അഭിപ്രായം പറയാൻ മടിക്കരുത്

സലാം സുറുമ എടത്തനാട്ടുകര

2026 ജനുവരി 24, 1447 ശഅ്ബാൻ 05

“ഇതിലെ മസാല പഴകിയതാണ്’’-ഭക്ഷണം വായിൽ വെച്ച ഉടനെ മകൾ പറഞ്ഞു. വിളമ്പിയ വസ്തു നന്നായി പഴകിയതാണെന്നും പുളിച്ചു തുടങ്ങിയിട്ടുണ്ടെന്നും എല്ലാവർക്കും ബോധ്യപ്പെട്ടു. വെയിറ്ററെ വിളിച്ച് രുചിച്ച് നോക്കാൻ ആവശ്യപ്പെട്ടു. കഴിക്കുന്നതിന് പകരം സ്പൂണിൽ മസാല എടുത്ത് മണത്തു നോക്കിയ അദ്ദേഹത്തിന്റെ നെറ്റി ചുളിഞ്ഞു. മട്ടൺ ചാപ്‌സിന്റെ പാത്രവുമെടുത്ത് അദ്ദേഹം അടുക്കളയിലേക്കോടി. മിനുട്ടുകൾക്കുള്ളിൽ ഹോട്ടൽ മാനേജർ നേരിട്ട് വന്നു. തെറ്റ് ഏറ്റു പറഞ്ഞ്, ഞങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമാപണം നടത്തി. ദയയായി കുറച്ച് സമയം കാത്തിരിക്കണമെന്നും പുതിയ ഡിഷ് ഉടനെ വിളമ്പാം എന്നും അറിയിച്ചു.

കുടുംബസമേതമുള്ള ഒരു യാത്രക്കിടയിൽ, പേരുകേട്ട ഒരു വലിയ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോഴാണ് ഈ അനുഭവം ഉണ്ടായത്. സുഹൃത്തിന് പാർട്ടണർഷിപ്പുള്ള ഈ ഹോട്ടലിൽ മുൻപും ശേഷവും പലതവണ കയറിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഈ ദുരനുഭവം.

പാർട്ട്ണറായ സുഹൃത്ത് ഇന്ന് ഹോട്ടലിൽ വന്നിട്ടുണ്ടോ എന്ന ചോദ്യം കേട്ടതോടെ സ്റ്റാഫ് കൂടുതൽ പരിഭ്രാന്തരായി. ഒരു ജൂനിയർ ഷെഫിന് പറ്റിയ അബദ്ധമാണെന്നും സംഗതി ഉടമയെയും ആരോഗ്യ വകുപ്പിനെയും അറിയിക്കരുതെന്നും അവർ അഭ്യർഥിച്ചു. കൊച്ചു കുട്ടികൾ അടക്കമുള്ളവർ ഇത് കഴിച്ചാൽ ഉണ്ടാകുന്ന പ്രയാസങ്ങൾക്ക് ആര് ഉത്തരവാദിത്തമേൽക്കും എന്ന ചോദ്യത്തിന് ദയനീയമായ നോട്ടം മാത്രമായിരുന്നു മറുപടി.

കാൽ മണിക്കൂറിനുള്ളിൽ ആവിപറക്കുന്ന പുതിയ മട്ടൺ ചാപ്‌സ് എത്തി. മാനേജർ തന്നെ സെർവ് ചെയ്തു. അവസാനം ബില്ല് വന്നു. അതിൽ മട്ടൺ ചാപ്‌സ് ഉൾപെടുത്തിയിട്ടില്ല. നിർബന്ധിച്ച് അത് കൂടി ചേർപ്പിച്ചു. ബില്ലടച്ച് ഇറങ്ങുമ്പൊൾ മാനേജർ വീണ്ടും പ്രത്യക്ഷപ്പെട്ടു. നല്ല തിരക്കുള്ള ഈ സമയത്ത് യാതൊരു കോലാഹലവുമില്ലാതെ പരാതി അവരെ അറിയിച്ചതിന് നന്ദി പറഞ്ഞു. ഷെഫിനെതിരെ നടപടി എടുത്തതായും അറിയിച്ചു. ഇനിയും വരണേ എന്ന അഭ്യർഥനയൊടെ വാതിൽവരെ അദ്ദേഹം ഞങ്ങളെ അനുഗമിച്ചു.

വർഷങ്ങൾക്കു മുമ്പ് സുഹൃത്തിന്റെ കൂടെ ബീഫും പൊറോട്ടയും കഴിക്കാൻ ഒരു ചെറിയ ഹോട്ടലിൽ കയറിയപ്പോൾ ഉണ്ടായ അനുഭവവും മറന്നിട്ടില്ല. പുതിയതും പഴയതുമായ പൊറോട്ട ഇടകലർത്തിയാണ് ഞങ്ങൾക്ക് വിളമ്പിയത്. വായിൽ വെച്ചപ്പഴേ പഴകിയ മണം കിട്ടി. ക്യാഷിലിരിക്കുന്ന ഉടമയെ വിവരം അറിയിച്ചു. അദ്ദേഹം എഴുന്നേറ്റു വന്ന് ഭക്ഷണം പരിശോധിച്ചു. അടുക്കളയിൽ പോയി പാചകക്കാരനെ ചീത്ത പറയുന്നത് ഞങ്ങൾ സീറ്റിൽ ഇരുന്ന് കേട്ടു. അദ്ദേഹം തന്നെ പുതിയ ഭക്ഷണം വിളമ്പിത്തന്നു. പിന്നീട് ചെല്ലുമ്പോഴെല്ലാം ഉടമതന്നെ ഞങ്ങൾക്ക് വിളമ്പിത്തരാൻ ശ്രദ്ധിച്ചിരുന്നു.

മറ്റൊരിക്കൽ, വനിതകൾ നടത്തുന്ന ഹോട്ടലിൽ ഉച്ച ഭക്ഷണത്തിന് കയറി. സ്പെഷ്യലായി മീൻ വറുത്തത് എടുത്തു. മത്സ്യത്തിന്റെ അകത്തെ കറുത്ത അവശിഷ്ടങ്ങൾ മുഴുവൻ നീക്കം ചെയ്തിട്ടില്ല. കാര്യം ഉടമയുടെ ശ്രദ്ധയിൽപ്പെടുത്തിയതും അദ്ദേഹം അത് എടുത്ത് കൊണ്ടുപോയി അടുക്കളയിലെ ജോലിക്കാരെ കാണിച്ചു. മേലാൽ ഇത് ആവർത്തിക്കരുതെന്നും ആരോഗ്യ വകുപ്പുകാരെ ഇവിടേക്ക് വരുത്താൻ ഇടയാക്കരുത് എന്നും വഴക്ക് പറയുന്നത് കേട്ടു.

പരാതികൾ മാത്രമല്ല, നല്ല ഭക്ഷണമാണ് വിളമ്പിയതെങ്കിൽ അതും സന്തോഷത്തോടെ പറയാൻ ശ്രദ്ധിക്കാറുണ്ട്. പണം അടച്ച് ഇറങ്ങുമ്പോൾ പോസിറ്റീവ് ആയി പറയുന്ന കമന്റുകൾക്കും നിർദേശങ്ങൾക്കും നിറഞ്ഞ ചിരി സമ്മാനമായി ലഭിക്കും. ഇനിയും വരണമെന്നും സുഹൃത്തുക്കളോടും മറ്റും സ്ഥാപനത്തെ പരിചയപ്പെടുത്തണമെന്നും അവർ സ്‌നേഹത്തോടെ മൊഴിയാറുണ്ട്.

ഭക്ഷണശാലകൾ ആവശ്യപ്പെടുന്ന തുക കൊടുത്താണ് നമ്മൾ ആഹാരം കഴിക്കുന്നത്. ഒരു ഉപഭോക്താവ് എന്ന നിലയിൽ നല്ല ഭക്ഷണം നമ്മുടെ അവകാശമാണ്. കേടുവന്ന ഭക്ഷണമാണ് കിട്ടിയതെങ്കിൽ തന്മയത്വത്തോടെ അവരോടു പറയണം. ധിക്കാരപരമായ പ്രതികരണമാണെങ്കിൽ ബന്ധപ്പെട്ട വകുപ്പിനെ അറിയിക്കാൻ ആരും മടി കാണിക്കരുത്. നമ്മുടെ പരാതി ശേഷം വരുന്നവർക്കെങ്കിലും നല്ല ഭക്ഷണം ലഭിക്കാൻ കാരണമാകും. ഭക്ഷണത്തിന്റെയും വൃത്തിയുടെയും കാര്യത്തിൽ നടത്തിപ്പുകാർ കൂടുതൽ ശ്രദ്ധാലുക്കളുമാകും.

കച്ചവടത്തിൽ കൃത്രിമവും വഞ്ചനയും കാണിക്കൽ ഇസ്‌ലാം കർശനമായി വിലക്കിയിട്ടുണ്ട്. ഏതു രംഗത്തും ഒരു മുസ്‌ലിം സത്യസന്ധത പാലിക്കണം. സാമ്പത്തിക ലാഭത്തിനായി നടത്തുന്ന ചതി ചിലപ്പോഴെങ്കിലും ഭക്ഷ്യവിഷബാധക്കും മരണത്തിനും കാരണമാകാറുണ്ട്. അത് ഇഹലോകത്തും പരലോകത്തും ശിക്ഷിക്കപ്പെടാൻ കാരണമാകുമെന്ന് തിരിച്ചറിയണം.