സുരക്ഷാസംവിധാനങ്ങളെ അവഗണിക്കരുത്

നബീൽ പയ്യോളി

2026 മെയ് 02, 1447 ദുൽഖഅദ് 14

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ശാലയിലുണ്ടായ സ്‌ഫോടനം ഹൃദയഭേദകമാണ്. സ്ഫോടന ത്തിനു മുമ്പ് പല മാധ്യപ്രവർത്തകരും അവിടെയെത്തി എടുത്ത വീഡിയോകൾ കണ്ടപ്പോൾ ടൺ കണക്കിന് സ്ഫോടകവസ്തുക്കളുടെ നടുവിൽ എത്രത്തോളം അരക്ഷിതമായ സാഹചര്യത്തിലാണ് അവർ തൊഴിലെടുക്കുന്നത് എന്ന് ലോകം മനസ്സിലാക്കി.

തൊഴിലിടങ്ങളിലെ സുരക്ഷയെ കേവലം നിയമങ്ങൾ പാലിക്കാനുള്ള കാട്ടിക്കൂട്ടലുകൾക്കപ്പുറം മനുഷ്യജീവൻ രക്ഷിക്കാനുള്ള ജാഗ്രതയുടെ ഭാഗമായി കാണാൻ തൊഴിൽ ദാതാക്കൾക്ക് സാധിക്കാറുണ്ടോ? അപകടം എന്നത് നമ്മുടെ കൂടെ എന്നും സഞ്ചരിക്കുന്ന യാഥാർഥ്യമാണ്. അതുകൊണ്ട്തന്നെ അപകടസാധ്യത മുന്നിൽ കണ്ടുകൊണ്ടുള്ള സുരക്ഷാ ക്രമീകരണങ്ങളുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ജീവൻ നഷ്ടപ്പെടലോ ഗുരുതരമായ പരിക്കുകളോ മറ്റു പ്രയാസങ്ങളോ ആകട്ടെ, വ്യക്തികളെയും കുടുംബങ്ങളെയും പ്രതിസന്ധികളിലേക്ക് തള്ളിയിടുന്നതാണ് അവയെല്ലാം. സ്വന്തം ജീവിതത്തിൽ വരുന്ന പ്രയാസങ്ങളുടെ ആഴവും വേദനകളും എത്രമേൽ നമ്മെ അലോസരപ്പെടുത്താറുണ്ടോ, അതുപോലെയാണ് മറ്റുള്ളവരുടെ കാര്യവുമെന്ന് ചിന്തിക്കാൻ സാധിക്കണം.

അന്നന്നത്തെ അന്നത്തിനു വേണ്ടി വിവിധ മേഖലകളിൽ തൊഴിലെടുക്കുന്ന സാധാരണക്കാരുടെ ജീവിതം ഭരണാധികാരികളും ഉദ്യോഗസ്ഥരും കാണാതെ പോകരുത്. ഞാനും കുടുംബവും പട്ടിണിയിലാകരുതെന്നുള്ള ചിന്തയാണ് ഏത് സാഹചര്യത്തിലാണെങ്കിലും തൊഴിൽ ചെയ്യണമെന്നുള്ളതിലേക്ക് അവരെയൊക്കെ എത്തിക്കുന്നത്.

തൊഴിലിടങ്ങളിലുണ്ടാകുന്ന അപകടങ്ങൾക്ക് അനിവാര്യമായ നഷ്ടപരിഹാരം നൽകൽ, കർശനമായ നടപടികൾ എന്നിവയോടൊപ്പം സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താൻ ആവശ്യമായ പരിശോധനകളും ഇടപെടലുകളും ഭരണകൂടങ്ങളിൽനിന്നും ഉണ്ടാകേണ്ടതുണ്ട്.

ഏറ്റവും അപകടകരമായ ഒന്നാണ് തീ. എന്നാൽ അഗ്‌നിബാധക്ക് സാധ്യതയുള്ള എത്രയിടങ്ങളിൽ അഗ്‌നിശമന ഉപകരണങ്ങളുണ്ടാകാറുണ്ട്? പെട്രോൾ പമ്പുകളിൽ നമ്മളത് കാണാറുണ്ട്. അവിടെ മാത്ര മല്ലല്ലോ അഗ്‌നിബാധയുണ്ടാകാൻ സാധ്യത. ഷോപ്പിംഗ് മാളുകളിലും വലിയ കെട്ടിടങ്ങളിലുമടക്കം ആയിരങ്ങൾ തൊഴിലെടുക്കുന്ന ഇടങ്ങളിലെ സുരക്ഷാസംവിധാനങ്ങൾ കേവലം കണ്ണിൽ പൊടിയിടുന്ന താകാതിരിക്കാൻ അധികൃതർ ശ്രദ്ധിക്കേണ്ടതുണ്ട്.

കഴിഞ്ഞ വർഷം കണ്ണൂരിൽ ആശുപത്രിയിലേക്ക് പോകുകയായിരുന്ന ഗർഭിണിയും കുടുംബവും സഞ്ചരിച്ച വാഹനത്തിന് തീപിടിച്ച് കുടുംബത്തിലെ എല്ലാവരും മരണമടയുകയുണ്ടായി. വാഹനങ്ങളിലെ ബ്രെയ്ക്കും എഞ്ചിനും ടയറുമടക്കം സുരക്ഷിതമായ യാത്രക്ക് അനുയോജ്യമാണെന്ന് ഉറപ്പുവരുത്തണം. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് തീപിടിക്കുന്നത് ഇന്ന് ഒറ്റപ്പെട്ട സംഭവമല്ല. അവിടെയും സുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ടെന്ന് ഉറപ്പ് വരുത്താൻ നമ്മൾതന്നെയാണ് ജാഗ്രത പാലിക്കേണ്ടത്. സീറ്റ് ബെൽറ്റ് ധരിക്കലും അമിത വേഗതയിലുള്ള ഡ്രൈവിംഗ് ഒഴിവാക്കലും അവനവന്റെ രക്ഷക്ക് വേണ്ടി തന്നെയാണെന്ന് തിരിച്ചറിയണം.

അതിതീക്ഷ്ണമായ വേനലാണ്. അഗ്‌നിബാധയ്ക്ക് സാധ്യത കൂടുതലുള്ള സമയമാണ്. താപനില വലിയ തോതിൽ വർധിക്കുന്ന സാഹചര്യത്തിൽ അഗ്‌നിബാധയേൽക്കാനുള്ള സാധ്യതകൾ മുന്നിൽ കണ്ട് ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ പാലിക്കാൻ ശ്രദ്ധിക്കണം. സൂര്യതാപം ഏൽക്കാതിരിക്കാനും നിർജലീകരണം തടയാനുമൊക്കെയുള്ള ജാഗ്രത വേണം. യാത്രകൾ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ സാമൂഹിക സാഹചര്യത്തിലാണ് നമ്മൾ ജീവിക്കുന്നത്. സന്തോഷ നിമിഷങ്ങൾ കണ്ണീരോർമകളായി മാറാതിരിക്കാൻ മുൻകരുതലുകൾ അനിവാര്യമാണ്.