ഇത്തിരി മനുഷ്യത്വമായിക്കൂടേ?
നസീമ വാടാനപ്പള്ളി
2026 ജൂൺ 20, 1448 മുഹർറം 05

പുതിയ നാഷണൽ ഹൈവേ പണി പുരോഗമിക്കുന്നതിനിടയിൽ സംഭവിച്ച റോഡപകടങ്ങൾക്കു കണക്കില്ല. പൊലിഞ്ഞുപോയ ജീവനുകളുണ്ട്. പരിക്കു പറ്റി കിടപ്പിലായവരുണ്ട്. ചാവക്കാട്-കൊടുങ്ങല്ലൂർ റൂട്ടിൽ തന്നെ എത്രയോ പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. വാടാനപ്പള്ളിക്കടുത്തുള്ള ഏങ്ങണ്ടിയൂരിൽ ഏതാനും ദിവസം മുമ്പാണ് ഒരു സഹോദരൻ അതിരാവിലെ ടോറസ് ലോറിയുമായുണ്ടായ ആക്‌സിഡന്റിൽ മരണപ്പെട്ടത്. ബൈക്കിൽനിന്നും തെറിച്ചുവീണ അയാളുടെ തലയിൽ ആ വലിയ വാഹനത്തിന്റെ ടയർ കയറിയിറങ്ങി തൽക്ഷണം മരണപ്പെടുകയായിരുന്നു. അതിദാരുണമായ ആ രംഗം മൊബൈൽ ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത് അതിനെക്കാൾ നടുക്കമുണ്ടാക്കിയ ഒരു സംഭവമായിരുന്നു. ആ വീഡിയോയിലേക്ക് ഒന്നു നോക്കാനേ കഴിഞ്ഞുള്ളൂ. രണ്ടാമതൊരു നോട്ടത്തിന് മനുഷ്യത്വം മരവിച്ചിട്ടില്ലാത്തവർക്ക് കഴിയില്ല. അന്യന്റെ രക്തം പോലും റീച്ചിനും ലൈക്കിനും ഉപയോഗ പ്പെടുത്തുന്ന ഇന്നത്തെ തലമുറയെ ഭയപ്പെടേണ്ടതുതന്നെ. അതിലെ അവരുടെ ഉദ്ദേശ്യശുദ്ധി എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
ആ രംഗം കണ്ടപ്പോൾ ഒരുപാട് ചോദ്യങ്ങൾ ഉള്ളിൽനിന്നും ഉയർന്നു: താനായിരുന്നു ആ സ്ഥാനത്തെങ്കിൽ അയാൾ അത് ഇഷ്ടപ്പെടുമായിരുന്നോ? തന്റെ വേണ്ടപ്പെട്ടവരായിരുന്നുവെങ്കിൽ അയാൾക്ക് അതിന് കഴിയുമായിരുന്നുവോ? അയാളുടെ കുടുംബത്തിലും വേണ്ടപ്പെട്ടവരിലും കാലം ക്രമേണ മായ്ക്കുമായിരുന്ന ആ മുറിവുകൾ ഈ വീഡിയോ കറങ്ങുന്നിടത്തോളം കാലം മായുമോ? ഇവർക്കൊന്നും മനസ്സാക്ഷിയില്ലേ?
ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഈയിടെ നടന്ന വാൽപ്പാറ ദുരന്തത്തിലും ഇതേ അനുഭവമുണ്ടായല്ലോ. അപകടത്തിൽപെട്ടവരെ രക്ഷിക്കാൻ ശ്രമിക്കാതെ ചോരയിൽ കിടന്ന് പിടയുന്ന വീഡിയോ എടുക്കാൻ മൽസരിക്കുന്നു പലരും. തക്കസമയത്ത് ഹോസ്പിറ്റലിൽ എത്തിക്കാൻ വൈകിയതിനാൽ റോട്ടിൽ കിടന്ന് ചോരവാർന്ന് മരിച്ച എത്രയോ മനുഷ്യരുണ്ട്. പണ്ടൊക്കെ ഒരു അപകടമുണ്ടായാൽ കൈമെയ് മറന്ന് എല്ലാവരും രക്ഷാപ്രവർത്തനത്തിന് ഇറങ്ങുമായിരുന്നു. (ഇന്നും അങ്ങനെയുള്ളവരില്ല എന്നല്ല പറയുന്നത്). എന്നാൽ ഇന്ന് അപകടം കണ്ടാൽ പലരും ആദ്യം ചെയ്യുന്നത് തങ്ങളുടെ സെൽഫോൺ കൈയിലെടുക്കുക എന്നതാണ്. ‘ചൂടുള്ള’ വീഡിയോ ‘ഇപ്പോൾ നടന്നത്’ എന്ന ക്യാപ്ഷനിൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് അവർ സംതൃപ്തിയടയുന്നു.
ലൈക്കിനും ഷെയറിനും വേണ്ടി എന്തു തോന്നിവാസവും ചെയ്യാൻ മടിക്കാത്ത ഒരു തലമുറ വളർന്നു കൊണ്ടിരിക്കുകയാണ്. അന്യന്റെ ചോരയെ, ജീവനെ, അഭിമാനത്തെ, രഹസ്യജീവിതത്തെ...റീച്ചിനായി ഉപയോഗപ്പെടുത്തുന്നു. മരണവീട്ടിൽ പോലും കടന്നുകയറി ഇക്കൂട്ടർ അലോസരം സൃഷ്ടിക്കുന്നു.
ഓരോ ദുരന്തവാർത്തയും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് വളരെ ചുരുങ്ങിയ സമയം മാത്രമാണ്. അപ്പോഴേക്കും അടുത്ത വാർത്ത വന്നിട്ടുണ്ടാകും. എന്നാൽ ദുരന്തത്തിനിരയായവരുടെ വേണ്ടപ്പെട്ടവരുടെ വേദനകൾ അത്രവേഗം മായില്ലല്ലോ. മറക്കാൻ ശ്രമിച്ചാലും ഇത്തരം വീഡിയോകൾ അവരിൽ മാനസികാഘാതം സൃഷ്ടിച്ചുകൊണ്ട് സാമൂഹ്യമാധ്യമങ്ങളിൽ കറങ്ങിക്കൊണ്ടിരിക്കും.
അതുകൊണ്ടുതന്നെ ഇത്തരം മാനസിക പീഡനം ഏൽപിക്കുന്ന, മൃതശരീരങ്ങളോട് പോലും അനാദരവ് കാണിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിടുന്നവർക്കെതിരെ ശക്തമായ നിയമനടപടിയെടുക്കൽ അനിവാ ര്യമാണ്. അന്യരുടെ രഹസ്യജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കുന്നതും അഭിമാനത്തിന് ക്ഷതമേൽപിക്കുന്നതും വേദനകളെ സ്വന്തം നേട്ടത്തിന് ഉപയോഗിക്കുന്നതും ഇസ്‌ലാം വിലക്കിയ കാര്യമാണ്. അതിനാൽ വിശ്വാസികളിൽ ആരും ഇത്തരം അരുതായ്മകൾ ചെയ്യുന്നവരായിക്കൂടാ.

