ആത്മീയ വാണിഭങ്ങളും വിശ്വാസത്തിന്റെ അടിവേരുകളും

ടി.കെ അശ്‌റഫ്

2026 സെപ്തംബർ 19, 1448 റബീഉൽ ആഖിർ 08

ഒരു മികച്ച ഡോക്ടർ രോഗലക്ഷണങ്ങളെ മാത്രം ചികിത്സിച്ചു മാറ്റാൻ ശ്രമിക്കാറില്ല; മറിച്ച്, രോഗത്തിനു കാരണമാകുന്ന യഥാർഥ ഉറവിടത്തെ കണ്ടുപിടിച്ചാണ് ചികിത്സിക്കുക. ലക്ഷണങ്ങൾക്കു മാത്രം ചികിത്സ നൽകിയാൽ രോഗം കൂടുതൽ തീവ്രമായി തിരിച്ചുവരികയും പിന്നീട് ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത അവസ്ഥയിലെത്തുകയും ചെയ്യും. ഈ തത്ത്വം ശരീരത്തിനു മാത്രമല്ല, ആത്മീയ രംഗത്തും ഒരുപോലെ ബാധകമാണ്. ഇന്ന് സമൂഹത്തിൽ വർധിച്ചുവരുന്ന ആത്മീയ ചൂഷണങ്ങൾക്കും മതം പറഞ്ഞുള്ള തട്ടിപ്പുകൾക്കും കാരണം, ഇത്തരം രോഗങ്ങളുടെ ലക്ഷണങ്ങളെ മാത്രം ചെറുക്കുകയും അതിന്റെ യഥാർഥ കാരണത്തെ അവഗണിക്കുകയും ചെയ്യുന്നു എന്നതാണ്.

തിരുനാവായയിൽ നടന്ന സംഭവത്തിൽ, തട്ടിപ്പുകേന്ദ്രത്തിൽ നേരിട്ടെത്തി പ്രതികരിക്കുകയും അതിനെ ചോദ്യം ചെയ്യുകയും ചെയ്ത യുവാക്കളുടെ പ്രവർത്തനം അഭിനന്ദനാർഹമാണ്. ആളുകളെ കബളിപ്പിച്ച് അത്ഭുതങ്ങൾ കാണിക്കുന്നുവെന്നു വരുത്തിത്തീർത്ത്, അവരുടെ അജ്ഞതയെ ചൂഷണം ചെയ്തു വൻതോതിൽ പണം തട്ടിയെടുക്കുന്ന കേന്ദ്രങ്ങളെ തുറന്നുകാട്ടേണ്ടത് അനിവാര്യമാണ്.

ഒരു മരത്തിന്റെ ചില്ലകൾ മാത്രം വെട്ടിമാറ്റിയാൽ മരം വീണ്ടും തളിർക്കുകയേയുള്ളൂ; അത് പൂർണമായി ഇല്ലാതാകണമെങ്കിൽ വേരോടെ പിഴുതെറിയണം. ഇത്തരം തട്ടിപ്പുകേന്ദ്രങ്ങൾ ഒരു സ്ഥലത്ത് അടച്ചുപൂട്ടുമ്പോൾ, മറ്റു സ്ഥലങ്ങളിൽ വീണ്ടും പൊന്തിവരുന്നതിന്റെ കാരണം ഇതിന്റെ അടിവേരുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല എന്നതാണ്.

എന്തുകൊണ്ടാണ് ആളുകൾ ഇത്തരം തട്ടിപ്പുകാർക്ക് ചുറ്റും തടിച്ചുകൂടുകയും ലക്ഷക്കണക്കിന് രൂപ നൽകി വഞ്ചിക്കപ്പെടുകയും ചെയ്യുന്നത്? ജനങ്ങളുടെ മനസ്സിലുള്ള തെറ്റായ വിശ്വാസങ്ങളാണ് ഇതിനു പ്രധാന കാരണം. ഇത്തരം കേന്ദ്രങ്ങൾ ഒരു പ്രദേശത്ത് സ്ഥാപിക്കപ്പെടുമ്പോൾ അവിടെയുള്ള വ്യാപാരികൾ, ഡ്രൈവർമാർ എന്നിവർക്കൊക്കെ സാമ്പത്തിക ലാഭമുണ്ടാകുകയും പ്രദേശം സാമ്പത്തികമായി അഭിവൃദ്ധിപ്പെടുകയും ചെയ്യും. അതിനാൽ ആ പ്രദേശത്തുകാർ പോലും അതിനെ എതിർക്കാൻ മടിക്കും. വോട്ടുബാങ്ക് ഭയന്നു രാഷ്ട്രീയക്കാരും ഇതിൽ മൗനം പാലിക്കും. ഏതു മതത്തിന്റെ മറവിലായാലും നടക്കുന്ന ഇത്തരം ആത്മീയ ചൂഷണങ്ങൾക്കെതിരെ അതാത് മതപണ്ഡിതന്മാരും സമൂഹവും രംഗത്തിറങ്ങണം.

ഇത്തരം തട്ടിപ്പുകളുടെയെല്ലാം അടിസ്ഥാന കാരണം ‘കാര്യകാരണ ബന്ധങ്ങള്‍ക്ക് അതീതമായ കഴിവ് അല്ലാഹുവിനല്ലാതെ മറ്റു പലര്‍ക്കുമുണ്ട്’ എന്ന തെറ്റായ വിശ്വാസമാണ്. സാധാരണ ജീവിതത്തിലെ കാര്യകാരണ ബന്ധങ്ങളില്‍പ്പെട്ട കാര്യങ്ങള്‍ക്കു പരസ്പരം സഹായിക്കുന്നതും സഹായം ചോദിക്കുന്നതും തെറ്റല്ല. അത് നമ്മളെല്ലാം ചെയ്യുന്ന കാര്യമാണ്. എന്നാല്‍, മരിച്ചുപോയ ആളുകള്‍ക്കോ അല്ലാത്തവര്‍ക്കോ അല്ലാഹുവിനു മാത്രം പ്രത്യേകമായ അഭൗതികമായ കഴിവുകളുണ്ടെന്നു വിശ്വസിക്കുന്നതുതന്നെ അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്ന പ്രവര്‍ത്തനമാണ്.

നന്മയും തിന്മയും വരുത്താനും, പ്രാര്‍ഥനകള്‍ക്ക് ഉത്തരം നല്‍കാനും, കാര്യകാരണ ബന്ധങ്ങള്‍ക്ക് അതീതമായി സഹായിക്കാനും പ്രപഞ്ചനാഥനായ അല്ലാഹുവിന് മാത്രമെ സാധിക്കൂ എന്ന വസ്തുത സമൂഹത്തിന് കൃത്യമായി മനസ്സിലായാല്‍, ആരും ആത്മീയ തട്ടിപ്പുകാരുടെയോ പിന്നാലെ പോകില്ല. തൗഹീദീ പ്രബോധനം അഭംഗുരം തുടരേണ്ടതിന്റെ അനിവാര്യതയാണ് ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.