‘മതം വേണ്ട; മനുഷ്യനായാൽ പോരേ?’
മുആദ് പകര
2024 ഒക്ടോബർ 05, 1446 റ. ആഖിർ 02

മതം വേണ്ട, മനുഷ്യനായാൽ പോരേ?’ ലിബറൽ ചിന്ത മനസ്സിൽ കയറിയ പുതുതലമുറക്കാരുടെ ചോദ്യമാണിത്. കേൾക്കുമ്പോൾ തന്നെ ‘അതെ’ എന്ന് പറയാൻ തോന്നുന്ന ചോദ്യം. മനുഷ്യനാവുക എന്നത് പ്രധാനംതന്നെ! എങ്ങനെയാണീ ‘മനുഷ്യനാകൽ?’ ‘ഫിസിക്കലി’യാണെങ്കിൽ എല്ലാ മനുഷ്യരും മനുഷ്യർ തന്നെ.
‘നിയമവും നിയമാവലികളും ഭരണഘടനയും ഭരണാധികാരികളും ഇനി നമ്മുടെ രാജ്യത്ത് വേണ്ട, എല്ലാവരും മനുഷ്യനായി ജീവിച്ചാൽ മതി’ എന്ന ആശയത്തോട് ആർക്കെങ്കിലും യോജിക്കാൻ കഴിയുമോ? ഒരിക്കലുമില്ല. കാരണം അങ്ങനെയുള്ള ഒരു രാജ്യത്തിന് നിലനിൽക്കാൻ സാധിക്കില്ല. അവിടെ സമാധാനജീവിതം അസാധ്യമായിരിക്കും. ഓരോരുത്തരും അവനവന്റെ ഇഛയ്ക്കനുസരിച്ച് ജീവിക്കും. തോന്നിയതൊക്കെ ചെയ്യും. അരുതെന്നു പറയാനും ശിക്ഷിക്കാനും ആരുമില്ലെങ്കിൽ സർവവിധ അക്രമങ്ങളും പെരുകും. നീതി നടപ്പിലാക്കുന്ന അധികാരികളില്ലെങ്കിൽ ആർക്കാണ് നീതി ലഭിക്കുക?
‘മനുഷ്യനായാൽ പോരേ’ എന്നു ചോദിക്കുന്നവർ എങ്ങനെയാണീ ‘മനുഷ്യനാകൽ’ എന്നു വ്യക്തമാക്കണം. നേരത്ത സൂചിപ്പിച്ചതുപോലെ, ശാരീരികമായി എല്ലാവരും മനുഷ്യർ തന്നെയാണ്. എന്നാൽ മനുഷ്യനെ മനുഷ്യനാക്കുന്ന കുറെ ഗുണങ്ങളുണ്ട്; മനുഷ്യനെ മൃഗങ്ങളിൽനിന്നും വ്യതിരിക്തമാക്കുന്ന ഉദാത്ത ഗുണങ്ങൾ. അവ ഒത്തുചേരുമ്പോഴാണ് ഒരാൾ യഥാർഥ മനുഷ്യനാകുന്നത്. ആ ഗുണങ്ങൾ പഠിപ്പിക്കുന്നത് മതമാണ്.
ജന്തുജാലങ്ങൾ വസ്ത്രം ധരിക്കാറില്ല. ലൈംഗികബന്ധത്തിന്റെ കാര്യത്തിൽ അവയ്ക്ക് നിയന്ത്രണങ്ങളോ വിലക്കുകളോ ഇല്ല. ആയിരക്കണക്കിന് ആളുകൾ കൂടിയ സ്ഥലത്തുവച്ചും അവരത് സാധിക്കും. അച്ഛൻ, അമ്മ, മകൻ, മകൾ എന്ന വേർതിരിവൊന്നും അതിൽ കാണിക്കില്ല. എന്നാൽ മനുഷ്യർ അങ്ങനെയല്ല. അത് മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസങ്ങളിൽ ഒന്നാണ്. ഈ വേർതിരിവ് വേണം എന്നു പഠിപ്പിക്കുന്നത് മതമാണ്. മതം വേണ്ട എന്നു പറയുന്ന സ്വതന്ത്ര വാദികൾ ധാർമിക മൂല്യങ്ങളെയെല്ലാം നിഷേധിക്കുന്നവരാണ്. ആരുമായും ലൈംഗിക ബന്ധമാകാം എന്ന വാദക്കാരാണ്. ശരീരത്തിന്റെ നഗ്നത പ്രദർശിപ്പിച്ചു നടക്കൽ പുരോഗമനത്തിന്റെ അടയാളമാണ് എന്നു പറയുന്നവരാണ്.
‘ദൈവിക നിയമങ്ങളിൽ മാത്രമല്ല മനുഷ്യനിർമിത ഭൗതികനിയമങ്ങളിലും സദാചാരവിരുദ്ധ പ്രവർത്തനങ്ങൾ തടയുവാൻ നിയമങ്ങളുണ്ട്’ എന്ന് യുക്തിവാദികൾ പറയാറുണ്ട്. അവനവനു തോന്നുന്നതെന്തോ അതെല്ലാമാണല്ലോ യുക്തിവാദിയുടെ സദാചാരം. യുക്തിവാദി നേതാവായിരുന്ന എം.സി.ജോസഫ് പറഞ്ഞു: ‘സദാചാരബോധത്തിനടിസ്ഥാനം ബുദ്ധിശക്തിയുടെയും യുക്തിബോധത്തിന്റെയും സ്വതന്ത്ര പ്രവർത്തനമാണ്.’
യുക്തിബോധത്തിൽനിന്ന് ഉടലെടുക്കുന്നതെല്ലാം സദാചാരമാണെന്ന യുക്തിവാദികളുടെ ആശയം സമൂഹം ഉൾക്കൊണ്ടാൽ എന്തായിരിക്കും ലോകത്തിന്റെ അവസ്ഥ? അമ്മയെ തല്ലുന്നവനും മക്കളെ കൊല്ലുന്നവനും തന്റെ യുക്തിബോധത്തിന്റെ അടിസ്ഥാനത്തിലാണതു ചെയ്തതെന്നും അത് യുക്തിവാദ സദാചാരമാണെന്നും പറയാമല്ലോ!
യുക്തിവാദികളുടെ യുക്തിരഹിതമായ സദാചാര സങ്കൽപത്തിനു വെല്ലുവിളിയായി നിലകൊള്ളു ന്നത് ഇസ്‌ലാം മാത്രമാണ്. സദാചാരത്തെക്കുറിച്ചുള്ള യുക്തിവാദ വീക്ഷണവും ഇസ്‌ലാമികവീക്ഷണവും പരിശോധനാവിധേയമാക്കിയാൽ ഇക്കാര്യം വ്യക്തമാകും.

