കിടപ്പിലായവരുടെ കഷ്ടപ്പാടറിയുക

സലാം സുറുമ എടത്തനാട്ടുകര

2026 ഏപ്രിൽ 18, 1447 ശവ്വാൽ 30

‘മുമ്പൊക്കെ സമയത്തിന് റോക്കറ്റിന്റെ വേഗതയായിരുന്നു. ഇപ്പോൾ ഒച്ചിഴയുന്ന പോലെയാ സമയം എനിക്ക് അനുഭവപ്പെടുന്നത്’-ഇരുചക്ര വാഹന യാത്രക്കിടയിൽ വീണ് നട്ടെല്ലിനു പരിക്കുപറ്റി കിടപ്പിലായ സഹപാഠിയെ സന്ദർശിക്കാൻ ചെന്നപ്പോൾ അവൻ നിരാശയോടെ പറഞ്ഞ വാചകങ്ങളാണിത്.

ആദ്യമൊക്കെ സുഹൃത്തിന് സന്ദർശകരുടെ പ്രവാഹമായിരുന്നു. ബന്ധുക്കളുടെയും സുഹൃത്തു ക്കളുടെയും നാട്ടുകാരുടെയും സന്ദർശനത്താലും ഫോൺ വിളികളാലും ശരിക്ക് ഉറങ്ങാൻപോലും സമയം കിട്ടിയിരുന്നില്ല. പിന്നെപ്പിന്നെ സന്ദർശകരുടെ എണ്ണം കുറഞ്ഞുവന്നു. ബന്ധുക്കൾ പോലും വല്ലപ്പോഴും വന്നാലായി. മാസം നാലായി ഈ കിടപ്പ് തുടങ്ങിയിട്ട്. ഇനിയും രണ്ട് മാസം കൂടി തള്ളി നീക്കേണ്ടതുണ്ട്.

‘വരുന്നവർ പണമൊന്നും തന്ന് സഹായിക്കേണ്ട. വെറുതെ ഒന്ന് വന്നാൽ മതി. വല്ലതുമൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കാൻ വലിയ ആഗ്രഹമാണിപ്പോൾ. ടിവിയും സോഷ്യൽ മീഡിയയും ദിവസങ്ങൾ കൊണ്ട് തന്നെ മടുത്തു. എത്ര സമയം എന്നുവെച്ചാ ഫാനും നോക്കി കിടക്കുക...?’ നിരാശയും സങ്കടവും കലർന്ന വാചകങ്ങൾ പിന്നെയും അവനിൽനിന്നും പുറത്തേക്ക് വന്നു.

ആറു മാസം പൂർണമായും ബെഡ്‌റെസ്റ്റ് നിർദേശിക്കപ്പെട്ട ഒരു യുവാവിന്റെ അവസ്ഥ ഇതാണെങ്കിൽ കട്ടിലിൽ തളച്ചിടപ്പെട്ട നിത്യരോഗികളുടെയും പ്രായം ചെന്നവരുടെയും അംഗവൈകല്യംകൊണ്ടും മറ്റും ജന്മനാതന്നെ കിടപ്പിലായവരുടെയും അവസ്ഥ എന്തായിരിക്കുമെന്ന്, വായിക്കാനായി അവന് ഒന്ന് രണ്ട് നല്ല പുസ്തകങ്ങൾ കൈമാറി തിരിച്ചിറങ്ങുമ്പോൾ ഞാൻ ആലോചിച്ചു. മനസ്സ് എത്തുന്നിടത്ത് ശരീരത്തിനും എത്താൻ തക്ക ആരോഗ്യമുള്ളവർ തന്നെയാണ് പലപ്പോഴും പെട്ടെന്ന് ശയ്യാവലംബികളായി മാറുന്നത്.

അവരുടെ സ്വപ്നങ്ങൾക്കും മോഹങ്ങൾക്കും മങ്ങലേൽക്കുന്നു. മരണം തൊട്ടരികിലുണ്ടെന്ന തിരിച്ചറിവിൽ ജീവിതം തള്ളിനീക്കുന്ന നിത്യരോഗികൾക്കും പ്രായം ചെന്നവർക്കും അംഗവൈകല്യം കൊണ്ടും മറ്റും ജന്മനാ തന്നെ കിടപ്പിലായവർക്കും നമ്മുടെ ഒരു സന്ദർശനം കൊണ്ട് വലിയ ആശ്വാസം ലഭിക്കുമെങ്കിൽ നാമെന്തിന് മടി കാണിക്കണം? അവർ ആഗ്രഹിക്കുകയും അർഹിക്കുകയും ചെയ്യുന്ന സഹായം ചെയ്തുകൊടുക്കാൻ-അത് ഒരു പക്ഷേ, കേവലം ആശ്വാസവചനങ്ങളായിരിക്കാം- കഴിയുമെങ്കിൽ ചെയ്ത് കൊടുത്ത് സ്രഷ്ടാവിന്റെ പ്രീതി കരസ്ഥമാക്കുവാനാണ് വിശ്വാസികൾ ശ്രദ്ധിക്കേണ്ടത്. നന്മ നിറഞ്ഞ മനസ്സുകളുടെ പ്രാർഥന അവർക്ക് വലിയ ആശ്വാസവും ധൈരൃവും പകരും. ഓരോ വിശ്വാസിയും രോഗികളെ സന്ദർശിക്കൽ പുണ്യകർമത്തോടൊപ്പം തന്റെ ബാധ്യതയുമാണെന്ന് തിരിച്ചറിയണം. അവരെ സമീപത്തെ പെയിൻ ആന്റ് പാലിയേറ്റീവ് ക്ലിനിക്കുകളുമായി ബന്ധപ്പെടുത്തണം. കിടപ്പിലായ രോഗികളുടെ ‘ഹാൻഡിക്രോപ്‌സ്’ പോലുള്ള കൂട്ടായ്മകളിലും വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും അവരെ അംഗങ്ങളാക്കാനും സജീവമായി പ്രവർത്തിക്കാനും പ്രേരിപ്പിക്കണം. സർക്കാരിൽ നിന്നും അവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് ബോധവാൻമാരാക്കണം.

സാമ്പത്തികമായി പരാധീനത അനുഭവിക്കന്ന കുടുംബമാണെങ്കിൽ അവർക്ക് കൈത്താങ്ങേകാൻ മുന്നിട്ടിറങ്ങണം. സർവോപരി ക്ഷമിക്കാനും സഹിക്കാനും അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിക്കാനും ജീവിതം കഴിയുന്നത്ര ഇസ്‌ലാമികമാക്കുവാനും അവരെ ഉപദേശിക്കുക; ഗുണകാംക്ഷയോടെ.