ഒരു കുഞ്ഞുമനസ്സ് നൽകിയ വലിയ സന്ദേശം

അലവിക്കുട്ടി ചെമ്മിളി

2024 ഏപ്രിൽ 27, 1445 ശവ്വാൽ 18

"നമ്മൾ ജീവിതത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുമ്പോൾ, കുട്ടികൾ ജീവിതം യഥാർഥത്തിൽ എന്താണെന്ന് നമ്മെ പഠിപ്പിക്കുന്നു.’’

ഇക്കഴിഞ്ഞ ഈദുൽ ഫിത്വ‌്ർ ദിനം കണ്ണു തുറപ്പിക്കുന്ന ഒരു അനുഭവമായിരുന്നു എനിക്കു സമ്മാനിച്ചത്. ദുബായിൽ ജോലി ചെയ്യുന്ന മകളുമൊത്ത് ഒന്നിച്ചുകൂടാൻ പോയതായിരുന്നു. അതിരാവിലെ പെരുന്നാൾ നമസ്‌കാരത്തിനായി ഷാർജയിലേക്ക് എത്താനാകുമോ എന്ന ആശങ്കയിലായിരുന്നു ഞാൻ. മരുമകൻ എന്റെ ആശങ്ക മനസ്സിലാക്കി കാറിന്റെ വേഗത കൂട്ടിക്കൊണ്ടു 22 മിനിറ്റുകൊണ്ട് എത്താനാകുമെന്ന് പറഞ്ഞപ്പോൾ ആശ്വാസമായി. വളരെ നാളായുള്ള ഒരാഗ്രഹമായിരുന്നു ഹുസൈൻ സലഫിയുടെ ഷാർജ ഈദ്ഗാഹിൽ പങ്കെടുക്കുക എന്നത്. ഈദ്ഗാഹിൽ എത്താനായപ്പോൾ നാനാഭാഗത്തുനിന്നും വണ്ടിയി റങ്ങി നടക്കുന്ന കുടുംബങ്ങളെയും കുട്ടികളെയും റോഡരികിൽ കണ്ടുതുടങ്ങി. ഞാനും കുടുംബവും കാറിൽനിന്നുമിറങ്ങി നടക്കാൻ തുടങ്ങി.

രണ്ടുഭാഗത്തും വിശാലമായ പച്ചപ്പരവതാനി വിരിച്ച പ്ലേ ഗ്രൗണ്ടുകൾ വേർതിരിക്കുന്ന കമ്പിവേലിക്ക രികിലൂടെ ജനസാഗരത്തോടൊപ്പം നടന്നപ്പോൾ ലക്ഷ്യസ്ഥാനത്ത് എത്തിയത് അറിഞ്ഞതേയില്ല. വളന്റിയർമാർ സ്ത്രീകളെയും പുരുഷന്മാരെയും അവർക്കായി ഒരുക്കിയ സ്ഥലങ്ങളിലേക്കു നയിച്ചു. അത്രയധികം മലയാളി കുടുംബങ്ങളെ ഒന്നിച്ചു കണ്ടപ്പോൾ റബ്ബിനെ സ്തുതിച്ചു.

6.30ന് നമസ്‌കാരം ആരംഭിച്ചു. നമസ്‌കാരം കഴിഞ്ഞപ്പോൾ ഹുസൈൻ സലഫിയുടെ ഖുത്വുബ കേൾക്കാനായി എല്ലാവരും ഇരുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്രഷ്ടാവിനെ സൂക്ഷിച്ചു ജീവിക്കുവാനും നോമ്പിലൂടെ നേടിയെടുത്ത ആത്മചൈതന്യം നിലനിർത്തുവാനും ഖുത്വുബയിലൂടെ അദ്ദേഹം ആഹ്വാനം ചെയ്തു. വാർത്താ മാധ്യമങ്ങളോട് സംസാരിക്കവെ രാജ്യം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും ഫാസിസ്റ്റ് വത്കരണത്തെക്കുറിച്ചും സമ്മതിദാനാവകാശം ഉൾക്കാഴ്ചയോടെ വിനിയോഗിക്കേണ്ടതിനെക്കുറിച്ചും അദ്ദേഹം ഓർമപ്പെടുത്തി.

രാത്രിയിൽ ദുബായ് ‘ബ്ലൂ വാട്ടേർസ്’ കാണാനായി മറ്റു ചില ഫാമിലികളോടൊപ്പം പുറപ്പെട്ടു. കാഴ്ച കൾ നടന്നു കണ്ടിരിക്കവെ കൂട്ടത്തിലുള്ള ഒരു കുട്ടി വിശക്കുന്നുവെന്ന് പറഞ്ഞ് അസ്വസ്ഥനായി. രാത്രി 9 മണിക്കുതന്നെ ഉറങ്ങുന്ന കൂട്ടത്തിലായിരുന്നു അവൻ. എനിക്കൊപ്പം മകളുടെ കുട്ടിയുമുണ്ട്. 8-9 വയസ്സു പ്രായക്കാരായിരുന്നു അവർ. നമുക്ക് അടുത്ത് കാണുന്ന റസ്റ്റോറന്റിൽനിന്ന് കഴിക്കാമെന്നു പറഞ്ഞ് അവന്റെ കൈ പിടിച്ചു ഞാൻ നടക്കാൻ തുടങ്ങി. മറ്റൊരു കുട്ടിയും കൂടെയുണ്ടായിരുന്നു. മകൾ അവളെ യൂട്യൂബ് വ്‌ളോഗറാണെന്ന് പറഞ്ഞു പരിചയപ്പെടുത്തി. അവളുടെ സംസാരം തന്നെ ആകർഷണീയമായിരുന്നു. പേര് അംറ. ‘മാക്ക് കഫെ’യുടെ ഒരു ഔട്ട്‌ലെറ്റ് കണ്ടപ്പോൾ ഞങ്ങളങ്ങോട്ടു നീങ്ങി. സാൻഡ്‌വിച്ചും ബർഗറും കഴിക്കാമെന്ന് കരുതി ഉള്ളിലേക്ക് കടന്നപ്പോൾ അംറ അവൾക്ക് ഒന്നും വേണ്ടെന്ന് പറഞ്ഞു. ‘എന്താ മോളേ, ചിക്കൻ കഴിക്കില്ലേ’ എന്ന് ഞാൻ ചോദിച്ചപ്പോൾ തലതാഴ്ത്തി പതുങ്ങിയ സ്വരത്തിൽ അവൾ എന്നോട് പറഞ്ഞു: ‘ഇസ്രായേലിന്റെതല്ലേ?’ 60 കഴിഞ്ഞ ഞാൻ ആ പിഞ്ചു ബാലികയുടെ മുമ്പിൽ തലകുനിച്ചുപോയി. ഒന്നും മിണ്ടാതെ അവളുടെ അരികത്ത് ഞാനും ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഓർഡർ ചെയ്ത വിഭവങ്ങളെത്തി. ബർഗർ മാറ്റിവച്ച് സാൻവിച്ച് അവൾക്ക് കൈമാറി. എനിക്കു വേണ്ടെന്ന് അവൾ ആവർത്തിച്ചു. ഏറെ നിർബന്ധിച്ചപ്പോൾ അവൾ അത് വാങ്ങി. മറ്റു കുട്ടികൾ വളരെ ആനന്ദത്തോടെ ഫ്രഞ്ച് ഫ്രൈസും ബർഗറും മറ്റും കഴിക്കുമ്പോൾ അംറ സാൻവിച്ച് രണ്ടോ മൂന്നോ തവണ കടിച്ച് മതിയെന്ന് പറഞ്ഞു. ഞാൻ അവളുടെ ഉമ്മയോട് ബാക്കി വാങ്ങാനായി ആവശ്യപ്പെട്ടു. പിന്നീട് ഉമ്മയുടെ ഇരിപ്പിടത്തേക്ക് അവൾ നീങ്ങി. അങ്കിൾ കഴിക്കാൻ നിർബന്ധിച്ചതുകൊണ്ടാണ് കഴിച്ചെതെന്നും പറഞ്ഞു അവൾ വിതുമ്പിക്കരഞ്ഞു. എനിക്ക് ഏറെ പ്രയാസമായി. ഈ കുഞ്ഞിന്റെ കാര്യബോധംപോലും എനിക്കില്ലാതെ പോയല്ലോ!

അടുത്ത ദിവസവും ഈ സംഭവം എന്നെ ഏറെ ചിന്തിപ്പിച്ചു. എന്റെ മെഡിക്കൽ ഷോപ്പിൽ ‘നെസ്‌ലേ’ യുടെ ബേബി പ്രോഡക്ടുകൾ ദിനേന ധാരാളം വിറ്റഴിക്കപ്പെട്ടിരുന്നു. പതിനായിരത്തിലേറെ കുഞ്ഞുങ്ങളെ യും സ്ത്രീകളെയും കൊല ചെയ്ത, ഇപ്പോഴും കൊല തുടർന്നുകൊണ്ടിരിക്കുന്ന ഇസ്രായേലിന്റെ ഉൽപന്നങ്ങൾ വിൽക്കുന്ന എനിക്ക് എന്നോടുതന്നെ പുച്ഛം തോന്നി. ഇനിമേൽ അവ എന്റെ കടയിൽ വിൽക്കില്ലെന്നു തീരുമാനിച്ച് ആ പിഞ്ചു മിടുക്കിയോട് ഞാൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.