ഹൃദയം നുറുങ്ങും കാഴ്ചകൾ!

നബീൽ പയ്യോളി

2026 മെയ് 09, 1447 ദുൽഖഅദ് 21

ഹനീൻ എന്ന 16 വയസ്സുകാരൻ അല്ലാഹുവിന്റെ അലംഘനീയമായ വിധിയിൽ യാത്രയായി. അഡ്വ. ഹബീബ് റഹ്‌മാൻ എന്ന, പ്രബോധന വീഥിയിലെ ജ്യേഷ്ഠ സഹോദരന്റെ മകന്റെ പെട്ടെന്നുള്ള രോഗം അറിഞ്ഞത് മുതൽ മനസ്സ് വല്ലാതെ വേദനിച്ചു. അദ്ദേഹത്തെയും കുടുംബത്തെയും പലതവണയായി സന്ദർശിച്ചപ്പോഴും ആശ്വാസവാക്കുകൾ പറയുമ്പോഴും തിരിച്ചുവരവ് ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അനേകമാളുകൾ അതിനായി പ്രാർഥിച്ചു. വിധി മറിച്ചായിരുന്നു. 24 ദിവസത്തെ ആശുപത്രി വാസത്തിനൊടുവിൽ അവൻ യാത്രയായി. ‘കാരണം അറിയാത്ത ഹൃദയാഘാതം’ ആ പ്ലസ് വൺ വിദ്യാർഥിയുടെ മരണത്തിലേക്ക് നയിച്ചു. അതായിരുന്നു അല്ലാഹുവിന്റെ വിധി. കുളിച്ച് യൂണിഫോം ധരിക്കാൻ പോയ ആ കൗമാരക്കാരൻ വീണുകിടക്കുന്ന കാഴ്ചയാണ് മാതാപിതാക്കൾ കണ്ടത്. അവനെ കൂട്ടാൻ വന്ന സ്‌കൂൾ ബസിൽ തന്നെ ആശുപത്രിയിലേക്ക് പോയി. മരണം അവനെ കൊണ്ടുപോയി.

പ്രവാസലോകത്ത് അപൂർവമായി മാത്രമാണ് മരണാനന്തര ചടങ്ങിൽ പങ്കെടുക്കുവാൻ കഴിയുന്നത്; അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ ആദർശ സഹോദരങ്ങളോ കൂടെ ജോലി ചെയ്യുന്നവരോ ആയിട്ടുള്ളവരുടെ മരണങ്ങളിൽ.

ഹനീന്റെ മയ്യിത്ത് കുളിപ്പിക്കുന്നയിടത്തും തുടർന്ന് മയ്യിത്ത് കാണാൻ ഒരുക്കിയ സ്ഥലങ്ങളിലും നല്ല തിരക്കായിരുന്നു. റിയാദിലെ അൽരാജി ഗ്രാന്റ് മസ്ജിദിൽ അസ്വ‌്‌ർ നമസ്‌കാരത്തിന് ശേഷം മയ്യിത്ത് നമസ്‌കാരത്തിനായി എഴുന്നേറ്റ ഇമാം 10 പുരുഷന്മാരുടെയും 9 സ്ത്രീകളുടെയും ഒരു കുട്ടിയുടെയും മയ്യിത്ത് നമസ്‌കാരമാണ് നിർവഹിക്കാൻ പോകുന്നതെന്ന് മൈക്കിലൂടെ പറഞ്ഞപ്പോൾ ഹൃദയം പിടഞ്ഞു പോയി. വെള്ളിയാഴ്ചയും റമദാൻ മാസത്തിലും മാത്രം കണ്ടിരുന്ന ജനത്തിരക്ക് ആ പള്ളിയിൽ അപൂർവമായി കണ്ടു. സുരക്ഷാ ജീവനക്കാർ ആളുകളെ നിയന്ത്രിക്കാൻ പാടുപെടുന്നുണ്ടായിരുന്നു. സ്ത്രീകൾ അടക്കം ആയിരക്കണക്കിന് ആളുകൾ തിങ്ങിനിറഞ്ഞ പള്ളി. മയ്യിത്ത് കുളിപ്പിക്കലും പൊതുദർശനവും കഴിഞ്ഞ് ഓരോ മയ്യിത്തും പള്ളിയിലേക്ക് കൊണ്ട് പോകുന്നു. ചിലതിന്റെ കൂടെ കുറെ ആളുകളുണ്ട്. ചിലതിന്റെ കൂടെ അൽപം ആളുകളും. പ്രവാസികൾ മരിച്ചാൽ അവസാന യാത്രയിൽ അനുഗമിക്കാൻ വിരലിലെണ്ണാവുന്നവർ മാത്രം!

നമസ്‌കാരശേഷം ഏതാനും കിലോമീറ്റർ അകലെയുള്ള മക്വ‌്‌ബറയിൽ എത്തി. നൂറുകണക്കിന് ആളുകൾ അവിടെ ക്വബ്‌റടക്കത്തിനായി കാത്തുനിൽക്കുന്നു. എത്തുന്ന മയ്യിത്തുകൾ ധൃതിയിൽ അടക്കം ചെയ്യപ്പെടുന്നു. മയ്യിത്ത് ക്വബ്‌റിൽവച്ച് കോൺക്രീറ്റ് പാളികൾകൊണ്ട് മൂടി നനഞ്ഞ മണ്ണുകൊണ്ട് വിടവുകൾ അടക്കുന്നു. മൂന്ന് പിടി മണ്ണ് വാരിയിട്ട് കഴിയുമ്പോഴേക്കും ചെറിയ മണ്ണുമാന്തി യന്ത്രം വന്ന് ക്വബ്ർ പൂർണമായും മൂടുന്നു.

മലയാളിയായ ഹനീൻ, ഉത്തരേന്ത്യക്കാരൻ, പാക്കിസ്ഥാനി, ആഫ്രിക്കക്കാരൻ, സൗദിപൗരൻ... അങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 20 പേർ ഒരേപോലെ ഒരുക്കിയ ക്വബ്‌റിൽ അവരുടെ ബർസഖീ ജീവിതം ആരംഭിച്ചു. നമ്മൾ എത്ര നിസ്സഹായർ! എത്ര നിസ്സാരർ! പണിക്കാരനും പണക്കാരനും വിദ്യാർഥിയുമെല്ലാം ഒരേപോലെയുള്ള വീട്ടിൽ അന്തിയുറങ്ങുന്ന കാഴ്ച. എല്ലാവരും തുല്യരാണ്.

പ്രതീക്ഷയോടെ പ്രവാസത്തിലേക്ക് പറന്നവർ പലരും അവിടെവച്ച് മരിക്കുന്നു. പേപ്പർ വർക്കുകൾ പൂർത്തിയാകുംവരെ ദിവസങ്ങളോളം ഫ്രീസറിൽ കിടക്കേണ്ടിവരും. ഹനീനു വേണ്ടി സാമൂഹിക പ്രവർത്തകരും ആദർശബന്ധുക്കളും ചേർന്ന് എല്ലാം വേഗത്തിലാക്കി. അവനുവേണ്ടി അവസാനമായി ചെയ്യേണ്ട കർമങ്ങളിൽ പങ്കാളികളാകാൻ സാധിക്കുന്നവരൊക്കെ ഓടിയെത്തി. അവകാശികളുടെ അനുമതിപത്രം, മരണ റിപ്പോർട്ട്, എംബസിയിൽനിന്നുള്ള അനുമതിപത്രം, പോലീസ് റിപ്പോർട്ട്, മയ്യിത്ത് നമസ്‌കാരം നടക്കുന്നതും ക്വബ്‌റടക്കുന്നതുമായ ഇടങ്ങളിൽനിന്നുള്ള അനുമതി...എല്ലാറ്റിനും ഓടിനടക്കുന്ന നിസ്വാർഥരായ സേവകർ പ്രവാസത്തിലെ അത്താണിയാണ്. ഒട്ടേറെ നന്മകൾ ബാക്കിയാക്കി നമുക്കും യാത്രപോകണം, ഒരിക്കൽ...ഒറ്റക്ക്!