പണിക്കാരൻ പറഞ്ഞ കഥ

ഇബ്നു അലി എടത്തനാട്ടുകര

2026 ഏപ്രിൽ 11, 1447 ശവ്വാൽ 23

അയൽവാസിയുടെ വളപ്പിൽ പണിക്ക് വന്ന ഒരാളാണ് എനിക്ക് പണിക്കാരനെ ആവശ്യമുണ്ട് എന്നറിഞ്ഞു തൊട്ടടുത്ത ദിവസം വന്നത്. ഫോണില്ലാത്ത അയാൾക്ക് അയൽവാസി കൊടുത്ത എന്റെ നമ്പറിലേക്ക്, ബസ് ഇറങ്ങി ഓട്ടോ ഡ്രൈവറുടെ ഫോണിൽനിന്ന് എന്നെ വിളിച്ചെങ്കിലും ദൗർഭാഗ്യവശാൽ ഫോൺ സൈലന്റ് മോഡിലായിരുന്നു. എങ്കിലും അയാൾ കൃത്യമായി സ്ഥലത്തെത്തി. രാവിലെ ഏഴരയ്ക്ക് തന്നെ.

കറുത്ത് മെലിഞ്ഞ്, കഷണ്ടി കയറിയ, കുഴിയിലാണ്ട കണ്ണുള്ള ഒരറുപതുകാരൻ. താമസംവിനാ അയാൾ പണി തുടങ്ങി. കൈക്കോട്ട് എടുത്ത് പുല്ല് ചെത്തുകയും തെങ്ങിന് തടം പിടിക്കുകയും മറ്റും ചെയ്ത് തുടങ്ങി. ഇടയ്ക്കിടെ ബീഡി വലിച്ചുകൊണ്ടിരുന്നു. ആവശ്യപ്പെട്ട പ്രകാരം കുപ്പിയിലാക്കി കൊടുത്ത കട്ടൻ ചായ ഇടയ്ക്ക് മോന്തിക്കൊണ്ടിരുന്നു.

കുറച്ചുനേരം കഴിഞ്ഞ് തിണ്ണയിലിരുന്ന് ബ്രേക്ക് ഫാസ്റ്റ് കഴിച്ചു. തൊട്ടടുത്തിരുന്ന എന്നോട് ചോദിക്കാതെ തന്നെ അയാൾ ഓരോ കാര്യങ്ങൾ പറയാൻ തുടങ്ങി. അനാഥനായിരുന്ന അയാൾ തന്റെ ഗ്രാമത്തിൽനിന്ന് കുട്ടിക്കാലത്തു തന്നെ പട്ടണത്തിന് അടുത്തുള്ള ഒരു സ്ഥലത്തേക്ക് വന്നു. ഒന്നുരണ്ട് കുടുംബങ്ങളിൽ മാറി മാറി കന്നിനെ മേച്ചും മറ്റു പണികൾ എടുത്തും കാലം പോക്കി. സ്‌കൂളിൽ പോകാൻ അവസരമുണ്ടായിട്ടും പോയില്ല. പിന്നെ നാട് വിട്ടു. ബോംബെ, മദ്രാസ് തുടങ്ങി പല സ്ഥലങ്ങളിലും കറ ങ്ങി. പല ജോലികളും ചെയ്തു.

നാട്ടിലേക്ക് മടങ്ങി. ഒരു കുടുംബത്തിന്റെ തണലിൽ പണിയെടുത്ത് ജീവിതം തള്ളിനീക്കി. ഹോട്ടൽ ജോലി, കമുക് കേറ്റം, പാടത്തെ പണി, കൈക്കോട്ട് പണി തുടങ്ങി പല വിധ ജോലികളും ചെയ്തു. അതിനിടെ കല്യാണം കഴിഞ്ഞു. രണ്ട് കുട്ടികളായി. കുറച്ച് സ്ഥലം വാങ്ങി. അതിൽ ലോൺ എടുത്ത് ചെറിയൊരു വീട് പണിതു. മകളെ കെട്ടിച്ചു. മകൻ കല്യാണം കഴിച്ച് വേറെ പോയി. അതിനിടെ ഭാര്യ അയാളെ ഇട്ടേച്ച് പോയി. അതോടെ അവളുടെ പേരിൽ രജിസ്റ്റർ ചെയ്തിരുന്ന വീടും സ്ഥലവും കൈവിട്ടു പോയി. നിർവികാര ഭാവത്തിൽ ഇതെല്ലാം പറഞ്ഞ് അയാൾ ബീഡിക്ക് തീ കൊളുത്തി വീണ്ടും കൈക്കോട്ട് എടുത്ത് പണിക്കിറങ്ങി.

ഊണ് കഴിഞ്ഞ് വിശ്രമിക്കുമ്പോൾ ബാക്കി കഥ വന്നു. ഇപ്പോൾ ഒരു വീട്ടിൽ സഹായിയായി കഴിയുന്നു. അവർ നൽകിയ ഒറ്റമുറി വീട്ടിൽ ഉണ്ടുറങ്ങി ജീവിക്കുന്നു. അവിടെ പണിയില്ലാത്ത ദിവസം പുറത്ത് പണിക്ക് പോകുന്നു.

അടയ്ക്ക പറിക്കാൻ കേറിയപ്പോൾ കവുങ്ങ് പൊട്ടി താഴേക്ക് വീണ കാര്യം പറഞ്ഞു അയാൾ. വാഴയുടെ പുറത്തേക്ക് വീണത് കൊണ്ട് കാര്യമായി ഒന്നും പറ്റിയില്ല. വീണ്ടും കുറച്ച് കാലം ആ പണി തന്നെ ചെയ്തു. അതിനിടെ, ബൈക്ക് ആക്‌സിഡന്റിൽ പെട്ട് പരുക്ക് പറ്റി ആരും കാണാതെ റോഡിൽ ഏറെ നേരം കിടന്ന് ചോരവാർന്ന് കാൽ മുറിച്ചുമാറ്റേണ്ടി വന്ന മകനെക്കുറിച്ച് പറഞ്ഞു. മരണം ചെറുപ്പക്കാരെ പോലും വിടാത്തതിന്റെ സമകാലിക ഉദാഹരണങ്ങൾ നിരത്തി. എന്തുകൊണ്ട് വയസ്സനായ തന്നെ ദൈവം വിളിക്കുന്നില്ല എന്ന് പരിതപിച്ചു!

വല്ലപ്പോഴും മാത്രം പുക വലിച്ചിരുന്ന അയാൾ പതിവു വലിക്കാരനായ കാര്യം പറഞ്ഞു. ഭാര്യയുടെ കാര്യം ചോദിച്ചപ്പോൾ, അവൾ താൻ പണിത വീട്ടിൽ താമസിക്കുന്നു എന്ന് പറഞ്ഞു. അവളെ കുറ്റപ്പെ ടുത്താനോ ശപിക്കാനോ മുതിർന്നില്ല. എന്നാൽ വാക്കുകൾക്കും ശരീര ഭാഷക്കും അപ്പുറത്ത് അയാളുടെ രോഷവും വെറുപ്പും പ്രകടമായിരുന്നു.

കൂടുതൽ പറയാൻ നിൽക്കാതെ അയാൾ കൈക്കോട്ടുമായി വീണ്ടും പറമ്പിലിറങ്ങി. മണ്ണിൽ ആഞ്ഞു കൊത്തി. ഭൂമിയിൽ മറഞ്ഞു കിടന്ന കല്ലിൽ തട്ടി തീ പാറി.

പൊന്നും മുതലും സ്ഥലവും മറ്റും ചതിയിലൂടെ കൈക്കലാക്കി ജീവിക്കുന്ന ചിലരെങ്കിലും നമുക്ക് ചുറ്റുമുണ്ട്. മറ്റൊരാളുടെ സ്വത്ത് എങ്ങനെയാണ് അവർക്ക് അനുഭവിക്കാൻ കഴിയുന്നത്! യഥാർഥ ഉടമയുടെ കണ്ണീരും ചുടുനിശ്വാസവും അവരെ ചുട്ടുപൊള്ളിക്കുന്നില്ലേ? ഇഹലോകത്തും പരലോകത്തും അവർക്ക് സമാധാനം ലഭിക്കുമോ? ഇഹലോകത്ത് അന്യന്റെ സ്ഥലം കൈയേറിയവന് പരലോകത്ത് ലഭിക്കാനിരിക്കുന്ന ഭീകരമായ ശിക്ഷ നബിﷺ നമ്മെ ഉണർത്തിയിട്ടുണ്ട്. അത് ഒരു അറാക്കിന്റെ കൊള്ളിയാണെങ്കിലും കടുത്ത അക്രമമാണ് എന്നാണ് ഇസ്‌ലാമിക പാഠം. ചതിയും വിശ്വാസവഞ്ചനയും നടത്തു ന്നവനിൽനിന്ന് ചോർന്നുപോകുന്നത് അവന്റെ മതംതന്നെയാണ്.