നാം സ്വാർഥരാകരുത്

ഡോ.യാസ്മിൻ എം അബ്ബാസ്, പട്ടാമ്പി

2026 സെപ്തംബർ 26, 1448 റബീഉൽ ആഖിർ 15

കോഴിക്കോട്ടുനിന്നും യാത്ര പുറപ്പെട്ടതാണ്. ബസ്സിൽ നല്ല തിരക്കുണ്ട്. ഇരിക്കാൻ സീറ്റു കിട്ടിയില്ല. കമ്പിയിൽ തൂങ്ങിപ്പിടിച്ചു നിൽപ്പാണ്. വല്ലപ്പോഴും ലഭിക്കുന്ന ഇത്തരം യാത്രകൾ ചുറ്റുമുള്ള ജീവിതങ്ങളെ നിരീക്ഷിക്കുവാനുള്ള അവസരമായി തോന്നാറുണ്ട്. അങ്ങനെയിരിക്കെ, രണ്ടു കുട്ടികളുമായി ഒരു സ്ത്രീ ബസ്സിൽ കയറി. മൂന്നു വയസ്സു തോന്നിക്കുന്ന ഒരു കുഞ്ഞ് ഒക്കത്തുണ്ട്. ആറു വയസ്സു തോന്നിക്കുന്ന ഒരു കുട്ടി കയ്യിൽ പിടിച്ചിട്ടുമുണ്ട്. കോഴിക്കോട്ടുനിന്നും ഗുരുവായൂരിലേക്കു പോകുന്ന വേഗതയേറിയ ആ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിൽ രണ്ടു കുഞ്ഞുങ്ങളുമായി ആ സ്ത്രീ പാടുപെടുകയാണ്. ചെറുപ്പക്കാരിയായ ഒരു പെൺകുട്ടിയോട് ആ സ്ത്രീക്കായി ഒന്നെഴുന്നേറ്റ് കൊടുക്കാമോ എന്നു ചോദിച്ചു. അൽപം മടിയോടുകൂടിയാണെങ്കിലും എഴുനേൽക്കാൻ തുനിഞ്ഞ ആ കുട്ടിയോടു തൊട്ടടുത്തു നിൽക്കുന്ന മറ്റൊരു സ്ത്രീ എഴുന്നേൽക്കേണ്ട തില്ലെന്ന് തലകൊണ്ട് ആംഗ്യം കാണിച്ചു! അതേസമയം ‘അമ്മയും കുഞ്ഞും’ എന്നെഴുതിവച്ച സീറ്റിലിരിക്കുന്ന, കോളേജ് വിദ്യാർഥിനിയെന്ന് തോന്നിക്കുന്ന മറ്റൊരു പെൺകുട്ടിയോട് ഒരു സ്ത്രീ എഴുന്നേറ്റു കൊടുക്കാൻ ആവശ്യപ്പെടുന്നതു കണ്ടു. എന്നാൽ റിസർവ് ചെയ്ത ആ സീറ്റിൽനിന്നുപോലും അമ്മയ്ക്കായി എഴുന്നേറ്റു കൊടുക്കാൻ മനസ്സു കാണിക്കാതെ അവളും യാത്ര തുടരുകയാണ്! ഇതു കണ്ടതും തലയ്ക്കു മീതെയുള്ള ‘അമ്മയും കുഞ്ഞു’മെന്ന എഴുത്ത് കാണിച്ചുകൊടുത്തുകൊണ്ട് എഴുന്നേറ്റു കൊടുക്കാൻ വീണ്ടും പറയേണ്ടിവന്നു. അതോടെ അവൾ എഴുന്നേൽക്കുകയും അർഹതപ്പെട്ടവർ അവിടെയിരിക്കുകയും ചെയ്തു.

‘അമ്മയും കുഞ്ഞും,’ ‘ഭിന്നശേഷിക്കാർ,’ ‘വയോധികർ,’ ‘ഗർഭിണികൾ’ തുടങ്ങിയ റിസർവേഷൻ ബോർഡുകളൊന്നും ഇല്ലാതിരുന്ന കാലത്ത് ദുർബലരായവരെ കാണുമ്പോൾ സ്വമേധയാ എഴുന്നേറ്റു കൊടുക്കുന്നൊരു പാരമ്പര്യം മലയാളികൾക്കുണ്ടായിരുന്നു. എന്തുകൊണ്ടാണ് അത്തരം നന്മകൾ ഇന്ന് അന്യംനിന്നുകൊണ്ടിരിക്കുന്നത്? കാരുണ്യത്തിന്റെ തിരുദൂതന്റെ അനുയായികളെന്ന് അവകാശപ്പെടുന്നവരിൽനിന്നുപോലും സ്വാർഥമായ ഇത്തരം പെരുമാറ്റങ്ങളുണ്ടാവുന്നത് ഏറെ ഗൗരവത്തിൽ കാണേണ്ട വിഷയം തന്നെയാണ്.

ഇസ്‌ലാം കാരുണ്യത്തിന്റെ മതം

മുതിർന്നവരെ ബഹുമാനിക്കുന്നതോടൊപ്പം ഇളയവരോടു കാരുണ്യം കാണിക്കുവാനും നാം പഠിപ്പിക്കപ്പെട്ടിരിക്കുന്നു. പൂച്ചയെ ഭക്ഷണം കൊടുക്കാതെ കെട്ടിയിട്ടതിനാൽ നരകത്തിലേക്കെത്തിയ സ്ത്രീയുടെയും നായക്ക് വെള്ളം കൊടുത്തതിന്റെ പേരിൽ സ്വർഗാവകാശിയായ വ്യക്തിയുടെയും കഥ ചെറുപ്പം മുതൽ കേട്ടുവളർന്നവരാണു നമ്മൾ. മനുഷ്യരോടു മാത്രമല്ല മറ്റു ജീവികളോടു പോലും കാരുണ്യം കാണിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഇവിടെയെല്ലാം പഠിപ്പിക്കപ്പെടുന്നത് .

കളങ്കമില്ലാത്തിടത്താണ് കാരുണ്യമുണ്ടാകുന്നത്

“(നബിയേ,) അല്ലാഹുവിങ്കൽനിന്നുള്ള കാരുണ്യംകൊണ്ടാണു നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കിൽ നിന്റെ ചുറ്റിൽനിന്നും അവർ പിരിഞ്ഞ് പോയിക്കളയുമായിരുന്നു...’’(ക്വുർആൻ 3:159).

നബിﷺയുടെ ഉൽകൃഷ്ട സ്വഭാവത്തെ കുറിച്ചാണ് അല്ലാഹു ഇവിടെ സൂചിപ്പിച്ചിട്ടുള്ളത്. ആ പ്രവാചകന്റെ അനുയായികളെന്ന നിലയിൽ നമ്മുടെ സ്വഭാവ മഹിമയിലൂടെയാണ് നാം സമൂഹത്തിനു മാതൃകയാകേണ്ടത്. അല്ലാഹുവിലുള്ള കലർപ്പില്ലാത്ത വിശ്വാസവും കളങ്കമില്ലാത്ത പ്രവാചക സ്‌നേഹവും ഒരു മനുഷ്യനെ സഹജീവികളോട് അങ്ങേയറ്റം കാരുണ്യമുള്ളവനാക്കി മാറ്റുന്നു .

നബിﷺ പറഞ്ഞു: “നിങ്ങളിലൊരാൾക്ക് തന്റെ മാതാപിതാക്കളെക്കാളും മക്കളെക്കാളും മറ്റെല്ലാ മനുഷ്യരെക്കാളും പ്രിയപ്പെട്ടവൻ ഞാനാകുന്നതുവരെ അയാളുടെ വിശ്വാസം പൂർണമാവുകയില്ല’’ (ബുഖാരി, മുസ്‌ലിം).

പ്രവാചകനോടുള്ള സ്‌നേഹം കേവലം വാക്കുകളിൽ ഒതുക്കുവാനുള്ളതല്ല; അത് അവിടുത്തെ ചര്യകൾ പിൻപറ്റുക കൂടി വേണം, അപ്പോഴാണ് ആ ആ സ്‌നേഹത്തിനു ജീവനുണ്ടാവുന്നത്. നന്മ ചെയ്യുന്നതും തിന്മയിൽനിന്ന് അകന്നുനിൽക്കുന്നതുമെല്ലാം ലോകമാന്യതയ്ക്കു വേണ്ടിയാകരുത്. എല്ലാ പ്രവർത്തനങ്ങളും ആത്മാർഥത (ഇഖ്‌ലാസ്)യോടെയായിരിക്കണം. ഒരാളും കാണാനില്ലാത്ത അവസരത്തിലും ഒരു മിണ്ടാപ്രാണിയോടു കാരുണ്യം തോന്നണമെങ്കിൽ, തെറ്റുകളിൽനിന്ന് അകന്നുനിൽക്കാൻ കഴിയണമെങ്കിൽ മനസ്സിന്റെ തേട്ടം അല്ലാഹുവിലേക്ക് മാത്രമായിരിക്കണം.

പ്രയാസപ്പെടുന്നവരെ കാണുമ്പോൾ ദയ തോന്നാനും സാധിക്കുന്ന സഹായം ചെയ്യാനും കഴിയണം. അത്തരത്തിൽ നന്മകൾ ചെയ്യാൻ ലഭിക്കുന്ന അവസരം പാഴാക്കരുത്. ഗർഭിണികൾക്കോ വയസ്സായവർ ക്കോ കൈക്കുഞ്ഞുമായി നിൽക്കുന്നവർക്കോ ബസ്സിൽ ഇരിക്കാൻ സ്വന്തം സീറ്റ് ഒഴിഞ്ഞുകൊടുക്കുന്നത് ചെറിയൊരു സഹായമല്ല. റോഡ് മുറിച്ചുകടക്കാൻ പ്രയാസപ്പെടുന്ന കാഴ്ചപരിമിതനായ വ്യക്തിയെ, അല്ലെങ്കിൽ അംഗപരിമിതനായ വ്യക്തിയെ സഹായിക്കാനുള്ള മനസ്സ് വിശ്വാസിക്കുണ്ടാകണം.

“തനിക്ക് ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളിലൊരാളും യഥാർഥ വിശ്വാസിയാവുകയില്ല’’ (ബുഖാരി, മുസ്‌ലിം).

സഹജീവികളോടുള്ള സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രാധാന്യം ഉപരിസൂചിത നബിവചനം വ്യക്തമാക്കിത്തരുന്നു.