കടം ഒരു അപകടം

മജീദ് ബസ്താക്ക്

2026 ജനുവരി 10, 1447 റജബ് 21

നിങ്ങൾ പൊയ്‌ക്കോളൂ, എല്ലാം സെറ്റ്. നിങ്ങൾ വീട്ടിൽ എത്തുമ്പോഴേക്കും പൈസ അക്കൗണ്ടിൽ എത്തിയിട്ടുണ്ടാകും.’ ഇങ്ങനെയുള്ള വർത്തമാനം നിങ്ങളാരെങ്കിലും കേട്ടിട്ടുണ്ടോ?

ഒരാൾക്ക് പണം കടം കൊടുത്തശേഷം പറഞ്ഞ അവധി കഴിഞ്ഞ് അത് തിരിച്ചു വാങ്ങാൻ പോയാൽ കേൾക്കുന്ന ഒരു ഡയലോഗാണിത്. കൂടുതലും ഇങ്ങനെ കേൾക്കുക നമുക്ക് നല്ല പരിചയമുള്ളവരിൽ നിന്നായിരിക്കും. ഒരാളുടെ വിഷമ സമയത്ത് അയാളുടെ ആവശ്യം അറിഞ്ഞ് ഒരു സഹായം ചെയ്തതായിരിക്കും. പക്ഷേ, പറഞ്ഞ അവധി കഴിഞ്ഞ് പിന്നീട് പണം വാങ്ങാൻ പോകുമ്പോഴായിരിക്കും ഇത് കേൾക്കുക.

‘ഞാനെന്താ നിന്റെ പൈസയെടുത്ത് നാടുവിടുമോ’ എന്നായിരിക്കും കൊടുത്ത കാശ് തിരിച്ചു ചോദിക്കുമ്പോൾ ചിലരുടെ പ്രതികരണം. കടം കൊടുത്തയാളെ കടം വാങ്ങിയവനെ പോലെയാക്കുന്ന ഡയലോഗ്!

കടം ഒരു പരീക്ഷണമാണ്. വീട്ടാതിരുന്നാൽ പരലോകത്ത് ശിക്ഷ കിട്ടുന്ന ഒരു പ്രവൃത്തിയാണത്. ശഹീദിന് കടമൊഴികെ മറ്റുള്ളതെല്ലാം അല്ലാഹു പൊറുത്തുകൊടുക്കും എന്നാണ് നബിവചനം. കടത്തിന്റെ ഗൗരവം ഇതിൽനിന്നും മനസ്സിലാക്കാം.

ഒരിക്കൽ ഒരു സ്വഹാബി മരണപ്പെട്ടപ്പോൾ മയ്യിത്ത് നമസ്‌കാരത്തിന് ഇമാം നിൽക്കാൻ വേണ്ടി നബിﷺയെ സമീപിച്ചപ്പോൾ ആദ്യം ചോദിച്ചത് ‘അദ്ദേഹത്തിന് കടമുണ്ടോ’ എന്നാണ്. ഉണ്ടെന്ന് മറുപടി വന്നപ്പോൾ അവിടുന്ന് മാറി നിന്നു. ഒരു സ്വഹാബി ആ കടം ഏറ്റെടുത്തപ്പോഴാണ് മയ്യിത്ത് നമസ്‌കരിച്ചത്. ക്വുർആനിലെ ഏറ്റവും വലിയ ആയത്ത് (2:282) കടവുമായി ബന്ധപ്പെട്ടതാണ്.

മറ്റുള്ളവർക്ക് ഉപകാരം ചെയ്തു ശത്രുവാകുന്ന പരിപാടിയുണ്ടെങ്കിൽ അതിലൊന്ന് കടം കൊടുക്കലായിരിക്കും. ചില കച്ചവടക്കാർ സാധനം മൊത്തക്കച്ചവടക്കാരിൽനിന്നും കടമായിട്ടാണ് വാങ്ങുക. പണം വാങ്ങാൻ ചെല്ലുമ്പോൾ കൈയിൽ കാശില്ല, ജി പേ ചെയ്യാമെന്നു പറയും. എങ്കിൽ അയക്കൂ എന്നു പറഞ്ഞാൽ അയക്കാൻ ശ്രമിക്കുന്നതായി അഭിനയിക്കും. എന്നിട്ട് സർവർ പ്രശ്‌നമാണ്, അയക്കാൻ പറ്റുന്നില്ല എന്ന് പറയും.

കടം വാങ്ങി നരകാവകാശിയായി മാറുന്നത് സൂക്ഷിക്കണം. സമയത്ത് തിരിച്ചുകൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ കളവ് പറയേണ്ടിവരും. വാക്ക് പാലിക്കാൻ കഴിയാത്ത അവസ്ഥ വരും. ചിലർ തിരിച്ചു കൊടുക്കില്ല എന്നു തീരുമാനിച്ചാകും കടം വാങ്ങുന്നതു തന്നെ. പറഞ്ഞ സമയത്ത് തിരിച്ചുതരാൻ കഴിയാത്തവർക്ക് സമയം നീട്ടിക്കൊടുക്കുകയോ ഇളവു നൽകുകയോ ചെയ്യൽ പുണ്യപ്രവൃത്തിയാണെന്ന് കടം കൊടുത്തവർ മനസ്സിലാക്കുക.

അനിവാര്യമെങ്കിൽ മാത്രം കടം വാങ്ങുക. ഉള്ളതിൽ തൃപ്തിപ്പെട്ട് ജീവിക്കുക. തിരിച്ചു കൊടുക്കുന്നതിൽ അമാന്തം കാണിക്കാതിരിക്കുക. കൈയിൽ കാശുണ്ടെങ്കിലും കൊടുക്കാൻ മടിച്ച് നീട്ടിക്കൊണ്ടു പോകരുത്.