വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കണം

ടി.കെ അശ്റഫ്

2024 ഡിസംബർ 14, 1446 ജു. ഉഖ്റാ 13

വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾ അനിശ്ചിതാവസ്ഥയിലാകുന്നത് ഖേദകരമാണ്. അഞ്ച് മാസം പിന്നിട്ടിട്ടും ഈ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വ്യക്തത നൽകാതെ പോകുന്നത് ശരിയല്ല. എത്രയോ പേരുടെ ജീവൻ പൊലിഞ്ഞു പോയ ഈ ദുരന്തത്തിൽ കേന്ദ്ര- കേരള സർക്കാറുകൾ തമ്മിൽ പഴിചാരിക്കൊണ്ട് പൊതുജനങ്ങളെ വിഡ്ഢികളാക്കുന്ന രീതി ഒട്ടും അഭികാമ്യമല്ല.

ഈ വിഷയത്തിൽ ഹൈക്കോടതിക്ക് സർക്കാറിനെ രൂക്ഷമായ ഭാഷയിൽ വിമർശിക്കേണ്ട സാഹചര്യം ഉണ്ടാക്കിയതും നിർഭാഗ്യകരമാണ്. നിരാലംബരായവരെ സഹായിക്കേണ്ടത് കോടതിയും സമൂഹവും സമ്മർദം ചെലുത്തിയതിന് വിധേയമായിക്കൊണ്ടല്ല; മനസ്സറിഞ്ഞ് ആരുടെയും സമ്മർദത്തിന് കാത്തു നിൽക്കാതെ ചെയ്യേണ്ട ഉത്തരവാദിത്തമാണ്.

സന്നദ്ധ സേവന സംഘടനകൾ വൻതോതിൽ വയനാട്ടിൽ സഹായിക്കാമെന്ന് ഏറ്റിട്ടുണ്ട്. പലരും പ്രോജക്ടുകൾ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അവർക്കുപോലും പ്രവർത്തന പദ്ധതികളുമായി മുന്നോട്ടു പോകാൻ കഴിയാത്തവിധം സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നയപരമായ ആശയക്കുഴപ്പം നിലനിൽക്കു ന്നത് ഒരു നിലയ്ക്കും ന്യായീകരിക്കാവുന്നതല്ല. സർക്കാരിന്റെ ദുരിതാശ്വാസനിധിയിലും സന്നദ്ധ സേവന സംഘടനകളുടെ അടുത്തും വയനാടിന് വേണ്ടി കളക്ട് ചെയ്ത കാശ് ഉണ്ടായിരിക്കെ, ഭരണകൂടത്തിന്റെ മെല്ലെപ്പോക്ക് നയം കാരണം പ്രോജക്ട് യാഥാർഥ്യമാകാതെ പോകുന്നത് ന്യായീകരിക്കാവുന്ന കാര്യമല്ല.

ഇക്കാര്യത്തിൽ ഭരണപക്ഷത്തിന് എന്നപോലെ പ്രതിപക്ഷത്തിനും വലിയ റോളുണ്ട്. വയനാട് എംഎൽഎ ഈ വിഷയത്തിൽ ശക്തമായ ഫോളോഅപ്പുമായി മുന്നോട്ടു പോകണം. എവിടെയാണ് തടസ്സം വരുന്നത് എന്ന് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും പരിഹാരമില്ലെങ്കിൽ പൊതുജനങ്ങളോട് വിഷയം തുറന്നു പറയണം. ഇതിൽ ഉത്തരവാദിത്ത ലംഘനം നടത്തുന്ന സംവിധാനങ്ങളെ പൊതുസമൂഹത്തിൽ വിചാരണ ചെയ്യണം. തിന്നുകയും തീറ്റിക്കുകയും ചെയ്യാത്ത നിലപാട് അവസാനിപ്പിക്കണം.