നന്മകളെ തളർത്തുന്നവനല്ല; വളർത്തുന്നവനാണ് വിശ്വാസി

റിഷാദ് പൂക്കാടഞ്ചേരി

2024 നവംബർ 30, 1446 ജു. ഊലാ 28

മനുഷ്യൻ ഏറെ സ്വാർഥനും ചുറ്റുപാടുമുള്ളവരെക്കുറിച്ച് ചിന്തിക്കാത്തവനും നന്ദിയില്ലാത്തവനുമായി മാറിക്കൊണ്ടിരിക്കുകയാണ് വർത്തമാനകാലത്ത്. അവനവന്റെ നേട്ടത്തിൽ മാത്രമാണ് പലർക്കും താൽപര്യം. മറ്റുള്ളവരുടെ നേട്ടത്തിലാകട്ടെ അസൂയയും അസഹിഷ്ണുതയും. ഇതരരിലെ നന്മകളെ വളർത്താനല്ല; തളർത്താനാണ് ശ്രമം. മത, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിലെല്ലാം ഇത് കാണാവുന്നതാണ്.

നന്ദി കാണിക്കാൻ സാധിക്കുക നന്മ നിറഞ്ഞ മനസ്സുള്ളവർക്ക് മാത്രമാണ്. ഉള്ളതിൽ തൃപ്തിയടയുന്നവർക്ക് മറ്റുള്ളവരുടെ നേട്ടത്തിൽ അതൃപ്തിയുണ്ടാവുകയില്ല. എത്ര ചെറിയ അനുഗ്രഹം കിട്ടിയാലും അവരുടെ മനസ്സിൽ അത് നിറയും. അവർക്ക് പരാതികളും പരിഭവങ്ങളും കുറവായിരിക്കും. അവർ മറ്റു ള്ളവരോട് അസൂയയോ വിദ്വേഷമോ വച്ചുപുലർത്തുകയില്ല. വിഷലിപ്തമായ ചിന്തകൾക്ക് അവർ മനസ്സിൽ സ്ഥാനം നൽകുകയില്ല. ഇത്തരം ആളുകൾക്ക് മാത്രമെ മനസ്സറിഞ്ഞ് നന്ദി കാണിക്കാൻ സാധിക്കുകയുള്ളൂ.

നന്ദിയുള്ള ഹൃദയത്തിന്റെ ഉടമയിൽ സ്‌നേഹം, അനുകമ്പ, ദയ, കാരുണ്യം, ബഹുമാനം, സഹായ മനഃസ്ഥിതി പോലുള്ള സദ്ഗുണങ്ങൾ പ്രകടമാകും. എന്നാൽ നന്ദിയില്ലാത്ത ഹൃദയത്തിൽനിന്നാകട്ടെ അസൂയ, പക, വിദ്വേഷം തുടങ്ങിയ മനുഷ്യത്വവിരുദ്ധ വികാരങ്ങളാണ് ഉടലെടുക്കുക. മറ്റാരെങ്കിലും തനിക്ക് ചെയ്തുതന്ന ചെറുതോ വലുതോ ആയ ഉപകാരങ്ങളെ നന്ദിപൂർവം സ്മരിക്കുന്ന വ്യക്തി സമൂഹത്തിന് നന്മ ചെയ്യുക എന്നത് തന്റെ കൂടി ബാധ്യതയായി മനസ്സിലാക്കും. വ്യക്തികളോ സംഘടനകളോ സമൂഹമോ ചെയ്തുതന്ന സേവനത്തിന് പ്രത്യുപകാരം ചെയ്തുകൊടുക്കാനുള്ള തന്റെ ബാധ്യതയെക്കുറി ച്ച് അവൻ സദാബോധവാനായിരിക്കും. കാരുണ്യവും സമസൃഷ്ടിസ്‌നേഹവും അവന്റെ മനസ്സിൽ നിറഞ്ഞ് നിൽക്കും. ഒരുപ്രവാചക വചനം ശ്രദ്ധിക്കുക:

ജാബിർ ഇബ്‌നു അബ്ദുല്ല(റ)യിൽനിന്ന് നിവേദനം: “നബിﷺ പറഞ്ഞു: ‘ആർക്കെങ്കിലും വല്ല ദാനവും ലഭിക്കുകയും അതുമുഖേന അവന്റെ കാര്യം സാധിക്കുകയും ചെയ്താൽ അവൻ അതിന് പ്രത്യുപകാരം ചെയ്യട്ടെ. കാര്യം നടന്നില്ലെങ്കിൽ അവൻ അതിൽ സന്തോഷം പ്രകടിപ്പിക്കട്ടെ. ആരെങ്കിലും സന്തോഷം പ്രകടിപ്പിച്ചാൽ അവൻ നന്ദി പ്രകടിപ്പിച്ചു. മറച്ചുവച്ചാൽ അവൻ നന്ദികേട് കാണിച്ചു’ (അബൂദാവൂദ്, തിർമിദി).

ദിനേന ഒരുപാട് പേരുടെ സൽപ്രവർത്തനങ്ങളുടെ ഫലം നേരിട്ടും അല്ലാതെയും അനുഭവിക്കുന്ന വരാണ് നാം. നമ്മുടെ പ്രിയപ്പെട്ട മാതാപിതാക്കൾ, അറിവു പകർന്ന് തരുന്ന ഗുരുനാഥന്മാർ, ഏതു സമയത്തും വിളിപ്പുറത്തെത്തുന്ന അയൽവാസികൾ, കുടുംബങ്ങൾ, നടന്ന് ക്ഷീണിക്കുന്ന ഘട്ടങ്ങളിൽ നമുക്ക് ലിഫ്റ്റ് തരുന്നവർ, വഴിയറിയാതെ പ്രയാസപ്പെടുന്ന സന്ദർഭങ്ങളിൽ വഴികാണിച്ച് തരുന്ന സുമനസ്‌കർ, രക്തം നൽകി ജീവൻ രക്ഷിക്കുന്നവർ... ഇങ്ങനെ പലവിധ സഹായങ്ങൾ പലരിൽനിന്നുമായി നമുക്ക് കിട്ടാറുണ്ട്.

ഇതിനൊന്നും നന്ദി പറയാൻ നമുക്ക് സാധിക്കുന്നില്ലെങ്കിൽ അതൊരു വലിയ നഷ്ടമാണ്. സഹസൃഷ് ടികളോട് നന്ദികാണിക്കാത്തവർക്ക് ഏറ്റവും വലിയ അനുഗ്രഹ ദാതാവായ അല്ലാഹുവിനോട് നന്ദിപറയാൻ സാധിക്കുകയില്ല. അബൂഹുറയ്‌റ(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ ഇങ്ങനെ കാണാം: “നബിﷺ പറഞ്ഞു: “ജനങ്ങളോട് നന്ദി കാണിക്കാത്തവൻ അല്ലാഹുവിനോട് നന്ദി കാണിക്കുകയില്ല.’’ (അബൂദാവൂദ്, തിർമിദി).