തബ്‌ലീഗുകാർ ചിന്തിക്കുക

അബ്ദുൽ മാലിക് സലഫി മൊറയൂർ

2024 ആഗസ്റ്റ് 31, 1446 സ്വഫർ 27

മങ്കടയിൽ നടന്ന തബ്‌ലീഗ് വിഷയത്തിലെ മുഖാമുഖത്തിനുശേഷം അവരിൽ ചിലരുടെ വ്യത്യസ്ത പ്രതികരണങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. അവിടെ ഉന്നയിക്കപ്പെട്ട വിഷയങ്ങളോട് ആരും പ്രതികരിക്കുന്നില്ല. മറ്റെന്തൊക്കെയോ പറഞ്ഞ് സ്വയം ആശ്വാസം കൊള്ളുകയാണ്. വളരെ ഗൗരവപ്പെട്ട വിഷയങ്ങളോട് എന്തേ ഇവർ ഒന്നും പ്രതികരിക്കാത്തത്? താഴെ കൊടുക്കുന്ന ചോദ്യങ്ങൾക്ക് തബ്‌ലീഗുകാർക്ക് എന്ത് ഉത്തരമാണ് പറയാനുള്ളത്?

1) മരിച്ചുപോയ നബിﷺയോട് ശഫാഅത്ത് ചോദിക്കണം എന്ന ശിർക്കൻ ആശയം തബ്‌ലീഗുകാർ പ്രചരിപ്പിക്കുന്നില്ലേ? 2) ശിർക്കൻ വരികളുള്ള മാലപ്പാട്ടുകൾ നിങ്ങളുടെ നേതാക്കൾ അംഗീകരിച്ചത് നിഷേധിക്കാനാവുമോ? 3) ശിർക്കൻ വരികളുള്ള ബുർദപ്പാട്ട് നിങ്ങളുടെ നേതാക്കൾ അംഗീകരിച്ചിട്ടില്ലേ?

4)നബിദിനാഘോഷമെന്ന ബിദ്അത്ത് നിങ്ങൾ ആചരിക്കുന്നില്ലേ? അത് ബിദ്അത്താണെന്നു പറഞ്ഞ നൂറുകണക്കിന് പണ്ഡിതന്മാരെ ഉദ്ധരിക്കാം. നബിദിനാഘോഷം ബിദ്അത്താണെന്ന് തബ്‌ലീഗുകാർ എഴുതുകയോ പറയുകയോ ചെയ്തത് കാണിക്കാമോ? 5) നബിﷺയെ വിളിച്ച് പ്രാർഥിക്കുന്ന മങ്കൂസ് മാലിദ് നിങ്ങളുടെ നേതാക്കൾ സ്വീകരിച്ചിട്ടില്ലേ? നിഷേധിക്കാനാവുമോ? 6) നബിﷺയുടെ ക്വബ്‌റാണ് പരിശുദ്ധ കഅ്ബയെക്കാൾ മഹത്ത്വമേറിയത് എന്ന തെറ്റായ വിശ്വാസം നിങ്ങൾ പ്രചരിപ്പിക്കുന്നില്ലേ? ഇതിന് വല്ല പ്രമാണവും നിങ്ങളുടെ കൈകളിലുണ്ടോ?

7) പരിശുദ്ധ കഅ്ബ അതിന്റെ സ്ഥാനത്തുനിന്ന് സഞ്ചരിച്ച് പല സ്ഥലത്തേക്കും പോയിട്ടുണ്ട് എന്ന വിചിത്ര വിശ്വാസം നിങ്ങൾ പഠിപ്പിക്കുന്നില്ലേ? എന്താണ് നിങ്ങളുടെ കൈയിൽ അതിന് പ്രമാണമുള്ളത്? 8) എല്ലാം അല്ലാഹുവാണ് (വഹ്ദത്തുൽ വുജൂദ്) എന്ന വാദം പറഞ്ഞ, മുസ്‌ലിം ലോകം കാഫിറായി പ്രഖ്യാപിച്ച പലരെയും നിങ്ങൾ മഹാന്മാരായി പരിചയപ്പെടുത്തിയിട്ടില്ലേ? അപ്പോൾ അവരുടെ കുഫ്‌രിയ്യത്തിന്റെ വാദങ്ങൾ നിങ്ങൾ അംഗീകരിക്കുന്നുണ്ടോ? 9) മരിച്ചവരെക്കൊണ്ട് തവസ്സുൽ ചെയ്യുന്ന തെറ്റായരീതി നിങ്ങൾ പഠിപ്പിക്കുന്നില്ലേ? ഇക്കാര്യം സ്ഥാപിക്കാൻ കള്ള ഹദീസുകൾവരെ നിങ്ങൾ പ്രചരിപ്പിക്കുന്നില്ലേ? നിങ്ങൾ പഠിപ്പിക്കുന്ന ഈ തെറ്റായ തവസ്സുലിന് ഒരു പ്രമാണം പറയാൻ നിങ്ങൾക്ക് കഴിയുമോ? 10) പിഴച്ച സൂഫീ ത്വരീഖത്തുകളെ നിങ്ങൾ സ്വീകരിച്ചിട്ടില്ലേ നിഷേധിക്കാനാവുമോ? ഇനിയുമുണ്ട് പറയാൻ.

ഈ പിഴച്ച വിശ്വാസങ്ങൾ കൊണ്ടുനടക്കുന്ന ആളുകളെ സമൂഹത്തിൽ തുറന്ന് കാണിക്കേണ്ട ബാധ്യത അഹ്‌ലുസ്സുന്നയുടെ പ്രബോധകന്മാർക്കുണ്ട്. ആ ബാധ്യത തികഞ്ഞ നസ്വീഹത്തോടെ അവർ നിർവഹിച്ചു. ശിർക്കൻ വിശ്വാസങ്ങൾ മനസ്സിൽ ഉണ്ടെങ്കിൽ, അവ ഉൾക്കൊള്ളുന്ന ഗ്രന്ഥങ്ങൾ നാം പ്രചരിപ്പിക്കുന്നുവെങ്കിൽ നമ്മൾ തൗഹീദിന്റെ ആളുകളാകുന്നതെങ്ങനെയാണ്?

ഇത് ഗുണകാംക്ഷയോടെ ചൂണ്ടിക്കാണിച്ചതുകൊണ്ട് സമൂഹത്തിൽ എന്ത് ഫിത്‌നയാണ് ഉണ്ടായത്? മുജാഹിദുകൾ ചൂണ്ടിക്കാണിച്ചു എന്നതാണോ പ്രശ്‌നം? എങ്കിൽ വേണ്ട, നിങ്ങൾ തന്നെ സ്വയം അങ്ങ് തിരുത്തിക്കോളൂ. എന്നിട്ട് ഈ പിഴച്ച വിശ്വാസങ്ങൾ പഠിപ്പിക്കുന്ന ഗ്രന്ഥങ്ങൾ സമൂഹത്തിൽനിന്ന് പിൻവലിക്കൂ. എന്നാൽ മുജാഹിദുകൾ ഇക്കാര്യം പറയുന്നത് നിർത്തും.

ഇത്തരം പിഴച്ച വിശ്വാസങ്ങൾക്കെതിരെ ആഞ്ഞടിച്ച പണ്ഡിതനായിരുന്നു ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ(റഹ്). അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പുണ്ടങ്കിൽ ഈ പിഴച്ച വിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ അദ്ദേഹം മൗനം പാലിക്കുമെന്ന് ആ മഹാന്റെ ചരിത്രം പഠിച്ച ഒരാളും പറയില്ല. ഇത്തരം വിശ്വാസങ്ങളെ സമൂഹത്തിൽ തുറന്ന് കാട്ടിയതുകൊണ്ട് തന്നെയാണ് പതിനായിരക്കണക്കിനാളുകൾ തൗഹീദിന്റെ വെളിച്ചത്തിലേക്ക് വന്നത്. അതാണ് മുജാഹിദുകളുടെ പ്രവർത്തനം മൂലം സമൂഹത്തിന് കിട്ടിയ ഏറ്റവും വലിയ നേട്ടം. അത് സംഘടന വളർത്താനല്ല. സംഘടന വളർത്താനാണെങ്കിൽ ആളുകൾക്ക് ഇഷ്ടമുള്ളത് മാത്രം പറഞ്ഞാൽ മതിയായിരുന്നു. മുജാഹിദുകളുടെ ഇത്തരം പ്രവർത്തനം ഇവിടെ ഇല്ലായിരുന്നുവെങ്കിൽ എന്താകുമായിരു സമുദായത്തിന്റെ അവസ്ഥ? തിന്മകൾക്കെതിരെ പരസ്യമായും രഹസ്യമായും പ്രതികരിക്കുക എന്നതാണ് നബിമാരുടെ രീതി. അതാണ് മുജാഹിദുകളുടെയും രീതി.