അന്തിച്ചർച്ചകളിലെ പൊതുബോധ നിർമിതികൾ
അബൂ ഫായിദ
2026 സെപ്തംബർ 12, 1448 റബീഉൽ ആഖിർ 01

സ്ത്രീ സ്വാതന്ത്ര്യം സംബന്ധിച്ച കാന്തപുരത്തിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ ബിഗ് ടിവി സംഘടിപ്പിച്ച ചാനൽ ചർച്ചയിൽ പങ്കെടുത്ത വിസ്ഡം ഇസ്ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. അബ്ദുല്ല ബാസിലിനെതിരെ പ്രസ്തുത ചർച്ചയുടെ അവതാരക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് തിടുക്കത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയുണ്ടായി. ചർച്ചയിൽ ഉയർന്നുവന്ന വിഷയങ്ങളും ചർച്ചയുടെ പശ്ചാത്തലവും പരിശോധിക്കാതെ അത്യന്തം വംശീയവും സ്ത്രീവിരുദ്ധവുമായി സംസാരിച്ച അവതാരകയുടെ പരാമർശങ്ങൾക്കെതിരെ പ്രതികരിച്ചതിനാണ് നടപടിയെടുക്കാൻ തീരുമാനിച്ചത്. പൊതുസമൂഹത്തിൽനിന്നുയർന്ന വലിയ പ്രതിഷേധത്തെ തുടർന്ന് നടപടി നിർത്തിവയ്ക്കാൻ അഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു കഴിഞ്ഞു.
‘ആണൊരുത്തൻ കഞ്ചാവടിച്ചാലും എം.ഡി.എം.എ കേസിൽ അറസ്റ്റിലായാലും അന്യന്റെ പെണ്ണ് പിടിച്ചാലും അത് കിതാബിലെ സുന്നത്തെന്ന് കരുതുന്ന മതാചാര്യന്മാരുണ്ട്,’ ‘അറിവുള്ള പെണ്ണെല്ലാം ഹറാം പിറപ്പോ?,’ ‘കിതാബിന്റെ സുന്നത്തെല്ലാം പുരുഷനോ?,’ ‘ജീവിക്കുന്നത് ആറാം നൂറ്റാണ്ടിലോ?’-അവതാരികയുടെ ചില പരാമർശങ്ങളാണിത്.
ഇത്തരം പരാമർശങ്ങൾ നടത്തിയ അവതാരകയോട് ചർച്ചയിൽ തന്നെ തിരുത്താൻ ആവശ്യപ്പെട്ടെങ്കിലും അവർ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണുണ്ടായത്. ഇതിനെത്തുടർന്ന് ചർച്ചയുടെ പശ്ചാത്തലത്തിൽ ആശയവിമർശനം സോഷ്യൽ മീഡിയ വഴി നടത്തിയതിനാണ് ബാസിലിനിനെതിരെ വ്യാജ പരാതിയുമായി അപർണ മുന്നോട്ടുവന്നത്.
അവതാരകയുടെ പരാമർശങ്ങൾക്കെതിരെ വ്യാപകമായ പരാതികൾ വന്ന സാഹചര്യത്തിൽ അവർ ഖേദം പ്രകടിപ്പിക്കുകയും പ്രസ്തുത ചർച്ചയുടെ വീഡിയോ പിൻവലിക്കുകയും ചെയ്തെങ്കിലും വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് നിയമനടപടികളിലേക്ക് തിരിയുകയാണ് ചെയ്തത്.
മാധ്യമ ചർച്ചകളിൽ ഏതെങ്കിലും മതത്തെയോ വിശ്വാസങ്ങളെയോ അധിക്ഷേപിക്കുന്ന വിധത്തിലുള്ള പരാമർശങ്ങൾ വരുന്നത് ഒഴിവാക്കുകതന്നെ വേണം. അപമാനിക്കുന്ന പരാമർശങ്ങൾ ആരെങ്കിലും നടത്തിയാൽ അതിനെതിരെ പ്രതികരിക്കുന്നതിനെ വലിയ കുറ്റകൃത്യമായി ചിത്രീകരിക്കുന്നത് അന്യായമാണ്. അവതാരകക്കെതിരെ ആരെങ്കിലും വധഭീഷണി നടത്തിയിട്ടുണ്ടെങ്കിൽ അന്വേഷണം നടത്തി അവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയാണല്ലോ ചെയ്യേണ്ടത്. ആശയപരമായ വിമർശനങ്ങളെയും അക്കാദമിക ചർച്ചകളെയും സാമൂഹിക ഭീഷണിയായി കാണുന്നത് പ്രബുദ്ധകേരളത്തിനു ഭൂഷണല്ല.
ഡോ. അബ്ദുല്ല ബാസിലിന്റെ മാതാവിനെയും സഹോദരിയെയും പരസ്യമായി അധിക്ഷേപിച്ച ആരിഫ് ഹുസൈനെതിരെ നൽകിയ രണ്ടു പരാതികളിൽ നടപടിയെടുക്കാതിരിക്കുകയും, വംശീയ പരാമർശം നടത്തിയ വ്യക്തി ബാസിലിനെതിരെ നൽകിയ വ്യാജ പരാതിയിൽ മണിക്കൂറുകൾക്കകം എഫ്. ഐ.ആർ ഇടുകയും ചെയ്ത പോലീസിന്റെ നടപടി നൽകുന്ന സന്ദേശം അത്ര നല്ലതല്ല. മാധ്യമ പ്രവർത്തകയിൽനിന്നും ഉണ്ടായ വംശീയ അധിക്ഷേപങ്ങൾക്കെതിരെ മൗനം പാലിക്കുകയും അതേസമയം വ്യാജ ആരോപണങ്ങളിൽ പോലീസ് നടപടി ആവശ്യപ്പെട്ട് പരാതി നൽകുകയും ചെയ്ത കേരള പത്രപ്രവർത്തക യൂണിയന്റെ നിലപാടും പ്രതിഷേധാർഹമാണ്.
നാസ്തിക-നവനാസ്തിക ലോബികളുടെയും ചില ലിബറൽ വേഷധാരികളുടെയും നേതൃത്വത്തിൽ കൃത്യമായ അജണ്ടകളോടുകൂടിയുള്ള കടന്നുകയറ്റങ്ങൾ പലപ്പോഴും വേണ്ടത്ര ചർച്ച ചെയ്യപ്പെടാതെ പോകുന്നു. ഒരു സമുദായത്തിന്റെ മാത്രം വിശ്വാസങ്ങളെയും ആചാരങ്ങളെയും തെറ്റായ രീതിയിൽ ചിത്രീകരിച്ച് പൊതുബോധം നിർമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആസൂത്രിതമായ നീക്കങ്ങളാണ് ഇതിനു പിന്നിലുള്ളത്.
