റോട്ടിൽ പൊലിയുന്ന ജീവനുകൾ
നബീൽ പയ്യോളി
2026 ജനുവരി 17, 1447 റജബ് 28

ഏതാനും ദിവസങ്ങൾക്കു മുമ്പ് പ്രവാസലോകത്തെ നടുക്കിയ രണ്ട് വാഹപകടങ്ങളിൽ എട്ട് ജീവനുകളാണ് പൊലിഞ്ഞത്. ഒന്ന് സഊദി അറേബ്യായിലെ മദീനക്ക് അടുത്തും മറ്റൊന്ന് യുഎഇയിലെ അബുദാബിയിലും. നാലു പേർ മദീനയിലെ അപകടത്തിൽ മരിച്ചു. അബ്ദുൽ ജലീലും ഉമ്മയും ഭാര്യയും മകനുമാണ് മരിച്ചത്. അബ്ദുൽജലീലിന്റെ മൂന്ന് മക്കൾ പരുക്കേറ്റ് ചികിത്സയിലാണ്. അബുദാബിയിൽ അബ്ദുൽ ലത്തീഫിന്റെ മൂന്ന് മക്കളും വീട്ടു ജോലിക്കാരിയുമാണ് മരിച്ചത്. അബ്ദുൽ ലത്തീഫും ഭാര്യയും ചികിത്സയിലാണ്.
പ്രതീക്ഷയോടെയാണ് നമ്മുടെ ഓരോ ദിവസവും കടന്നുപോകുന്നത്. പ്രവാസത്തിലെ ജോലിത്തിരക്കിനിടയിൽ അധികപേർക്കും വിശ്രമമില്ലാത്ത ഓട്ടമായിരിക്കും. വാരാന്ത്യ അവധി ദിനങ്ങളിലെ ഓട്ടപ്പാച്ചിലിനിടയിലാണ് പലപ്പോഴും അപകടങ്ങൾ സംഭവിക്കുന്നത്. അവധിയെത്തിയാൽ മരണം വന്നുചേരുക തന്നെ ചെയ്യും, തീർച്ച! പ്രവാസികൾ വീട്ടിൽനിന്നും വിമാനത്താളങ്ങളിലേക്ക് യാത്ര തിരിക്കുമ്പോൾ ഇടിമിന്നൽപോലെ ഹൃദയത്തിൽ ഉണ്ടാകുന്ന ഒരു വികാരം ഇനി നമ്മൾ കാണുമോ എന്നതാണ്. മാതാപിതാക്കളും ഭാര്യയും മക്കളും ബന്ധുമിത്രാദികളും ഒന്നുമില്ലാത്ത ഒരു ലോകത്തേക്കാണ് യാത്ര. ഒരു തരത്തിൽ ഒറ്റപ്പെടൽ. മരണം വരുമ്പോൾ കുടുംബത്തോടൊപ്പം ഉണ്ടാവുക എന്നത് ആഗ്രഹമാണ്. പക്ഷേ, പ്രവാസലോകത്തെ ഒറ്റപ്പെടലിൽ മരണസമയത്തെ ഓർക്കുമ്പോൾ വല്ലാത്ത വിങ്ങലാണ്. അത് പലപ്പോഴും യാത്രപറയുന്നവരുടെ മനസ്സിനെ വല്ലാതെ പിടിച്ചു കുലുക്കും.
യാത്രകളിൽ പലപ്പോഴും പ്രയാസകരമായി ഭവിക്കുന്നത് രാത്രിയാത്രയാണ്. പരമാവധി രാത്രിയാത്ര ഒഴിവാക്കുന്നതാണ് നല്ലത്. മനുഷ്യൻ എന്ന ഉപകരണം അതിന്റെ എല്ലാവിധ പാർട്‌സുകളും വിശ്രമം കൊതിക്കുന്ന രാത്രിയിൽ ഉറക്കം നമ്മുടെ ശരീരത്തിന്റെ സ്വാഭാവിക പ്രക്രിയയാണ്. രാത്രി ഉറക്കം എന്നത് മാത്രമാണ് ശ്രരീരം ആവശ്യപ്പെടുന്ന അനിവാര്യ വിശ്രമത്തിനും റിഫ്രഷ് ചെയ്യാനും പര്യാപ്തം. മറ്റു സമയങ്ങളിലെ ഉറക്കം രാത്രിയുറക്കത്തിന് പകരമാവില്ലെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. രാത്രി യാത്ര പുറപ്പെടുന്നത് പോലെ വീട്ടിലെത്താൻ അധികം ദൂരമില്ലെന്ന് കരുതി പാതിയുറക്കത്തിൽ വാഹനം ഓടിക്കുന്നതാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാവുന്നത്. ദീർഘദൂര യാത്രകളിൽ രാത്രി വിശ്രമം മുന്നിൽ കണ്ടുകൊണ്ട് മാത്രമെ പ്ലാൻ ചെയ്യാവൂ. പ്രത്യേകിച്ച് പ്രവാസലോകത്ത് നൂറുകണക്കിന് കിലോമീറ്റർ ഒരേ ദിശയിൽ ഓടിക്കേണ്ടിവരും. മണിക്കൂറിൽ നൂറോ അതിലധികമോ കിലോമീറ്റർ സ്പീഡിൽ ഓടുന്ന വാഹനം ഓടിക്കുന്നയാൾ ഒന്ന് കണ്ണടച്ചു പോയാൽ വലിയ അപകടങ്ങൾ സംഭവിക്കും. നമുക്ക് മാത്രമല്ല മുന്നിലും പുറകിലുമായി വരുന്ന ഇതര വാഹനയാത്രക്കാർക്കും ജീവൻ വരെ നഷ്ടമാവുന്ന സാഹചര്യമാണ് ഉണ്ടാവുക.
ദീർഘദൂര യാത്രയിൽ കൃത്യമായ ഇടവേളകളിൽ വിശ്രമിക്കുകയും വാഹനത്തിൽ നിന്നും ഇറങ്ങി കൈകാലുകൾക്ക് റിലാക്‌സ് നൽകാൻ ശ്രദ്ധിക്കണം. കൂടെയുള്ളവർ ഉറങ്ങാതെയിരിക്കാൻ, ഒരാളെങ്കിലും സംസാരിച്ചും ലഘുഭക്ഷണങ്ങൾ പങ്കുവച്ചും മറ്റും എപ്പോഴും ആക്ടീവായ സാഹചര്യവും ഉണ്ടാവണം. മുൻസീറ്റിൽ ഇരിക്കുന്നവർ ഉറങ്ങിപ്പോകാതിരുന്നാൽ ഡ്രൈവറെ ശ്രദ്ധിക്കാനും റോഡിലെ അപ്രതീക്ഷിത പ്രതിസന്ധികൾ ഒരു പരിധിവരെ മറികടക്കാനും സാധ്യമാവും.
ദീർഘദൂര യാത്രകൾക്ക് ഉപയോഗിക്കുന്ന വാഹനത്തിന്റെ കണ്ടീഷൻ, എഞ്ചിൻ, ടയർ തുടങ്ങിയതെല്ലാം യാത്രക്ക് മുൻപ് പരിചയസമ്പന്നരായ മെക്കാനിക്കിനെ കൊണ്ട് പരിശോധിപ്പിക്കുന്നത് നല്ലതാണ്.
നമ്മൾ ഒരൽപം വിശ്രമിച്ചാൽ, ശ്രദ്ധിച്ചാൽ തൊട്ടടുത്ത ദിവസത്തെ ജോലിയോ മറ്റേതെങ്കിലും കാര്യങ്ങളോ മുടങ്ങി എന്ന് വരാം. അല്ലങ്കിൽ അൽപം വൈകി എത്തിയേക്കാം. അതാണല്ലോ അപകടത്തിൽ പെടുന്നതിനെക്കാൾ നല്ലത്. ജീവനെക്കാൾ വലുതല്ല മറ്റൊന്നും. അതുകൊണ്ട് ജീവഹാനിക്ക് കാരണമാകുന്ന സാഹസികതക്ക് നമ്മൾ ഒരിക്കലും തുനിയരുത്. നമ്മൾ ചെയ്യേണ്ടത് ചെയ്യുക. ശേഷം സ്രഷ്ടാവിൽ ഭരമേൽപിക്കുക.

