്ഥയിൽനിന്നും തന്നെ സൃഷ്ടിച്ചു പരിപാലിക്കുന്ന സ്രഷ്ടാവിനെ തിരിച്ചറിയുന്നതോടെ മനുഷ്യൻ മനുഷ്യനാകും. തെറ്റുകളിൽനിന്നും അവൻ ബഹുദൂരം അകലും.

