ജീവന്റെ വിലയുള്ള വെള്ളം
ഇബ്നു അലി, എടത്തനാട്ടുകര
2026 ജനുവരി 31, 1447 ശഅ്ബാൻ 12

മഗ്‌രിബ് നമസ്‌കാരാനന്തരം കൂട്ടുകാർക്കൊപ്പം ചായയും കുടിച്ച് ഒന്ന് കൂടിയിരിക്കും. ഇശാഅ് നമസ്‌കാര നേരംവരെ അത് നീളും. മിക്കവാറും, കൂട്ടുകാരനുകൂടി ഷെയറുള്ളതും മറ്റൊരു കൂട്ടുകാരൻ സ്റ്റാഫുമായ പെട്രോൾ പമ്പിന്റെ ഓഫീസിലായിരിക്കും. നാട്ടുവിവരം പങ്കുവെച്ചും പത്രപാരായണം നടത്തിയും ഇടയ്ക്ക് ഓഫീസിൽ ചില്ലറ സഹായം ചെയ്തും കഴിച്ചുകൂട്ടും.
കൂടുതൽ അളവിൽ പെട്രോളും ഡീസലും അടിക്കുന്നവർക്ക് കുടിവെള്ളക്കുപ്പി കൊടുക്കുന്ന പതിവുണ്ട്. സ്റ്റോക്ക് തീരാറാകുമ്പോൾ അവർക്ക് മുടക്കം വരാതിരിക്കാൻ ഏതാനും കുപ്പികൾ ഓഫീസിലെ മേശയുടെ ചുവട്ടിലേക്ക് മാറ്റിവെക്കും.
പതിവ് കസ്റ്റമറായ ബസ് ജീവനക്കാരൻ ഒരുദിവസം വന്നപ്പോൾ വെള്ളക്കുപ്പിയില്ല. മേശക്കടിയും കാലി. ഓഫീസിൽനിന്ന് പുറത്തിറങ്ങിയ അദ്ദേഹം തിരിച്ചു വന്നിട്ട് പറഞ്ഞു: “ഇന്ന് കുപ്പിവെള്ളം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല; മുമ്പ് കിട്ടിയത് ഒന്നുരണ്ടെണ്ണം ഞാൻ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.’’ അത് പതിവാണെന്നും കൂട്ടിച്ചേർത്തു.
പിന്നെ ‘ജലസൂക്ഷിപ്പി’ന്റെ കാരണം പങ്കുവെച്ചു: അന്നൊരുനാൾ ഡ്യൂട്ടിക്കിടെ ബസ്സിലെ സീറ്റിൽ നിന്ന് ഒരു യാത്രക്കാരൻ ഒരു ഭാഗത്തേക്ക് ചരിഞ്ഞു. വീഴാതിരിക്കാൻ തൊട്ടപ്പുറത്തെ സീറ്റിലെ ആൾ സഹായിച്ച് നേരെയിരുത്തി. അയാളുടെ കൂടെ ഒരു ബാലനും ഉണ്ടായിരുന്നു. കുറച്ചു സമയം കഴിഞ്ഞു. വീണ്ടും ചരിഞ്ഞു വീഴാറായി. അടുത്ത സീറ്റിലുള്ളവർ പെട്ടെന്ന് ഇടപെട്ട് അദ്ദേഹത്തെ വീഴാതെ കാത്തു.
ഇതു കണ്ട നമ്മുടെ സ്റ്റാഫ് ഓടിച്ചെന്നു. കടുത്ത നെഞ്ചുവേദനയാൽ പുളയുകയായിരുന്നു അയാൾ. ബസ്സിന്റെ പ്ലാറ്റ്‌ഫോമിൽ നിവർത്തിക്കിടത്തി. അദ്ദേഹത്തിന് കൊടുക്കാൻ വെള്ളം തിരഞ്ഞു. ജീവനക്കാരുടെ പക്കൽ ഉണ്ടായിരുന്നില്ല. ബസ്സിലെ നാൽപതോളം യാത്രക്കാരിൽ ഒരാളുടെ കൈയിലും ഇത്തിരി വെള്ളമുണ്ടായിരുന്നില്ല. അവസാന ശ്വാസത്തിനു മുമ്പ് ഒരിറ്റു വെള്ളം കുടിക്കാൻ കിട്ടാതെ ബസ്സിൽ വെച്ച് ആ യാത്രക്കാരൻ മരണപ്പെട്ടു.
ലോഡിംഗ് തൊഴിലാളിയായ അയാൾ മകനെ അനാഥാലയത്തിലാക്കാനുള്ള യാത്രയിലായിരുന്നു. ഇത് പറഞ്ഞപ്പോൾ ബസ് ജീവനക്കാരന്റെ ശബ്ദം ഇടറിയിരുന്നു.
കേട്ട ഞങ്ങൾക്കും സങ്കടം വന്നു. 35 കൊല്ലമായി പല ജില്ലകളിൽ, പല ബസ്സുകളിൽ ജോലി ചെയ്ത ആ ജീവനക്കാരൻ കഴിഞ്ഞ 30 കൊല്ലമായി ഒരു കുപ്പിയിലെങ്കിലും ഇത്തിരി വെള്ളം കാത്തുവെക്കുന്ന പതിവ് തെറ്റിച്ചിട്ടില്ല.
കുടിവെള്ളം ചോദിക്കുന്നവർക്ക് കൊടുക്കുക. ഭക്ഷണത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ വേണം. വിശക്കുന്നവന് ഉപകാരപ്പെട്ടില്ലെങ്കിൽ പിന്നെ എന്താണ് ആ ഭക്ഷണത്തിന്റെ മൂല്യം? ചില നേരങ്ങളിൽ ഒരുതുള്ളി വെള്ളത്തിനു പോലും ഒരു ജീവന്റെ വിലയുണ്ടെന്നറിയുക. ശുദ്ധവായു കഴിഞ്ഞാൽ ജീവൻ നിലനിർത്താൻ ഏറ്റവും അത്യാവശ്യമായ ഘടകം വെള്ളമാണ്. ആവശ്യക്കാർക്ക് അത് നൽകുമ്പോൾ അതിലൂടെ നമ്മുടെ സ്വർഗവഴി എളുപ്പമാക്കുകയാണ് നാം ചെയ്യുന്നത്.
സഅ്ദുബ്‌നു ഉബാദ(റ) ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേ, എനിക്ക് ദാനധർമത്തെക്കുറിച്ച് പറഞ്ഞുതന്നാലും.’’ നബിﷺ പറഞ്ഞു: “നീ കുടിവെള്ളം നൽകുക.’’(അഹ്‌മദ്).

