വിദ്യാർഥികൾ ലക്ഷ്യബോധമുള്ളവരാകണം

ആഷിഖ എ.വി, നടുവട്ടം

2024 മെയ് 25, 1445 ദുൽഖഅദ് 17

അവധിക്കാലം കഴിഞ്ഞു. പുതിയ അധ്യയനവർഷം നന്മകൾ നിറഞ്ഞതാവട്ടെ. ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വിദ്യാഭ്യാസ കാലഘട്ടം. കാലത്തിന്റെ കുത്തൊഴുക്കിൽ മാറ്റങ്ങൾ അനിവാര്യമാകുന്ന അവസരത്തിൽ അവധിക്കാലം പേരിനുമാത്രം ആയിക്കൊണ്ടിരിക്കുകയാണ്. സ്‌കൂളുകൾ അടച്ചാലും കുട്ടികൾക്കായി ഓൺലൈൻ ക്ലാസ്സുകളും ട്യൂഷൻ സെന്ററുകളും ചൂടോടെ പ്രവർത്തിക്കുന്നു.

അറിവുനേടിയ വ്യക്തികൾ അറിവില്ലാത്ത വ്യക്തികളിലേക്ക് അറിവ് പകർന്നുനൽകുന്നതാണ് വിദ്യാഭ്യാസം. അത് വളർന്നുവരുന്ന കുട്ടികളുടെ ബുദ്ധിവികാസത്തിനും കൂടുതൽ പക്വമായി ചുറ്റുമുള്ള പ്രശ്‌നങ്ങളോട് പടപൊരുതാനും ഉപകരിക്കുന്നു. വിദ്യാഭ്യാസം വ്യക്തികളുടെ ജീവിതത്തെ മെച്ചപ്പെടുത്തുമ്പോൾ സമൂഹവും മെച്ചപ്പെടുന്നു. ലോകത്തെതന്നെ മാറ്റാൻ കഴിയുന്ന ശക്തമായ ആയുധമാണല്ലോ വിദ്യാഭ്യാസം.

രാജ്യത്തിന്റെ വളർച്ചക്ക് വിദ്യാസമ്പന്നരായ ജനങ്ങൾ ആവശ്യമാണ്. കുറെ പരീക്ഷകൾ എഴുതുക, ഉന്നത മാർക്ക് വാങ്ങിക്കൂട്ടുക എന്നതിനപ്പുറം ആത്മധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും ഉത്തരവാദിത്ത ബോധത്തോടെയും മാനുഷികഗുണങ്ങൾ ഉൾക്കൊണ്ടുകൊണ്ടും ജീവിതം നയിക്കുവാൻ പ്രാപ്തി കൈവരിക്കലാവണം വിദ്യനേടുന്നതിന്റെ ലക്ഷ്യം.

വിദ്യാഭ്യാസരംഗത്ത് പരീക്ഷണങ്ങളും പരിഷ്‌കാരങ്ങളും നടന്നുകൊണ്ടേയിരിക്കുകയാണ്. അതിനനുസരിച്ച് അധ്യാപകരും വിദ്യാർഥികളും ഒരേപോലെ സജ്ജരാവണം. ഓൺലൈൻ ക്ലാസ്സുകൾ ഒരു പരിധിവരെ ഗുണകരമാണെങ്കിലും അതിൽ ദോഷവശങ്ങളുമുണ്ട്. കൂട്ടുകാരുമായി അടുത്തിടപഴകാനും സൗഹൃദം സ്ഥാപിക്കാനുമൊന്നും അതിലൂടെ സാധ്യമല്ല.

ഇന്ത്യൻ സംസ്ഥാനങ്ങളിൽ വിദ്യാഭ്യസ രംഗത്ത് കേരളം മുന്നിൽ നിൽക്കുന്നുവെന്നത് അഭിമാനകരമാണ്. 1957ൽ മുണ്ടശ്ശേരി കൊണ്ടുവന്ന ചരിത്രപ്രസിദ്ധമായ വിദ്യാഭ്യാസ ബില്ലിലൂടെയാണ് കേരളത്തിന്റെ വിദ്യഭ്യാസ അടിത്തറ ഭദ്രമാകുന്നത്.

പഠിക്കാനിരിക്കുന്നവരുടെയും പഠിപ്പിക്കുന്നവരുടെയും മനസ്സും ചിന്തയുമാണ് ആദ്യം നന്നാകേണ്ടത്. കാലഘട്ടവും സമൂഹവും മാറുന്നതിനനുസരിച്ച് പുതുമകൾ കൊണ്ടുവന്ന് പഠനരീതികളെ ആസ്വാദ്യകരമാക്കുമ്പോൾ അതിന്റെ കൂടെ മാനുഷിക ഗുണങ്ങൾകൂടി കുട്ടികൾക്കു പകർന്നു നൽകാൻ അധ്യാപകർക്കാവണം. അത് ഉൾക്കൊണ്ട് ജീവിതം നന്നാക്കുവാൻ കുട്ടികൾക്കും കഴിയണം. തങ്ങളുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കുവാനും ഗുണദോഷിക്കുവാനും അധ്യാപകർക്ക് അവകാശമുണ്ടെന്ന് കുട്ടികൾ തിരിച്ചറിയണം. അവരുടെ രക്ഷിതാക്കൾക്കും ഈ ബോധം അനിവാര്യമാണ്.

ആരോഗ്യകരമായ അധ്യാപക-വിദ്യാർഥി ബന്ധം വിജയത്തിന്റെ താക്കോലാണ്. അധ്യാപകരെ അർഹമായ നിലയ്ക്ക് ബഹുമാനിക്കാനും അനുസരിക്കാനും വിദ്യാർഥികൾ തയ്യാറാകണം. വിദ്യാർഥികളെ സ്വന്തം മക്കളെപോലെ കണ്ട് അവരോട് നല്ലനിലയിൽ പെരുമാറുവാനും അവരുടെ അഭിമാനബോധത്തിനു ക്ഷതം പറ്റുന്ന രൂപത്തിൽ ആക്ഷേപിക്കാതിരിക്കുവാനും ഏതെങ്കിലും വിധത്തിൽ ചൂഷണം ചെയ്യാതിരിക്കുവാനും അധ്യാപകരും ശ്രദ്ധിക്കണം. വിദ്യാർഥികൾ ലക്ഷ്യബോധമുള്ളവരാകണം. എങ്കിലേ കഠിനാധ്വാനം ചെയ്ത് വിജയത്തിന്റെ വഴിയിൽ മുന്നേറാനാവുകയുള്ളൂ.