മലപ്പുറത്തിന്റെ മണ്ണിൽ വർഗീയത ചികയുന്നവരോട്
റഹ്മാൻ മധുരക്കുഴി
2024 നവംബർ 23, 1446 ജു. ഊലാ 21

മലപ്പുറം ജില്ലയിൽ സ്വർണക്കള്ളക്കടത്തിലും ഹവാല പണമിടപാടുകളിലും പിടിയിലാകുന്നവരിൽ 99 ശതമാനവും മുസ്‌ലിംകളാണെന്ന കെ.ടി.ജലീലിന്റെ പ്രസ്താവന ഒരു നാടിനെയും സമുദായത്തെയും അപകീർത്തിപ്പെടുത്തുന്നതാണെന്ന വിമർശനം ഉയർന്നുവന്നിരിക്കയാണ്. മലപ്പുറം ജില്ലയുടെ രൂപീകരണനാൾ മുതൽ തുടങ്ങിയതാണ് സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളിൽനിന്നും ആ ജില്ലക്കെതിരെയുള്ള അപവാദ പ്രചാരണങ്ങൾ.
മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ പണ്ട് യു.ഡി.എഫ് സ്ഥാനാർഥി വിജയിച്ചപ്പോൾ ആ വിജയം വംശീയതയുടെ വിജയമാണെന്ന് സി.പി.എം തട്ടിവിടുകയുണ്ടായി. കാരണം പറഞ്ഞത് ജില്ലയിലെ വോട്ടർമാരിൽ ഭൂരിപക്ഷവും മുസ്‌ലിംകളാണ് എന്നതായിരുന്നു. എന്നാൽ ജില്ലയിലെ ഭൂരിപക്ഷം മുസ്‌ലിംകളും ടി.കെ.ഹംസക്ക് വോട്ടുചെയ്ത് ടിയാൻ ജയിച്ചപ്പോൾ അത് മതേതരത്വത്തിന്റെ വിജയമെന്നായിരുന്നു സി.പി.എം ഉദ്‌ഘോഷിച്ചത്.
മത സൗഹാർദത്തിന്റെയും സമാധാനപരമായ സഹവർത്തിത്വത്തിന്റെയും കേളീരംഗമായ ഒരു പ്രദേശത്തെ അപ്പാടെ വർഗീയതയുടെ കേന്ദ്രമെന്ന് വിശേഷിപ്പിക്കുന്നതിൽ മുൻപന്തിയിൽ നിലയുറപ്പിച്ചിരുന്നത് സംഘപരിവാരങ്ങളായിരുന്നു. കേരളത്തിൽ - പ്രത്യേകിച്ച് മലപ്പുറത്ത്-ന്യൂനപക്ഷ ഹിന്ദുസമൂഹം സുരക്ഷിതരല്ലെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ മലപ്പുറത്ത് സ്ഥിരം പട്ടാളക്യാമ്പ് സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടണമെന്നും ബി.ജെ.പി ദേശീയ നിർവാഹകസമി തി അംഗം പി.കെ.കൃഷ്ണദാസ് ഒരിക്കൽ ആവശ്യപ്പെടുകയുണ്ടായി. (മാതൃഭൂമി 21.04.2018).
ഇന്ത്യാരാജ്യത്ത് മതസൗഹാർദവും സാമുദായിക മൈത്രിയും ഏറ്റവും ഉയർന്നതോതിൽ നിലനി ൽക്കുന്ന സംസ്ഥാനമാണ് കേരളം എന്നത് പരക്കെ അംഗീകരിക്കപ്പെട്ട യാഥാർഥ്യമാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നൂറുകണക്കിന് വർഗീയ കലാപങ്ങൾ നടമാടിയപ്പോൾ കാര്യമായ ഒരു കലാപവും നടക്കാതെ നിലനിന്നുപോന്ന സംസ്ഥാനമാണ് സൗഹൃദകേരളം. ലോക രാഷ്ട്രങ്ങളിൽ രാജ്യത്തിന്റെ യശസ്സിന് കളങ്കം ചാർത്തിയ ബാബരി മസ്ജിദ് ധ്വംസനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ പലഭാഗത്തും അനിഷ്ട സംഭവങ്ങൾ അരങ്ങേറിയപ്പോഴും കേരളം വ്യത്യസ്തമായ ചിത്രമാണ് കാഴ്ചവെച്ചത്. ഈ സൗഹാർദാന്തരീക്ഷം കോട്ടംതട്ടാതെ കേരളം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെയപേക്ഷിച്ച് ഏറ്റവും കൂടുതൽ ഇസ്‌ലാമിക സംഘടനകളും സ്ഥാപനങ്ങളുമുള്ള സംസ്ഥാനമായ കേരളമാണ് വർഗീയ കലാപങ്ങൾ ഏറ്റവും കുറഞ്ഞ സ്ഥലമെന്നും, ഇന്ത്യയിൽ ജീവിക്കാൻ ഏറ്റവും സുരക്ഷിതത്വമുള്ള സ്ഥലമെന്നും ഡി.ജി.പിമാരുടെ വാർഷിക ദേശീയ കോൺഫറൻ സിൽ ഇന്റലിജൻസ് ബ്യൂറോ സമർപ്പിച്ച റിപ്പോർട്ട് (ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്, 2002 നവംബർ 19) അനിഷേധ്യമായ ഈ യാഥാർഥ്യമാണ് ഉദ്‌ഘോഷിക്കുന്നത്.
ഇന്റലിജൻസ് വിഭാഗം സമർപ്പിച്ച ഉപരിസൂചിത റിപ്പോർട്ടിൽ പറയുന്ന കേരളത്തിലെ 14 ജില്ലകളിൽ മുസ്‌ലിം ജനസംഖ്യയിലും ഇസ്‌ലാമിക സംഘടനകളുടെയും മുസ്‌ലിം സ്ഥാപനങ്ങളുടെയും ആധിക്യത്തിലും പ്രഥമസ്ഥാനം വഹിക്കുന്ന മലപ്പുറം ജില്ലയാണ് മതസൗഹാർദത്തിലും മുന്നിൽ നിൽക്കുന്നതെന്ന് അനുഭവസ്ഥർ ഉച്ചത്തിൽ വിളിച്ചുപറയുന്നു.
ഏതാനും വർഷം മലപ്പുറം ജില്ലയിൽ സേവനമനുഷ്ടിച്ച മുൻ പോലീസ് സൂപ്രണ്ട് സേതുരാമൻ പറയുന്നത് നോക്കൂ: “4 വർഷം മലപ്പുറത്തെ പോലീസ് തലപ്പത്തിരുന്നതിന്റെ അനുഭവത്തിൽ മുസ്‌ലിംകളുടെ എണ്ണം കൂടിയാൽ എല്ലാ അർഥത്തിലും ജീവിക്കാൻ നല്ല മണ്ണായി കേരളം മാറുമെന്ന് പറയാനാവും. പരസ്പര സഹായത്തിന് എപ്പോഴും തയ്യാറാവുന്ന പച്ചമലയാളിയെ മാത്രമെ മലപ്പുറത്ത് കാണാനാവൂ. ദക്ഷിണേന്ത്യയിലെ മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്ത് സാമുദായിക ലഹളയുടെ ചരിത്രമേയില്ല’’ (സേതുരാമന്റെ ഫേസ്ബുക്ക് പോസ്റ്റിൽനിന്ന്, ഉദ്ധരണം; മാധ്യമം 11.7.2007).
മലപ്പുറം എസ്.പി.യായിരുന്ന തരുൺ കുമാറിന്റെ വാക്കുകളിങ്ങനെ: “കഴിഞ്ഞകാലത്തെ എന്റെ സേവന ജീവിതത്തിൽ മലപ്പുറത്തുള്ളവരെ പോലുള്ള നല്ല മനുഷ്യരെ കണ്ടിട്ടില്ല. ഭാവിയിലും കാണാൻ കഴിയില്ല. ഇരു വിഭാഗത്തെയും അക്രമികൾ ഏറെ പ്രകോപനങ്ങൾ ഉണ്ടാക്കിയിട്ടും ഇത് കലാപമായി പടരാതിരുന്നത് മലപ്പുറത്തായതുകൊണ്ട് മാത്രമാണ്. മറ്റെവിടെയായിരുന്നാലും ഒരു കലാപത്തിന് മതിയായ കാരണമാകുമായിരുന്നു’’ (തിരൂരിൽ നടന്ന സർവകക്ഷി യോഗത്തിലെ പ്രസംഗത്തിൽനിന്ന്).
മലപ്പുറത്തിന് ഭീകരതയുടെ ഭയപ്പാടുണ്ടെന്ന പ്രചാരണത്തിന് വലിയ പഴക്കമുണ്ടെന്നും എന്നാൽ ഈ പ്രചരണം ശുദ്ധ അസംബന്ധമാണെന്നും അതിൽ അനുഭവമാണ് തന്റെ ഗുരുവെന്നുമാണ് പ്രശസ്ത കവി മണമ്പൂർ രാജൻ ബാബു ആണയിട്ട് പറയുന്നത്. മലപ്പുറം ജില്ലയിലെ ഭൂരിപക്ഷം മുസ്‌ലിംകളും തീവ്രമായ മതവികാരത്തിനോ വിഭാഗീയതക്കോ വശംവദരല്ലെന്നാണ് ദേശാഭിമാനി മുഖ്യലേഖകൻ പി.എം.മനോജ് നിരീക്ഷിക്കുന്നത്. (ദേശാഭിമാനി 14.01.2002).
‘മലപ്പുറം, മധുരിക്കുന്ന ഓർമകൾ’ എന്ന ശീർഷകത്തിൽ വി.എസ് ബാലകൃഷ്ണപിള്ള മാധ്യമത്തിൽ എഴുതി: “മലപ്പുറം ബ്ലോക്കിലെ ഒരു ഉദ്യാഗസ്ഥനായി 5 വർഷം മലപ്പുറത്ത് ജോലി ചെയ്തിരുന്ന എനിക്ക് മലപ്പുറത്തുകാരിൽനിന്ന് ലഭിച്ച സ്‌നേഹോഷ്മളമായ പെരുമാറ്റവും മലബാർ കലാപ കാലത്ത് ബ്രിട്ടീഷ് സൈന്യത്തിന്റെ ആക്രമണത്തിൽനിന്ന് പല ഹിന്ദു കുടുംബങ്ങളേയും സംരക്ഷിച്ച മുസ്‌ലിം യോദ്ധാക്കളുടെ മതേതര മനോഭാവവും ഏറെ പ്രശംസനീയമാണ്.’’
മലപ്പുറം ജില്ലയിലെ സ്വർണം കള്ളക്കടത്ത്-ഹവാലക്കാരിൽ ഭൂരിപക്ഷവും മുസ്‌ലിംകളാണെന്ന് പ്രസ്താവിച്ച വ്യക്തി ‘മലപ്പുറം ജില്ലയിൽ മദ്യത്തിന്റെ ഉപയോഗം താരതമ്യേന കുറവാണെന്നും പലിശ വാങ്ങാത്തവരാണ് വളരെയേറെ പേരെന്നും അതൊക്കെ മതപരമായ ചിട്ടയുടെകൂടി ഫലമാണെന്നും’ (കെ.ടി.ജലീൽ മാതൃഭൂമി 8.10.2024) പറയാൻ സന്മനസ്സ് കാണിച്ചിരിക്കുന്നു. ആത്മഹത്യ ഏറ്റവും കുറഞ്ഞ ജില്ല മുസ്‌ലിം ഭൂരിപക്ഷ മലപ്പുറം ജില്ലയാണെന്നും, വൃദ്ധസദനങ്ങൾ വിരലിലെണ്ണാവുന്നത്രയേ ഇവിടെയു ള്ളുവെന്നുമുള്ള വിവരം മുൻ മന്ത്രിയുടെ അറിവിലേക്കായി ഇവിടെ കുറിച്ചുകൊള്ളുന്നു.

